2014 ല്‍ ഇറാഖിലെ ആഭ്യന്തര യുദ്ധകാലത്ത് തിക്രിത്തില്‍ അകപ്പെട്ടുപോയ നാല്പതോളം ഇന്ത്യന്‍ നഴ്സുമാരുടെ ജീവിതകഥ പറയുന്ന ടേക് ഓഫ് എന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞു. ലോകോത്തര നിലവാരത്തിലേക്ക് മലയാള സിനിമയും ടേക് ഓഫിലൂടെ സ്ഥാനം പിടിച്ചുവെന്നാണ് നിരൂപകരുടേയും അഭിപ്രായം. ഈ സിനിമയില്‍ ജിന്‍സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദിവ്യപ്രഭയും മലയാള സിനിമയില്‍ സ്വന്തമായൊരിടം കണ്ടെത്തുന്നു. ടേക് ഓഫ് കണ്ടവരാരും തന്നെ ജിന്‍സിയേയും മറക്കില്ല.
ഒരു പ്രഭാതനടത്തമാണ് ദിവ്യപ്രഭയെ അഭ്രപാളിയിലേക്ക് നടത്തിയത്. അഭിനയമോഹം തലയ്ക്കുപിടിച്ച പെണ്‍കുട്ടിയായിരുന്നില്ല ദിവ്യപ്രഭ. ഒരു നിമിത്തം പോലെ സിനിമയില്‍ എത്തപ്പെട്ടതാണ്. നാളുകള്‍ക്ക് മുമ്പ് സുഭാഷ് പാര്ക്കിനടുത്തൂടെ പതിവ് ജോഗിങിന് പോയ സമയം. സുഭാഷ് പാര്‍ക്കിനടുത്ത് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നു. അന്നവിടെ കാഴ്ചക്കാരിയെപ്പോലെ നിന്ന പെണ്‍കുട്ടിയെ ആ സിനിമയുടെ പ്രൊഡക്ഷന്‍ കോഡിനേറ്ററായ നിയാസ് ശ്രദ്ധിച്ചു. അദ്ദേഹം വഴിയാണ് ദിവ്യപ്രഭയുടെ സിനിമയിലേക്കുള്ള എന്‍ട്രി. പിയാനിസ്റ്റ് എന്ന സിനിമയില്‍ അനു മോഹന്റെ സഹോദരി വേഷം ചെയ്യാനുള്ള അവസരം ഇദ്ദേഹം വഴിയാണ് ലഭിച്ചത്. പിന്നീട് കമല്‍ സംവിധാനം ചെയ്ത നടനില്‍ ചെറിയൊരു വേഷം ചെയ്തു. പക്ഷെ ശ്രദ്ധിക്കപ്പെട്ടത് ഇതിഹാസയിലെ ആന്‍ എന്ന കഥാപാത്രമാണ്. നായികയ്ക്കൊപ്പമുള്ള വേഷം. ആദ്യം മറ്റൊരാളെയായിരുന്നു ആ കഥാപാത്രത്തിന് വേണ്ടി നിശ്ചയിച്ചിരുന്നത്. എന്തോ കാരണത്താല്‍ ആ നടി പിന്മാറിയതിനെ തുടര്‍ന്നാണ് ദിവ്യപ്രഭയെ ആന്‍ ആകാന്‍ ക്ഷണിക്കുന്നത്.
ദിവ്യപ്രഭ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത് കെ.കെ. രാജീവിന്റെ ഈശ്വരന് സാക്ഷിയായ് എന്ന പരമ്പരയിലൂടെയാണ്. ബി. രാകേഷായിരുന്നു ഈ പരമ്പരയുടെ നിര്‍മാതാവ്. കേന്ദ്രകഥാപാത്രമായ അപര്‍ണയെ തന്മയത്വത്തോടെ അവതരിപ്പിച്ചു. പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ‘അപ്പു’വെന്ന ആ കഥാപാത്രത്തെ സ്വീകരിച്ചത്. സങ്കീര്‍ണത നിറഞ്ഞ ആ വേഷം അതിമനോഹരമാക്കിയതിന് 2015 ല്‍ മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരവും ദിവ്യപ്രഭ നേടി. സിനിമ പോലെ തന്നെ, അതേ ഗൗരവത്തില്‍ സീരിയലും എടുക്കുന്ന സംവിധായകനാണ് കെ.കെ. രാജീവ് എന്ന് ദിവ്യ പറയുന്നു.
വലിച്ചുനീട്ടിക്കൊണ്ടുപോകില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ആ സീരിയലിലേക്കുള്ള ക്ഷണം സ്വീകരിച്ചത്. ബോള്‍ഡായ ജേര്‍ണലിസ്റ്റായിട്ടാണ് അഭിനയിക്കേണ്ടതെന്ന് നേരത്തെ പറഞ്ഞിരുന്നു. പ്രേം പ്രകാശ്, ബാബു നമ്പൂതിരി, റീന തുടങ്ങി സീനിയറായ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതും നല്ലൊരു അനുഭവമായിരുന്നു ദിവ്യപ്രഭയ്ക്ക്. അതുകൊണ്ടുതന്നെ സിനിമയില്‍ നിന്നും സീരിയലിലേക്ക് പോകുന്നു എന്ന തോന്നല്‍ ഉണ്ടായിരുന്നില്ല.
രാജേഷ് പിള്ളയുടെ വേട്ടയിലാണ് പിന്നീട് അഭിനയിച്ചത്. ദീപക് പറമ്പോല്‍ അവതരിപ്പിച്ച റോണി വര്‍ഗീസ് എന്ന കഥാപാത്രത്തിന്റെ ഭാര്യാ വേഷത്തില്‍. പിന്നീടാണ് ടേക്ക് ഓഫിലേക്ക് എത്തുന്നത്. അതേക്കുറിച്ച് ദിവ്യപ്രഭ പറയുന്നതിങ്ങനെ-”ഒരു ദിവസം നടന് പ്രേം പ്രകാശ് വിളിച്ചു. അദ്ദേഹത്തിന്റെ മൊബൈലില്‍ എഡിറ്റര്‍ മഹേഷ് നാരായണന് എന്റെ ഫോട്ടോ കണ്ടുവെന്നും കൂടുതല്‍ അന്വേഷിച്ചുവെന്നും പറഞ്ഞു. പുതുതായി അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അതിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടിയാണെന്നും പറഞ്ഞു. വേട്ടയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച മനു വിളിക്കുകയും മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എനിക്കൊരു വേഷമുണ്ടെന്നും അറിയിച്ചു. സന്തോഷം തോന്നി. പിന്നീട് ആ സിനിമയെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നറിഞ്ഞു. അത്തരം ചിത്രങ്ങളോട് നേരത്തെതന്നെ ഒരിഷ്ടക്കൂടുതലുണ്ട്. പിന്നീട് ഓഡിഷനെക്കുറിച്ചറിഞ്ഞ്, മഹേഷ് നാരായണനുമായി ബന്ധപ്പെട്ടു.
ഓഡിഷന് എത്തിയപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞു, ചെറിയ റോളാണ്. തിരക്കഥ വായിക്കാന്‍ തന്നു. അപ്പോള്‍ തന്നെ തോന്നിയിരുന്നു ജിന്‍സിക്ക് ഒരു പ്രാധാന്യമുണ്ടെന്ന്”.
ഒരു നടന്റേയോ, നടിയുടേയോ ഭാഗത്തുനിന്ന് കൃത്യമായി എന്താണ് വേണ്ടത്, എന്ത് വേണ്ട എന്ന ഉദ്ദേശ ശുദ്ധിയുള്ള സംവിധായകനാണ് മഹേഷ് നാരായണന്. അതുകൊണ്ടുതന്നെ ഒരു നടിയെന്ന നിലയില്‍ അത് ഗുണം ചെയ്തു. ജിന്സിയിലേക്ക് എത്താന്‍ അദ്ദേഹം ഏറെ സഹായിച്ചിട്ടുണ്ട്. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് തന്നെ ഇറാഖില്‍ ഇന്ത്യന്‍ നഴ്സുമാര്‍ അനുഭവിച്ച യാതനകളെപ്പറ്റി സംവിധായകനും പാര്‍വതിയും അടക്കമുള്ളവര്‍ വിവരിച്ചിരുന്നു. ആ സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമെല്ലാം കൂടുതല്‍ അറിയാന്‍ അതിലൂടെ സാധിച്ചു. പാര്‍വതി, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതും ഭാഗ്യമായി കരുതുന്നുവെന്ന് ദിവ്യപ്രഭ പറയുന്നു. ജിന്‍സിയ്ക്ക് വേണ്ടി ശബ്ദം നല്കിയതും ദിവ്യതന്നെ.
തമിഴില്‍ പ്രഭു സോളമന് സംവിധാനം ചെയ്ത കയലില്‍ ദിവ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അപ്പോഴും സിനിമയില്‍ ഇനിയും തുടരാനാവുമോ അഭിനയം തന്റെ മേഖലയാകാം എന്നോ വിചാരിച്ചിട്ടേയില്ലെന്നും ദിവ്യ പറയുന്നു. നൃത്തവും പാട്ടും ഒന്നും അഭ്യസിച്ചിട്ടില്ലെങ്കിലും സ്കൂള്‍ തലത്തില്‍ പല മത്സര ഇനങ്ങളിലും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. അപ്പോഴും സിനിമയൊന്നും സ്വപ്നത്തിലേ ഇല്ലായിരുന്നുവെന്ന് ദിവ്യ പറയുന്നു. ലീഗല്‍ കണ്‍സള്‍ട്ടന്റായ പി.എസ്. ഗണപതി അയ്യരാണ് അച്ഛന്. അമ്മ ലീലാമണി. രണ്ട് സഹോദരിമാര്‍. വിദ്യപ്രഭയും സന്ധ്യപ്രഭയും. ഇരുവരും വിവാഹിതര്‍. വിവാഹത്തെക്കുറിച്ച് തല്കാലം ചിന്തിക്കുന്നില്ലെന്നും എംബിഎ ബിരുദധാരി കൂടിയായ ദിവ്യപ്രഭ പറയുന്നു. ഒന്നും മുന്‍കൂട്ടി നിശ്ചയിക്കുന്ന പതിവില്ല ദിവ്യയ്ക്ക്. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ അഭിനയിക്കും. മുരളി ഗോപിയുടേതാണ് തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തില്‍ അഭിനയിക്കുകയാണിപ്പോള്‍.
താനൊരു ഗൗരവക്കാരിയല്ലെന്നും തമാശ ആസ്വദിക്കുന്ന, സന്ദര്‍ഭത്തിനനുസരിച്ച് ബോള്‍ഡാകുന്ന പ്രകൃതം എന്നാണ് തന്നെക്കുറിച്ച് ദിവ്യയ്ക്ക് പറയാനുള്ളത്. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ കൂടുമ്പോള്‍, ബന്ധപ്പെട്ട അധികൃതര്‍ക്കുപോലും യാതൊന്നും ചെയ്യാനാവുന്നില്ലെന്നാണ് ദിവ്യയുടെ അഭിപ്രായം. മാറ്റം ചെറുതില്‍ നിന്നാണ് തുടങ്ങേണ്ടതെന്ന് വിശ്വസിക്കുന്നതിനാല്‍ തനിക്ക് മുന്നില്‍ കാണുന്ന അനീതിയ്ക്കെതിരെ പ്രതികരിക്കുന്ന സ്വഭാവക്കാരിയാണ്. തൃശൂര്‍ സ്വദേശിനിയായ ദിവ്യ ഇപ്പോള്‍ പത്തനംതിട്ടയാണ് താമസം. ജോലിയുമായി ബന്ധപ്പെട്ട് എറണാകുളത്തേക്ക് താമസം മാറ്റാനൊരുങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: