പത്തനംതിട്ട: ജില്ലയിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് വൈദ്യുതി ബോര്‍ഡ് കഴിഞ്ഞ ഒരു വര്‍ഷ കാലയളവിനുള്ളില്‍ 55 പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുകയും നിലവിലുള്ള രണ്ട് ട്രാന്‍സ്ഫോര്‍മറുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പുതുതായി 52.8 കിലോമീറ്റര്‍ 11 കെ.വി ഓവര്‍ ഹെഡ് ലൈനിന്റെയും 3.2 കിലോമീറ്റര്‍ ഭൂഗര്‍ഭ ലൈനിന്റെയും പണി പൂര്‍ത്തിയാക്കി കമ്മീഷന് ചെയ്തു. ജില്ലയിലെ കേടായ 15711 സിംഗിള്‍ ഫേസ് മീറ്ററുകളും 1941 ത്രീഫേസ് മീറ്ററുകളും മാറ്റി സ്ഥാപിച്ചു. ഗാര്‍ഹികം, വ്യാവസായികം, വാണിജ്യം, കാര്‍ഷികം തുടങ്ങിയ വിവിധ മേഖലകളിലായി 13174 പുതിയ കണക്ഷനുകള്‍ നല്കി. ഇതില്‍ 12463 എണ്ണം സിംഗിള്‍ ഫേസ് കണക്ഷനും 711 എണ്ണം ത്രിഫേസ് കണക്ഷനുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്കിയ 80.49 ലക്ഷം രൂപ ഉപയോഗിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 59 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ജില്ലയില്‍ വൈദ്യുതി വകുപ്പ് കഴിഞ്ഞ ഒരു വര്‍ഷം ഏറ്റെടുത്തതില്‍ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനം സമ്പൂര്‍ണ വൈദ്യുതീകരണമായിരുന്നു. വൈദ്യുതീകരണത്തിനായി ജില്ലയില്‍ ലഭിച്ച എല്ലാ അപേക്ഷകളിലും വൈദ്യുതി കണക്ഷന് അനുവദിച്ചു. ഈ മാസം പത്തനംതിട്ടയില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ജില്ലയെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി പ്രഖ്യാപിച്ചപ്പോള്‍ അത് വൈദ്യുതി ബോര്‍ഡിന്റെ മികച്ച നേട്ടങ്ങളില്‍ ഒന്നായി. സമ്പൂര്‍ണ വൈദ്യുതീകരണത്തിന് ജില്ലയിലെ ജനപ്രതിനിധികളും പൊതുജനങ്ങളും വൈദ്യുതി ബോര്‍ഡും കൈകോര്‍ത്ത് നടത്തിയത് മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: