ന്യൂദല്‍ഹി: വൈദ്യുതി വിതരണ മേഖല കാര്യക്ഷമവും ലാഭകരവുമാക്കുന്നതിനുള്ള കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ പദ്ധതിയായ ഉജ്ജ്വല്‍ ഡിസ്ക്കോം അഷ്വറന്‍സ് യോജന (ഉദയ്) യില്‍ കേരളവും പങ്കാളിയായി. ന്യൂദല്‍ഹിയില്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ഏകദേശം 4178 കോടി രൂപയുടെ പ്രയോജനം കേരളത്തിന് ലഭിക്കും. മെച്ചപ്പെട്ട വായ്പാ ലഭ്യതയിലൂടെ പ്രസരണ വിതരണ നഷ്ടം കുറയ്ക്കല്‍, വൈദ്യുതി വിതരണത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവ വഴിയാണ് ഈ നേട്ടം കൈവരിക്കുക. നിര്‍ബന്ധിത ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോമര്‍ മീറ്ററിംഗ്, കണ്‍സ്യൂമര്‍ ഇന്‍ഡക്സിംഗ്, ജി.ഐ.എസ്. മാപ്പിംഗിലൂടെ നഷ്ടം നിര്‍ണ്ണയിക്കല്‍, വന്‍കിട ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് മീറ്ററിംഗ്, ഫീഡര്‍ ഓഡിറ്റ് തുടങ്ങിയവയും പദ്ധതിയുടെ സവിശേഷതകളാണ്.
കേരളത്തിന്റെ വൈദ്യുത മേഖലയിലെ സാങ്കേതിക വാണിജ്യ നഷ്ടം 11% ആയും പ്രസരണ നഷ്ടം 4.40% ആയും കുറയും. ഏകദേശം 92 ലക്ഷം രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു. കല്‍ക്കരി രംഗത്തെ പരിഷ്ക്കരണങ്ങളുടെ ഫലമായി 100% ശുദ്ധീകരിച്ച കല്ക്കരിലഭ്യതയിലൂടെ ഊര്‍ജ്ജ ഉല്‍പ്പാദനത്തിന്റെ ചെലവ് കുറയും.
3,600 കോടി രൂപയാണ് ഈ ഇനത്തില്‍ സംസ്ഥാനത്തിന് പ്രയോജനമുണ്ടാകുക. ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ഉപഭോഗംകുറയ്ക്കുന്നതു വഴിയുണ്ടാകുന്ന ലാഭം ഏകദേശം 480 കോടിരൂപയാണ്. കുറഞ്ഞ നിരക്കില്‍ ഉപഭോക്താവിന് വൈദ്യുതി ലഭ്യമാക്കാനാകും. അരുണാചല്‍ പ്രദേശും, ത്രിപുരയും കേന്ദ്രവുമായി ഇന്നലെ ഉദയ് പദ്ധതിയില്‍ ധാരണാപത്രം ഒപ്പുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: