അഗളി:സംസ്ഥാനം സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തുമ്പോള്‍ ഏറ്റവും വലിയ ആദിവാസി കേന്ദ്രമായ അട്ടപ്പാടിയില്‍ നൂറുകണക്കിന് വീടുകള്‍ ഇരുട്ടില്‍.
മാത്രമല്ല പ്രദേശത്തെ കെഎസ്ഇബി ഓഫീസുകളിലെത്തുന്ന ഉപഭോക്താക്കളെ വിവിധ കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയോ വലക്കുകയോ ചെയ്യുന്നതായും പരാതിയുണ്ട്.
കഴിഞ്ഞരണ്ടുമാസമായി വൈദ്യുതീകരണത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന്റെ എണ്ണം കുറഞ്ഞതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി പോസ്റ്റില്ല, സാധനസാമഗ്രികള്‍ക്കുള്ള കുറവ്, അപേക്ഷാ തിയ്യതി അവസാനിച്ചു തുടങ്ങിയ മുട്ടുന്യായങ്ങളാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പൊതുവേ വിദ്യാഭ്യാസം കുറഞ്ഞ ആദിവാസികളാകട്ടെ ഇവരുടെ വാക്കുകള്‍ കേട്ട് തിരിച്ചുപോവുകയാണ് പതിവ്. വൈദ്യുതീകരണത്തിനുള്ള അപേക്ഷ ലഘൂകരിച്ചുവെന്ന് പറയുന്നത് പത്രപരസ്യങ്ങളില്‍ മാത്രം.
മുന്‍കാലങ്ങളില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ് കോപ്പി, നൂറുരൂപാ സ്റ്റാമ്പ് പേപ്പറില്‍ എഗ്രിമെന്റ് എന്നിവ ഉണ്ടെങ്കില്‍ കണക്ഷന് ലഭിക്കുമായിരുന്നു.
എന്നാല്‍ ഇന്നുകാണുന്ന ചിത്രം വേറെയാണ്. ഈ രേഖകള്‍ക്കു പുറമേ ജനങ്ങള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത 200 രൂപയുടെ അഡ്ഹെസീവ് സ്റ്റാമ്പ്,വരുമാന സര്‍ട്ടിഫിക്കറ്റ്,ആധാര്‍കാര്‍ഡ്,പാസ്പോര്‍ട്ട് സൈസ് ഫോട്ടോ,തൊട്ടടുത്തുള്ള ഉപഭോക്താവിന്റെ കണ്‍സ്യൂമര്‍ നമ്പര്‍, നികുതി രശീതിയുടെ കോപ്പി എന്നിവയെല്ലാം ഹാജരാക്കേണ്ടതാണ്.
മാത്രമല്ല പാവം ഇവര്‍ തന്നെ വാഹനം വാടകക്കെടുത്ത് ഓവര്‍സീയറെ സ്ഥലത്തേക്ക് കൊണ്ടുപോവുകയും വേണം. പലപ്പോഴും ഇവര്‍ വരുന്ന സമയം ഓവര്‍സീയര്‍ ഇല്ലെങ്കില്‍ വീണ്ടും വരേണ്ടി വരും.
പോസ്റ്റുകള്‍ സ്ഥാപിക്കേണ്ടതില്ലാത്ത ഏകദേശം ആയിരത്തഞ്ഞൂറോളം അപേക്ഷകള്‍ നിബന്ധനകളുടെ കാര്‍ക്കശ്യം കാരണം നല്‍കിയിട്ടില്ല. എംപിമാരുടെ ഗ്രാമം ദത്തെടുക്കല്‍ പദ്ധതിയില്‍ പുതൂര്‍ പഞ്ചായത്തിനെ എം.ബി.രാജേഷ് ദത്തെടുത്തിട്ടുള്ളത്. ഇവിടെ അപേക്ഷിച്ച എല്ലാവര്ക്കും വൈദ്യുതി കണക്ഷന് നല്‍കിയെന്നാണ് ഇന്നലെ എംപി പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടത്.
വിദൂര ഊരുകളില്‍ ടിഎസ്പിയില്‍ ഉള്‍പ്പെടുത്തി സോളാര്‍ കണക്ഷന് നല്‍കുമെന്നും പറയുന്നു. കണക്ഷന് നല്‍കുന്നതിനായി എംപിഫണ്ടില്‍ നിന്നും തുക അനുവദിച്ചതായി രേഖകളിലുണ്ട്. അതേസമയം ഇത് വൈദ്യുതി ഓഫീസില്‍ അടക്കുകയോ,വീടുകളില്‍ വയറിംഗ് ജോലികള്‍ നടത്തുകയോ ഉണ്ടായിട്ടില്ല.
ചിലര്‍ സ്വന്തം കയ്യില്‍ നിന്നും പണംമുടക്കി വയറിംഗ് നടത്തിയെങ്കിലും പ്രസ്തുത തുക ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും നാളിതുവരെ ലഭിച്ചിട്ടില്ല.
ഇതുമൂലം പലരും വീടുകള്‍ വയറിംഗ് നടത്തുവാന്‍ മടികാണിക്കുകായണ്.
ഇനിയും അട്ടപ്പാടിയില്‍ വൈദ്യുതി എത്താത്ത ഊരുകളും വീടുകളും ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: