നൂഗ (നൂഗട്ട്) സ്മാര്‍ട്ട് ഫോണുകളില്‍ വ്യാപകമാകുന്നതിനുമുമ്പേ പുതിയ ആന്‍ഡ്രോയ്ഡ് വെര്‍ഷനുമായി ഗൂഗിള്‍ എത്തുന്നു. പണിപ്പുരയിലുള്ള പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ് ‘ഒ’ എന്ന അക്ഷരത്തിലായിരിക്കും തുടങ്ങുക. തൊട്ടുമുമ്പത്തെ വെര്ഷന് സ്പെയിനിലെ പലഹാരമായ നൂഗ തിരഞ്ഞെടുത്ത പോലെ ഏതെങ്കിലും രാജ്യത്തെ പലഹാരത്തിന്റെ പേര് തന്നെയായിരിക്കും പുതിയ വെര്‍ഷനും. എന്നാല്‍, പേരിടുന്നതിലുപരി, എന്തൊക്കെ പുതിയ ഫീച്ചറുകളുമായാണ് ‘ഒ’വരുന്നത് എന്നാണ് സ്മാര്‍ട്ട് ഫോണ്‍ വിപണി ഉറ്റുനോക്കുന്നത്.
ആന്‍ഡ്രോയ്ഡ് ഒ വെര്‍ഷന്റെ ആദ്യ പ്രിവ്യൂ പതിപ്പ് ആന്‍ഡ്രോയ്ഡ് ഡവലപ്പര്‍മാര്‍ക്കായി ഗൂഗിള്‍ പുറത്തിറക്കി. പിക്ചര്‍ ഇന്‍ പിക്ചര്‍ (പിഐപി) സംവിധാനമാണ് പുതിയ വെര്‍ഷന്റെ ഏറ്റവും വലിയ പ്രത്യേകത. മള്‍ട്ടി ടാസ്ക് വിന്‍ഡോ സംവിധാനത്തിന്റെ പരിഷ്കരിച്ച രൂപമാണിത്. വിവിധ ആപ്ലിക്കേഷനുകള്‍ ഒരേ സമയം മിനിമൈസ് ചെയ്ത് ഉപയോഗിക്കാനുള്ള സംവിധാനം നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍, വീഡിയോകള്‍ ഓരേ സമയം ഉപയോഗിക്കാനാകുമായിരുന്നില്ല. സ്മാര്‍ട്ട് ഫോണില്‍ ടിവി കാണുന്നവര്‍ക്കാണ് ഇത് ഏറെ പ്രയോജനപ്പെടുക. ഒരേ സമയം തന്നെ ഒട്ടേറെ ചാനലുകള്‍ ഹോംസ്ക്രീനില്‍ മാറ്റിമാറ്റി കാണാനാകും.
ബാക്ക് ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനവും പുതിയ വെര്‍ഷനിലുണ്ടാകും. ആപ്പുകള്‍ അനാവശ്യമായി ബാറ്ററി ഉപയോഗിച്ചാല്‍, നിശ്ചിത സമയം കഴിഞ്ഞാല്‍ നിയന്ത്രിച്ച് ബാറ്ററി ക്ഷമത കൂട്ടും. ഓട്ടോഫില്‍ ഫ്രെയിം വര്‍ക്കാണ് മറ്റൊന്ന്. ഒരു തവണ ഏതെങ്കിലുമൊരു ആപ്ലിക്കേഷനില്‍ വിവരങ്ങള്‍ സൂക്ഷിച്ചുവെച്ചാല്‍ പിന്നീട് ഇത് മറ്റാവശ്യങ്ങള്‍ക്കായി ഓട്ടോമാറ്റിക്കായി ഉപയോഗിക്കാനാകും. ഓട്ടോമാറ്റിക് ടെക്സ്റ്റ് വ്യൂ എന്ന സംവിധാനവും ഇതിലുണ്ടാകും. സ്ക്രീനിന്റെ വലിപ്പത്തിനനുസരിച്ച് ടെക്സ്റ്റുകള്‍ ഓട്ടോമാറ്റിക്കായി ചെറുതാകുകയും വലുതാകുകയും ചെയ്യും. ഇത് കൂടാതെ ഒട്ടേറെ ഫീച്ചറുകള്‍ പുതിയ വെര്‍ഷനിലുണ്ടാകും.
ആഗസ്ത്-സപ്തംബര്‍ മാസത്തോടെ പുതിയ വെര്‍ഷന്റെ മുഴുവന്‍ പതിപ്പും പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ഗൂഗിള്‍ നെക്സസ് 5, നെക്സസ് എക്സ്, നെക്സസ് 6 പി, പിക്സല്‍, പിക്സല്‍ എക്സ് എല്‍ തുടങ്ങിയ ഫോണുകളിലായിരിക്കും പുതിയ വെര്ഷന് ആദ്യമെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: