നാലുദിവസത്തിനിടെ, സുഖമായി ഒന്നുറങ്ങാന്‍ കഴിഞ്ഞെന്ന് കേരളത്തിന് നന്ദി പറഞ്ഞതു കേട്ട് അമ്പരന്നാണ് ഡോ. രാജേന്ദ്ര സിങ്ങിനോട് സംസാരം തുടങ്ങിയത്. കൊടുംചൂട്, ജലക്ഷാമം, വരളുന്ന നദികള്‍, മഴയില്ലായ്മ, പ്ലാച്ചിമട സമരനില… ഇവയൊക്കെ ഞങ്ങളുടെ ഉറക്കം കെടുത്തുന്നുവെന്ന് പറഞ്ഞപ്പോള്‍ സിങ് ഗൗരവം പൂണ്ടു. മുന്നറിയിപ്പു പോലെ പറഞ്ഞു: ഇല്ല, കേരളത്തിനു ഇതിലും കൂടുതല്‍ വരാന്‍ കിടക്കുന്നതേയുള്ളൂ ഈ പോക്കു പോയാല്‍…
ജലപുരുഷനെന്നോ, സാമൂഹ്യ പ്രവര്‍ത്തക പ്രമുഖനെന്നോ ജാഡകളില്ലാതെ മുന്നിലിരിക്കുന്ന ഡോ. സിങ്ങിനോട് ഇങ്ങനെയാണ് സംസാരിച്ചു തുടങ്ങിയത്…
രണ്ട് അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടുന്നതിനു മുമ്പും ശേഷവുമുള്ള രാജേന്ദ്ര സിങ്?
ഞാന്‍ വളരെ പെട്ടെന്ന് ഭാവം മാറുന്നയാളാണ്. വെള്ളത്തിന്റെ കാര്യത്തില്‍ ഞാന്‍ ഏറെ ദുഃഖിതനാണ്. അതുകൊണ്ടുതന്നെ ജലയത്നത്തില് ഞാന്‍ അന്നും ഇന്നുമുണ്ട്, എന്നുമുണ്ടാകും. അവാര്‍ഡുകള്‍ കിട്ടുംമുമ്പ് ഞാന്‍ പോരാടുകയായിരുന്നു. അധികാരസ്ഥാനങ്ങളോട്. ഇന്ന് ഞാന്‍ പറയുന്നത് അധികാരികള്‍ കേള്‍ക്കുന്നു. പോരാട്ടം വേണ്ടിവരുന്നില്ല. അതാണ് പ്രധാന മാറ്റം. അപ്പോള്‍ എന്റെ പ്രവര്‍ത്തന രീതിയും സ്വഭാവവും മാറി. കൂടുതല്‍ പ്രവര്‍ത്തനം, കൂടുതല്‍ മികച്ച വഴിയില്‍, രീതിയില്‍, രാജ്യത്തിനു വേണ്ടി അധികമധികം എന്നതായി.
ഞാന്‍ മുമ്പ് നാട്ടുകാര്‍ക്കൊപ്പം പാടത്തും പുഴക്കരയിലും മണ്ണിലും ചെളിയിലും പണിയെടുത്തു. കൈക്കോട്ടെടുത്ത് കാണിച്ചുകൊടുത്തു, ഇതാണ് മാര്‍ഗ്ഗമെന്ന്. അതു മാതൃകയായി. അവാര്‍ഡിലൂടെ ശ്രദ്ധേയനായപ്പോള്‍ ഞാന്‍ തലപ്പത്തുള്ളവരെ പഠിപ്പിക്കുകയാണ്. ഐഎഎസുകാര്‍ക്ക്, ഐഎഎസ് പരിശീലനത്തിലുള്ളവര്ക്ക്, ഗവേഷകര്‍ക്ക്, വന്‍കിട സ്ഥാപനങ്ങളില്‍, ഐഐടികളില്‍, രാഷ്ട്രീയ നേതാക്കള്‍ക്ക്, പാര്‍ട്ടികള്‍ക്ക് ഒക്കെ ക്ലാസുകളെടുക്കുന്നു. വഴി കണ്ടുപിടിച്ചു, സഞ്ചരിക്കേണ്ടവരെ ആ വഴിയില്‍ എത്തിക്കുകയാണിപ്പോള്‍.
ചുരുക്കിപ്പറഞ്ഞാല്‍ അവാര്‍ഡിനു മുമ്പ് ഞാന്‍ ഭൂമിയില്‍ ജല സംഭരണികളുണ്ടാക്കുകയായിരുന്നു, അവാര്‍ഡിനു ശേഷം, തീരുമാനമെടുത്തു നടപ്പാക്കേണ്ട അധികാരികളുടെ തലയ്ക്കു മുകളില്‍ ‘ജല ആശയ’ സംഭരണി പണിയുകയാണ്.
കഴിഞ്ഞ വര്‍ഷം രാജസ്ഥാന് സര്‍ക്കാര്‍ എന്നോടു ചോദിച്ചു, വെള്ളത്തിനു വേണ്ടി എന്തു ചെയ്യണമെന്ന്. ഞാന്‍ പറഞ്ഞു, അവര്‍ ചെയ്തു. സമൂഹം നിയന്ത്രിക്കുന്ന ജല ഭരണ സംവിധാനം വേണമെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു. ജല സമ്പന്നമായ വയലുകള്‍ എന്ന പദ്ധതി പറഞ്ഞു. രണ്ടും അവിടെ നടപ്പാക്കി. നല്ല ആശയങ്ങള്‍ പറയുന്നവരെ സര്‍ക്കാര്‍ അനുസരിക്കാന്‍ തയ്യാറായാല്‍, യുദ്ധത്തിന്റെയും പോരാട്ടത്തിന്റെയും ആവശ്യമില്ല.
കേരളത്തില്‍ നദികളിലെ മണലെടുപ്പു നിര്‍ത്തുകയാണു വേണ്ടതെന്ന് വിദഗ്ദ്ധോപദേശം വന്നു. നിയമം ഉണ്ടാക്കി, നടപ്പാക്കുന്നില്ല. സര്‍ക്കാരുകള്‍ കേട്ടാല്‍ മാത്രം പോരാ പ്രവര്‍ത്തിക്കുകയും വേണം. അല്ലാത്തിടത്തോളം സംഘര്‍ഷം തുടരും.
ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തനാണോ, സ്വയം വിലയിരുത്തിയാല്‍?
അത്ര സംതൃപ്തിയില്ല, എന്നാല്‍ അത്രയ്ക്ക് ഇല്ലാതെയുമില്ല. ജീവിതത്തിന് അര്‍ത്ഥമുണ്ടായി എന്നതില്‍ തൃപ്തിയുണ്ട്, അതേ സമയം അവസ്ഥയുടെ വ്യാപ്തി കാണുമ്പോള്‍ ആശങ്കയുണ്ട്. ഞാന്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഫലമായി വെള്ളമൊഴുകുന്നതു കാണുമ്പോള്‍ സന്തോഷം, എന്നാല്‍ നാടിന്റെ പൊതു അവസ്ഥ കാണുമ്പോള്‍ ഭയവും വേദനയും.
ശരിയാണ്, നമ്മുടെ നാടിനെ ആഫ്രിക്കയോ മദ്ധ്യേഷ്യയോ പോലെ പ്രശ്നം ബാധിച്ചിട്ടില്ല. അവിടെ ജലയുദ്ധം തുടങ്ങിക്കഴിഞ്ഞു. മറ്റു പല വികസ്വര രാജ്യങ്ങള്‍ക്കുമുള്ള പ്രശ്നങ്ങള്‍ ഇന്ത്യയിലില്ല. സംസ്ഥാനങ്ങള്‍ വെച്ചു നോക്കിയാല്‍ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, ഗോവ എന്നിവിടങ്ങളിലെ അത്ര രൂക്ഷ പ്രശ്നം കേരളം പോലുള്ള മറ്റു സംസ്ഥാനങ്ങളിലുമില്ല. പക്ഷേ, ഇത്രയുമായപ്പോള്‍ നമ്മുടെ അവസ്ഥ ഇങ്ങനെയായെങ്കില്‍ ഇത് തുടര്‍ന്നാലോ?
എന്താണ് പരിഹാര നിര്‍ദ്ദേശം? ലോകമാകെ പൊതുപരിഹാരം സാധ്യമാണോ?
മൂന്നു കാര്യങ്ങളാണെനിക്ക് മുഖ്യമായി മുന്നോട്ടു വെക്കാനുള്ളത്. ഒന്ന്: കാഴ്ചപ്പാടു മാറണം, ഘടന മാറണം. നമ്മുടെ ജല സ്രോതസ്സുകള്‍ എങ്ങനെയും സംരക്ഷിക്കണം. രണ്ട്: മലിനീകരണമാണ് മുഖ്യ ദുരന്തം, ഏതു വിധേനയും തടയണം. മൂന്ന്: ഭൂഗര്‍ഭ ജലവിതാനം പോഷിപ്പിക്കണം. ഇതു മൂന്നുമാണ് അടിയന്തര ആവശ്യം. അതില്‍ എല്ലാമുണ്ട്. ലോകത്തിനാകെ ബാധകവുമാണ്. നടപ്പാക്കേണ്ട രീതി, ഓരോ സംസ്ഥാനങ്ങള്‍ക്കല്ല, പ്രദേശങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമാണ്.
ആദ്യം നമ്മുടെ ജലസ്രോതസുകള്‍ തിരിച്ചറിയണം. അവയെ സംരക്ഷിക്കണം. മലിനീകരണം ഏതെല്ലാം നിലയിലെന്ന് കണ്ടെത്തി തടയണം. തടസമില്ലാതെ വെള്ളമൊഴുക്കുണ്ടാകണം. ജലസ്രോതസുകള്‍ പ്രദേശത്തെ ജനങ്ങളുടെ സ്വത്തായി അവര്‍ തിരിച്ചറിയണം, അധികാരികള്‍ അവകാശം ജനങ്ങള്‍ക്കു നല്‍കണം. അതിലുള്ള നിയന്ത്രണം ആ സമൂഹത്തിനാകണം.
ജലമില്ലാതാകുന്നതോടെ ഒരു പ്രദേശത്തെ ജനത ഇല്ലാതാകുകയാണ്. അവര്‍ നാടുവിട്ടു പോകുകയാണ്. ഈ ഒഴിഞ്ഞുപോക്കിന്റെ തിരിച്ചുപോക്കിന് നദികളുടെ പുനരൊഴുക്കുകൊണ്ടേ തടയാനാവൂ. കേരളത്തിലെ ബിജെപിയുടെ ‘ജലസ്വരാജ്’ പദ്ധതിക്ക് ഈ ലക്ഷ്യം കൈവരിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കാവുന്നതാണ്. ഞാന്‍ ആ പരിപാടിയുടെ ഉദ്ഘാടനത്തിന് വന്നിരുന്നു. നല്ല ആശയമാണ്, പ്രാവര്‍ത്തികമാക്കണം.
മഹാരാഷ്ട്രയിലെ ഫഡ്നാവിസ് സര്‍ക്കാര്‍ എന്നോട് നിര്‍ദ്ദേശങ്ങള്‍ ചോദിച്ചു. ഞാന്‍ എന്റെ കാഴ്ചപ്പാടു പറഞ്ഞു. സമൂഹം നയിക്കുന്ന ജല ഭരണ സംവിധാനം വേണമെന്നു പറഞ്ഞു, അവര്‍ വന്‍കിട ജലസംഭരണ-വിതരണ പദ്ധതികള്‍ നിര്‍ത്തിവെച്ചു, ചെറുകിട ജനപങ്കാളിത്ത സംരംഭങ്ങളിലേക്ക് മാറി. വയലുകള്‍ ജലഭരിതമാക്കണമെന്ന് പറഞ്ഞു, അവര്‍ അതു നടപ്പാക്കി.
ഓരോ സംസ്ഥാനങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും ഓരോ രീതിയെന്ന് പറഞ്ഞു. നദികള്‍ ഏറ്റവുമുള്ള കേരളവും പഞ്ചാബും താരതമ്യം ചെയ്താലോ?
പഞ്ചാബ് രാസവസ്തുക്കളാല്‍ അര്‍ബുദം ബാധിച്ച സംസ്ഥാനമാണ്, കേരളം ഇപ്പോള്‍ ആ വഴിയിലാണ്. പഞ്ചാബിന്റെ കൃഷിയിടങ്ങളെ പുഷ്ടിപ്പെടുത്താനെന്ന പേരില്‍, കാഴ്ചപ്പാടില്ലാത്ത പരിഷ്കാരങ്ങള്‍ നടപ്പിലാക്കി. കൃഷിഭൂമി മലിനമായി. നദികള്‍ വിഷമയമായി. വെള്ളം ഇല്ലാതായി. പഞ്ചാബില്‍നിന്ന് രാജസ്ഥാനിലേക്ക് പോകുന്ന ഒരു ട്രെയിനിന്റെ പേര് കാന്‍സര്‍ ട്രെയിനെന്നാണ്. അര്‍ബുദത്തിനു ചികിത്സ തേടിപ്പോകുന്നവരാണതില് മുക്കാലും. കേരളത്തിന്റെ സ്ഥിതി വ്യത്യസ്തമാണ്. പക്ഷേ, ഈ പോക്കു പോയാല്‍ ആ സ്ഥിതിയിലെത്തും.
ഓരോ സ്ഥലത്തും പ്രയോഗിക്കേണ്ട സാങ്കേതികതക്ക് വൈവിദ്ധ്യം വേണം. അതത് സ്ഥലത്തിന് യോജിക്കുന്നത് നടപ്പാക്കണം. കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഇനി കുഴല്‍ക്കിണര്‍ അനുവദിക്കരുത്. കേരളത്തിലെ നദികള്‍ മരിക്കുകയാണ്. കാരണം മണ്ണൊലിപ്പാണ്. മണ്ണ് നദിയില്‍നിന്നു മാത്രമല്ല, മലകളില്‍നിന്നും ഇല്ലാതാകുകയാണ്. മഴ പെയ്യുന്നിടത്ത് മണ്ണു വേണം. അവിടെ വെള്ളം ആഴ്ന്നിറങ്ങണം. അത് ഒഴുകിപ്പോകുന്ന നദികളില്‍ മണ്ണു വേണം. അവിടെ താഴണം. നദിയുടെ കിടക്ക നനഞ്ഞിരിക്കണം. നദീതടം ജലസമൃദ്ധമാകണം.
ആരോഗ്യമുള്ള നദിയായി തുടരണമെങ്കില്‍ മണലെടുപ്പ് നിര്‍ത്തണം. കേരളത്തില്‍ നിയമമുണ്ട്, നടപ്പാകുന്നില്ല. ഒപ്പം, നദികളിലേക്കുള്ള മാലിന്യമൊഴുക്കല്‍ തടയണം. മലിനജലവും ശുദ്ധജലവും വെവ്വേറേ വഴികളില്‍ ഒഴുക്കണം. മണല്‍ ഖനനം നിര്‍ത്തുക, മലിനീകരണം തടയുക. ഇതു രണ്ടും ഉണ്ടെങ്കില്‍ ഇനിയും കേരളത്തെ രക്ഷിക്കാം.
കേരളത്തില്‍ തുടങ്ങിയിട്ടേ ഉള്ളു. ഇനിയും ജാഗ്രത പാലിച്ചില്ലെങ്കില്‍ അനുഭവിക്കാന്‍ പോകുന്നതേ ഉള്ളു. പഞ്ചാബിന്റെയും കേരളത്തിന്റെയും കാര്യത്തില്‍ ഒരു കാര്യം കൂടി പറയാം- രണ്ടിടത്തും കൃഷിയാണ് പ്രധാനം, പക്ഷേ വ്യവസായങ്ങളുടെ പിറകേ പോകുകയാണ്. കൃഷി നിയന്ത്രിക്കരുത്, ഭക്ഷ്യസുരക്ഷയ്ക്ക് അതപകടമാണ്. മറിച്ച് വ്യവസായത്തെ നിയന്ത്രിക്കാം. പല വിധത്തില്‍. കൃഷിയില്‍ ജൈവ കൃഷിയും പ്രകൃതി കൃഷിയുമാണ് പ്രോത്സാഹിപ്പിക്കേണ്ടത്. വ്യവസായ മലിനീകരണം ഏതു വിധേനയും ചെറുക്കണം.
കൂടുതല്‍ ‘സരസ്വതീ’ നദികള്‍ രാജ്യമെമ്പാടും ഉണ്ടാക്കാന്‍ പറ്റുമോ. ഇപ്പോള്‍ ഏഴു നദികള്‍ പുനരുജ്ജീവിപ്പിക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞു. ഈ നവഭഗീരഥ പ്രയത്നത്തെക്കുറിച്ച്?
മൂന്നു ദിവസം മുമ്പ് ഞാന്‍ എന്റെ ഗ്രാമത്തിലെ പുനരുജ്ജീവിപ്പിച്ച ആ നദീ തീരത്തുകൂടി ഒറ്റയ്ക്ക് അങ്ങനെ നടന്നു. നദി നിറഞ്ഞൊഴുകുന്നു. അതിലെ കൊച്ചോളങ്ങള്‍ കണ്ട് എന്റെ ഉള്ളം തുടിച്ചു. അലച്ചിലുകളുടെ ആയാസങ്ങള്‍ ഞാന്‍ മറന്നു. നദിയെ തഴുകി വന്ന തണുത്ത കാറ്റ് എന്റെ തലച്ചോറിനെ തണുപ്പിച്ചു; ചിന്തകളെ കുറച്ചു നേരമെങ്കിലും ആശ്വസിപ്പിച്ചു. അതെനിക്ക് പുതു ജീവന് നല്കി.
പുതിയ കര്മ്മവേഗങ്ങള്ക്ക് നവോന്മേഷം നല്കി. ഞാനതിനെ എന്റെ സ്വന്തം കുഞ്ഞിനെപ്പോലെ ഏറെ നേരം നോക്കി നിന്നു. നേരത്തേ ചോദിച്ചില്ലേ, ഞാന്‍ എത്രമാത്രം സന്തുഷ്ടനാണെന്ന്. ആ മുഹൂര്‍ത്തത്തിലായിരുന്നു ചോദ്യമെങ്കില്‍ ഞാന്‍ ആര്‍ത്തു വിളിച്ചു പറഞ്ഞേനെ, ഞാന്‍ സന്തുഷ്ടനാണെന്ന്. വേനലവധിക്കാലത്ത് പുഴയില്‍ ചാടി നീന്തിത്തുടിക്കുന്ന കൊച്ചുകുട്ടിയുടെ ആനന്ദമായിരുന്നു ഡോ. സിങ്ങിന്റെ മുഖത്ത് അതു വിവരിക്കുമ്പോള്‍. വാക്കും വാക്യങ്ങളും കൊച്ചോളങ്ങള്‍ പോലെ തത്തിക്കളിച്ചു.
ആ മുറിയില്‍ ഒരു പുഴയൊഴുകിയതുപോലെ… ഇക്കാര്യം പറഞ്ഞപ്പോള്‍ വെള്ളത്തിന്റെ നാട്ടുകാരനായതുകൊണ്ടാണ് അത് തിരിച്ചറിഞ്ഞതെന്ന് പറഞ്ഞ് സിങ് പൊട്ടിച്ചിരിച്ചു. പെട്ടെന്ന് ഗൗരവം പൂണ്ടു… മുപ്പത്തി മൂന്നു വര്‍ഷമായി ഞാന്‍ ഈ പണിയിലാണ്. രാജസ്ഥാനിലെ ഏഴു നദികള്‍ പുനരുജ്ജീവിപ്പിച്ചു. കേരളത്തിനിത് സാധ്യമാണ്. ആവശ്യത്തിന് മഴ, വെള്ളം, നദികള്‍, ജലാശയങ്ങള്‍…മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇതില്ല. കര്‍ണ്ണാടകം- തമിഴ്നാടു തര്‍ക്കം കാവേരിയുടെ പേരില്‍, പക്ഷേ കാവേരിയില്‍ വെള്ളമില്ല. അതില്‍ ആര്‍ക്കും ഉത്കണ്ഠയില്ല.
അടുത്ത പ്രയത്ന ലക്ഷ്യം എന്താണ്? എങ്ങനെയാണ്? തരുണ്‍ ഭാരത് സേനയെക്കുറിച്ച്?
മെയ് മാസം കന്യാകുമാരി മുതല്‍ ചെന്നൈ വരെ പദയാത്ര നടത്തും. ജല സംരക്ഷണ പ്രചാരണമാണ് ലക്ഷ്യം. പിന്നെ 100 നദികള്‍ രാജ്യത്ത് പലയിടങ്ങളിലായി കണ്ടുവെച്ചിട്ടുണ്ട്. അവ പുനരുജ്ജീവിപ്പിക്കണം. അതിന് ബന്ധപ്പെട്ടവരുടെ സഹായം നേടണം. അതത് നാട്ടുകാരുടെ സഹകരണം ഉറപ്പാക്കണം.
തരുണ്‍ ഭാരതുമായി ഇപ്പോള്‍ നേരിട്ടു ബന്ധമില്ല. ഞാന്‍ അതില്‍ ഇപ്പോള്‍ ഇല്ല. അതില്‍ പ്രവര്‍ത്തിക്കാന്‍ മുക്കാല്‍ ലക്ഷത്തോളം പേരുണ്ട്. അവര്‍ക്ക് വേണ്ടപ്പോള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും. പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും.
അന്താരാഷ്ട്ര വേദികളും വ്യക്തികളും സ്ഥാപനങ്ങളുമായി ഏറെ സമ്പര്‍ക്കമുള്ള ഡോ. സിങ്ങിന്റെ മറുപടിക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അറിയാവുന്നതിനാല്‍ ചോദിച്ചു; വാസ്തവത്തില്‍ കാലാവസ്ഥാ വ്യതിയാനം അത്രയ്ക്ക് ഭീഷണിയാണോ. വികസ്വര രാജ്യങ്ങള്‍ക്കു മേല്‍ വികസിത രാജ്യങ്ങള്‍ അവരുടെ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന പ്രചാരണമാണെന്ന് ചില ഗവേഷകര്‍ വാദിക്കുന്നുണ്ടല്ലോ?
അല്ല. കാലാവസ്ഥ മാറുന്നു; അപകടകരമായി. അതു കണ് മുമ്പില്‍ കാണാം. ഗ്രാമീണ കര്‍ഷകര്‍ നാട്ടിന്‍പുറങ്ങളില്‍ പറയുകയും പാടുകയും ചെയ്യുന്നത് ഞാന്‍ കേള്‍ക്കാറുണ്ട്: ”ഭൂമിക്ക് പനിപിടിച്ചിരിക്കുന്നു, മേഘങ്ങള്‍ തമ്മിലിടിച്ചു തകരുന്നു. ചൂടു കൂടുന്നു. മഴമേഘങ്ങള്‍ വഴിമാറിപ്പോകുന്നു. മഴയില്ല, ഭൂമിക്ക് പനിക്കുന്നു.” ഈ പാട്ടും പറച്ചിലും കാലാവസ്ഥാ പ്രവചനമാണ്. ഓരോ മേഖലയിലും കാലാവസ്ഥാ മാറ്റം കാണാന്‍ കഴിയുന്നു.
സര്‍ക്കാര്‍ വേദികളില്‍ ഗൗരവ ചര്‍ച്ചകള്‍ക്ക് താങ്കള്‍ക്ക് അവരസം ലഭിക്കാറുണ്ടോ? ഗംഗാ നദീതട അതോറിറ്റിയില്‍ ഏറെക്കാലം അംഗമായിരുന്നല്ലോ? കേന്ദ്ര സര്‍ക്കാരിന്റെ ജലനയം ശരിയായ ദിശയിലാണോ?
സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും അഭിപ്രായങ്ങള്‍ ചോദിക്കാറുണ്ട്. പറയാറുമുണ്ട്. അവര്‍ക്കത് സ്വീകരിച്ച് നടപ്പാക്കാന്‍ ബാധ്യതയൊന്നുമില്ല. ചിലര്‍ നടപ്പാക്കുന്നു. ഞാനിപ്പോള്‍ ഒരു സര്‍ക്കാര്‍ വേദികളിലുമില്ല. അഭിപ്രായങ്ങള്‍ പറയാറുണ്ട്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇല്ലാത്തതല്ല, അവ നടപ്പാക്കാത്തതാണ് പ്രശ്നം. മുന്‍ കേന്ദ്ര സര്‍ക്കാരുകളുടെ കാലത്ത് ഏറെക്കാലം ഞാന്‍ ഗംഗാ അതോറിറ്റിയിലുണ്ടായിരുന്നു. ഗംഗയുടെ പേരില്‍ നീണ്ട പോരാട്ടം ഞാനും എന്റെ കൂട്ടരും നടത്തിയിരുന്നു. അതിന്റെ ഫലമായാണ് അതോറിറ്റിയുണ്ടായത്. പക്ഷേ നടപടികള്‍ ഒന്നും ഉണ്ടായില്ല. ഗംഗയില്‍ പണിയാന്‍ തീരുമാനിച്ച മൂന്നു വന്‍ അണക്കെട്ടുകളുടെ പണി ഉപേക്ഷിപ്പിക്കാനായി.
ഇപ്പോഴത്തെ സര്‍ക്കാര്‍ ‘നമാമി ഗംഗേ’ എന്ന പദ്ധതി പ്രഖ്യാപിച്ചു. 20,000 കോടി രൂപയാണ് ഗംഗയിലെ മാലിന്യം നീക്കാന്‍ അതിലൂടെ വകയിരുത്തിയിരിക്കുന്നത്. ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു, പണം ചെലവിടുന്നു. ലക്ഷ്യം പൂര്‍ണ്ണമാകുന്നില്ല. കാരണം, ആദ്യം വേണ്ടത് ഗംഗയുടെ തടസമില്ലാത്ത ഒഴുക്ക് ഉറപ്പാക്കലാണ്. അതിനെന്തു ചെയ്യുന്നു. ഞാന്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഗംഗ ഇന്ന് രോഗിയാണ്. ഐസിയുവില്‍ കിടക്കുന്ന രോഗിക്ക് ചികിത്സയില്ല. സര്‍ക്കാരുകള്‍ ഈ പദ്ധതികള്‍ കൊണ്ടുവരും മുമ്പ് ‘ശുദ്ധഗംഗ, ഒഴുക്കുള്ള ഗംഗ’ എന്ന പദ്ധതി ഞങ്ങള്‍ അവതരിപ്പിച്ച് നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു.
താങ്കള്‍ക്ക് രാഷ്ട്രീയമില്ല. അതുകൊണ്ടാണ് ഗ്രാമീണര്‍ താങ്കളെ വിശ്വസിക്കുന്നതെന്ന് പറയുന്നു. പക്ഷേ, ഇന്ത്യയില്‍ രാഷ്ട്രീയ പിന്തുണയില്ലാതെ വിശാലമായും വ്യാപകമായും പദ്ധതികള്‍ വിജയിപ്പിക്കുക എളുപ്പമാണെന്ന് കരുതുന്നത് അബദ്ധമല്ലേ?
എനിക്ക് രാഷ്ട്രീയമില്ല. രാഷ്ട്രീയം ഒരുതരം ഗ്രൂപ്പു ചേരലാണ്. ജനങ്ങള്‍ക്ക് ഗ്രൂപ്പുകളില്‍ വിശ്വാസമില്ല. എല്ലാവരുടേയും ആളായി ഉണ്ടാവുക എന്നതാണ് പ്രധാനം. അതാണ് എന്റെ നയം. യോജിക്കാവുന്നതിനോട് യോജിക്കുക, വിയോജിപ്പുണ്ടെങ്കില്‍ പ്രകടിപ്പിക്കുക. രാഷ്ട്രീയക്കാരെ സാധാരണ ജനങ്ങള്‍ അത്രയ്ക്ക് വിശ്വാസത്തിലെടുക്കുന്നില്ല എന്നതാണ് ഇന്നത്തെ സ്ഥിതി.
ഈ ജീവിതം താങ്കളെ പഠിപ്പിച്ചതെന്താണ്?
ഞാന്‍ ഡോക്ടറായിരുന്നു. ആ പഠിത്തവും ബിരുദവും പരിചയമൊന്നുമല്ല ജീവിതം എന്നു ഞാന്‍ പഠിച്ചു. ഒരിക്കല്‍ ഗ്രാമീണ വൃദ്ധന് ചോദിച്ചു, ”സിങ്, താങ്കളും മറ്റുള്ളവരും പറയുന്നത് പണം ചെലവിടേണ്ട വലിയ പരിപാടികളെക്കുറിച്ചാണ്. പണം മുടക്കാന്‍ ആരുണ്ട്? അതിനൊരുങ്ങുന്നവര്ക്ക് പ്രത്യേക താല്പര്യങ്ങളുണ്ടാകും. പ്രകൃതിയിലേക്കു നോക്കാന്‍ നിങ്ങളാരും തയ്യാറാകാത്തതെന്താണ്?” ആ ചോദ്യമാണ് എന്റെ ജീവിത ഗതി തിരിച്ചുവിട്ടത്. ചിന്താ രീതി മാറ്റിയത്. നിരക്ഷരരായ ആ ഗ്രാമീണരാണ് എന്റെ അദ്ധ്യാപകര്‍. അവരിലൂടെയാണ് ഞാന്‍ ചെറുതടയണകളുടെ സാദ്ധ്യത അറിഞ്ഞത്, നിര്‍മ്മാണ വിദ്യ പഠിച്ചത്, നാട്ടൊരുമ തിരിച്ചറിഞ്ഞത്.
നാടിന്റെ സ്വകീയമായ അറിവുകളാണ് എന്റെ വിജ്ഞാന സമ്പ്രദായവും സംവിധാനവും. ഭാരതീയ ദര്‍ശനമാണ് എന്റെ ചിന്താ-കര്‍മ്മ വഴികള്‍. ആധുനിക ഇന്ത്യന്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം പാശ്ചാത്യ സംവിധാനങ്ങളിലും സമ്പ്രദായങ്ങളിലും ഒന്നുമല്ലെന്ന് എനിക്കുറപ്പുണ്ട്. ഇന്ത്യയുടെ രക്ഷയ്ക്ക് ഒരു മേഖലയിലും പാശ്ചാത്യ വിദ്യാഭ്യാസത്തിനോ വിജ്ഞാന മേഖലയ്ക്കോ സഹായം ചെയ്യാനാവില്ല.
ഒരുപക്ഷേ പരസ്യമായി ഡോ. രാജേന്ദ്ര സിങ്ങിനെ പിന്താങ്ങുന്നവരും രഹസ്യമായി വിയോജിക്കുന്നത് ഈ കാഴ്ചപ്പാടിനാലായിരിക്കണം. അവര്‍ക്ക് പാശ്ചാത്യമായതു മാത്രമാണല്ലോ പഥ്യം. പക്ഷേ, സിങ്ങിന് പ്രതീക്ഷയുണ്ട്, ഉറപ്പുണ്ട്; നാളെയുടെ വഴി താന്‍ വെട്ടിയൊരുക്കുന്നതുതന്നെയാണെന്ന്. അല്ലെങ്കിലും ‘സൂപ്പര്മാന്’ അതിമാനുഷന്‍ ഉണ്ടാകുന്നത് വേറിട്ട വഴികളില്‍ സഞ്ചരിക്കുന്നവരിലൂടെയാണല്ലോ. ആദ്യമാദ്യം അവര്‍ ഒറ്റയാന്മാരായിരിക്കും, പിന്നെ ആള്‍ക്കൂട്ടം ഒപ്പംകൂടും.
കവി ഡി. വിനയചന്ദ്രന് ‘ദീര്വീഴ്ചകള്’ എന്ന കവിതയില്‍ കുറിച്ചത് ഇങ്ങനെ:
”ഒരു തുള്ളി ജലമെന്റെ കുഞ്ഞിനുയിരുലകിന്റെ
കനിവീനദം, നദികള്‍, സാഗരമേഖല
ഒരു കണ്ണുനീര്‍ത്തുള്ളി അവലോകതേശ്വര
ഗുരുദര്‍ശനം ജലം നാം ജലം രക്ഷിക്ക
മഴ മണ്ണിലേക്കാര്ന്നിറങ്ങട്ടെ ഭൂഗര്‍ഭ-
ജലരേതസന്നവും അര്ത്ഥവുമാകട്ടെ
മരുഭൂമിയല്ലനാം നമ്മുടെ മക്കളാല്‍
അതിമാനവര്‍ക്കപ്പുറം വളരേണ്ടവര്..”
അതെ, അതിമാനുഷരാകുക, ജലപുരുഷന്മാരാകുക, ഓരോരുത്തരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: