ആര്‍ത്തവം ദൈവം തരുന്ന ശിക്ഷയായിട്ടായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. അത് ദൈവകോപത്തിനും അതുവഴി പ്രകൃതി ക്ഷോഭങ്ങളും വന്യമൃഗങ്ങളുടെ ആക്രമണങ്ങളും ഉണ്ടാകുമെന്നാണ് അവരുടെ വിശ്വാസം.
ആര്‍ത്തവസമയത്ത് കാലിത്തൊഴുത്തിന് സമമായ സ്ഥലത്തായിരിക്കണം വാസം. ആരേയും തൊടാന്‍ പാടില്ല. ആദ്യമായി ഋതുമതിയാകുന്നവള് പുരുഷന്മാരുടെ മുഖത്തുപോലും നോക്കാന്‍ പാടില്ലത്രെ. തീണ്ടാരിയായ പെണ്ണ് ഒരാളെ തൊട്ടാലോ, അവര്‍ക്ക് ഭക്ഷണം നല്കിയാലോ അവര്‍ അസുഖബാധിതരായി തീരുമെന്ന കടുത്ത അന്ധവിശ്വാസം ആ ഗ്രാമീണര്‍ക്കിടയിലുണ്ട്. പുഴയില്‍ ഇറങ്ങാനുള്ള സ്വാതന്ത്രവും ആര്‍ത്തവ ദിനങ്ങളില്‍ അവിടുത്തെ സ്ത്രീകള്‍ക്കില്ല. അവര്‍ക്കാവശ്യമായ വെള്ളം മറ്റാരെങ്കിലും കൊണ്ടുകൊടുക്കും. ആദ്യമൂന്ന് ദിവസം കുളിപോലും നിഷിദ്ധമാണ്. ഏറ്റവും ശുചിത്വം പാലിക്കേണ്ട നാളുകളിലാണ് ഇതെന്ന് നാം ഓര്‍ക്കണമെന്ന് ബൃന്ദ പറയുന്നു.
ദാരിദ്രവും ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും ഒക്കെക്കൊണ്ട് സാനിറ്ററി ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള കേട്ടറിവുപോലും അവര്‍ക്കില്ല. പഴന്തുണികളും കീറത്തുണികളുമാണ് ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ആര്‍ത്തവശുചിത്വത്തിന്റെ പ്രാധാന്യവും ആതൊരു ജൈവിക പ്രക്രിയയാണെന്നും ഗ്രാമീണ സ്ത്രീകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ബൃന്ദ തീരുമാനിക്കുന്നത്. അതിനായി മൂന്ന് മാര്‍ഗ്ഗങ്ങളാണ് അവര്‍ സ്വീകരിച്ചത്.
അവിടുത്തെ സ്ത്രീകള്‍ക്കിടയില്‍ ആദ്യമൊരു സര്‍വെ നടത്തി പ്രശ്നങ്ങള്‍ പഠിച്ചു. 80 ശതമാനം സ്ത്രീകളും ദൈവം നല്കിയ ശിക്ഷയായിട്ടാണ് ആര്‍ത്തവത്തെ കണ്ടിരുന്നത്. ആ ധാരണ തിരുത്തുന്നതിന്റെ ഭാഗമായി ഓരോ ഗ്രാമത്തിലേയും ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂളുകളിലായിരുന്നു പിന്നീട് ബോധവത്കരണ പരിപാടി നടത്തിയത്.
ആരോഗ്യം, ലിംഗസമത്വം, ആര്‍ത്തവം എന്നിവയെക്കുറിച്ചെല്ലാം വിശദമായിത്തന്നെ കുട്ടികള്‍ക്ക് ക്ലാസെടുത്തു-ബൃന്ദ പറയുന്നു. 1,000 ത്തിലേറെ കുട്ടികള്‍ക്ക് വിവിധ സ്കൂളുകളിലായി ഇതിന്റെ പ്രയോജനം കിട്ടി. ഫോണ്‍ വിളിച്ചും മെസേജ് അയച്ചും കുട്ടികള്‍ സംശയങ്ങള്‍ക്ക് ഉത്തരം തേടുന്ന ഘട്ടം വരെകൊണ്ടുചെന്നെത്തിക്കാന് സാധിച്ചുവെന്നും ബൃന്ദ അഭിമാനത്തോടെ പറയുന്നു.
നശിപ്പിച്ചുകളയാവുന്ന സാനിറ്ററി പാഡുകള്‍ പ്രാദേശികമായി ലഭ്യമല്ലാത്തതിനാല്‍ സ്ത്രീകള്‍ ഇത് വാങ്ങുന്നതിനായ് സമീപ പട്ടണത്തിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നു. സാനിറ്ററി പാഡിന് ബദലായി ഉപയോഗിക്കാന്‍ പറ്റുന്നതും ശുചിത്വമുള്ളതുമായ ഉല്പന്നങ്ങള് അവര്‍ക്കിടയില്‍ ലഭ്യമാക്കുന്നതിനായി മഹിള എന്റര്‍പ്രൈസസ് എന്ന സംരഭത്തിനും ബൃന്ദ തുടക്കമിട്ടുകഴിഞ്ഞു.
പുനരുപയോഗിക്കാവുന്ന തുണികൊണ്ടുള്ള പാഡ് നിര്‍മിക്കുന്നതിന് കമല എന്ന ഗ്രാമീണ യുവതിയെ പഠിപ്പിക്കുകയും ചെയ്തു. ഗ്രാമങ്ങളില്‍ ഇന്നിത് നല്ല രീതിയില്‍ വിറ്റുപോകുന്നു. ഒരു പാഡിന് 30 രൂപയാണ് വില. പാഡ് നിര്‍മിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഗുജറാത്തില്‍ നിന്നാണ് ബൃന്ദ ഇവിടെയെത്തിക്കുന്നത്. ഇതിനായി ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായവുമുണ്ട്.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവത്തെക്കുറിച്ച് കുടുംബാംഗങ്ങളോടോ മറ്റുള്ളവരോടോ സംസാരിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഗ്രാമങ്ങളിലുള്ളത്. ഇത് മുന്നില്‍ കണ്ടാണ് ദ ലിറ്റില്‍ ബുക്ക് ഓഫ് ഗ്രോവിങ് അപ് എന്ന പേരിലൊരു 30 പേജുകളുള്ള, സമഗ്രമായ ഒരു ബുക്ക് ബൃന്ദ പുറത്തിറക്കിയത്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: