നയോലയും, ചായില്യവും പതിഞ്ഞ മുഖത്തെ നവരസങ്ങള്‍ മാത്രമല്ല, സദനം കൃഷ്ണന്‍കുട്ടി എന്ന കഥകളികലാകാരന്റെ സവിശേഷത. 60 വര്‍ഷങ്ങള്‍ നീണ്ട കലോപാസനയ്ക്കിടെ നേടിയ വിവിധ അരങ്ങനുഭവങ്ങള്‍, അനവധി പേരുടെ കൂടെ കെട്ടിയാടിയ പരിചയസമ്പത്ത്, അതിലൂടെ സ്വായത്തമാക്കിയ പാഠങ്ങള്‍, പക്വത,പാകത എന്നിവയുമുണ്ട്. ഒരു കലാകാരന് അണിയറയിലും, അരങ്ങിലും എങ്ങനെയാവണം എന്നത് പുതുതലമുറ കലാകാരന്മാര്ക്ക് മാതൃകയാക്കാവുന്ന ഉത്തമകലാകാരന്‍ – സദനം കൃഷ്ണന്‍കുട്ടി!
ഇരിങ്ങാലക്കുടയില്‍ കലയുടെ സുഗന്ധമുള്ള ഉണ്ണായിവാര്യര്‍ കലാനിലയത്തിനു സമീപത്തെ ‘കൃഷ്ണസദന’ത്തിലേയ്ക്ക് ഈ വര്‍ഷത്തെ കഥകളി കലാകാരനുള്ള കേരള സര്‍ക്കാര്‍ പുരസ്കാരം എത്തിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.
കഥകളി ജീവിതം എടുത്തുനോക്കിയാല്‍ മൂന്നു തലമുറകളുടെ പ്രാതിനിധ്യമുണ്ട്, ആശാന്. കടന്നുവന്ന വഴികള്‍?
1954-ല്‍ ആരംഭിച്ചതാണ് കഥകളി അഭ്യസനം. കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടിനായരാശാന്‍, കോട്ടയ്ക്കല്‍ ശങ്കരനാരായണന് എമ്പ്രാന്തിരിയാശാന് എന്നിവരുടെ കീഴിലായിരുന്നു പഠനം. കലാമണ്ഡലം രാമന്‍കുട്ടി ആശാനാണ് ‘ഈ കുട്ടിയെ കഥകളി വേഷത്തിന് ആവാം’ എന്ന് തിരഞ്ഞെടുത്തത്. തുടര്‍പഠനം സിദ്ധിച്ചത്, തേക്കിന്‍കാട്ടില്‍ രാവുണ്ണിനായര് ആശാന്റെ കീഴില്‍. അവിടെനിന്നും കീഴ്പ്പടം കുമാരന് നായരാശാനില്‍ നിന്നും. മാണിമാധവചാക്യാര്‍ ആശാന്റെ കീഴില്‍ രസാഭിനയവും, നേത്രാഭിനയവും പഠിച്ചു.
കൂടിയാട്ടം, രാമനാട്ടം, കൃഷ്ണനാട്ടം, വെട്ടത്തുസമ്പ്രദായം, കല്ലടിക്കോടന്‍, കപ്ലിങ്ങാടന്‍, കല്ലുവഴിച്ചിട്ട ഇങ്ങനെ പലവിധ കലാരൂപങ്ങളിലൂടെ, സമ്പ്രദായങ്ങളിലൂടെ സ്വാംശീകരിക്കപ്പെട്ടു രൂപീകൃതമായതാണ് ഇന്നത്തെ കഥകളി സ്വഭാവം. ആശാന്റെ കണ്ണില്‍ ശരിയായ സാമ്പ്രദായിക കഥകളി എങ്ങനെയാണ്?
കഥകളിയിലെ മറ്റു ചിട്ടസമ്പ്രദായങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് പരിചയം ഇല്ല എന്ന് തന്നെ പറയാം. ഞങ്ങള്‍ക്ക് കല്ലുവഴി തന്നെയാണ് ഭദ്രമായ ചിട്ട. കൂമ്പടയാത്ത വിധത്തിലുള്ള ചിട്ട തന്നെയാണിത്.
പരമ്പരാഗത ആസ്വാദകരുടെയും ‘സ്വന്തമായ ശൈലി രൂപപ്പെടുത്തണം കലാകാരന്’ എന്ന് ശാഠ്യം പിടിക്കുന്നവരുടെയും ഇടയില്‍ കലാകാരന് എങ്ങനെ സ്വത്വം നിലനിര്‍ത്താന്‍ സാധിക്കുന്നു?
ചിട്ടയോടെ അഭ്യസിച്ച ഒരാള്‍ക്കേ ഇപ്പറഞ്ഞതെല്ലാം സാധിക്കൂ. ഇപ്പൊ ‘സലജ്ജോഹം’കളിക്കാന്‍ പറഞ്ഞാല്‍ അത് ചിട്ടപ്രകാരമേ ചെയ്യാനാവൂ. എന്നാല്‍, ആസ്വാദകര്‍ക്ക് വേണ്ടി അതില്‍ സ്വന്തം ശൈലി കലര്‍ത്തി ചെയ്യാന്‍ സാധിക്കും, അതിനും ചിട്ടപ്രകാരമുള്ള അടിത്തറ വേണം. കല്ലുവഴിച്ചിട്ട അഭ്യസിച്ചതിന്റെ ഒരു ഗുണമാണത്. ‘നളചരിത’ത്തിനും ഇപ്പൊ പലവിധ ആഖ്യാനങ്ങള്‍ ഉണ്ടല്ലോ. അഭ്യസനത്തില്‍ നല്ല അടിത്തറ സിദ്ധിച്ച ഞങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാം എന്നുള്ളതാണ് അനുഭവം.
ആഹാര്യകാര്യത്തില്‍ വന്നിട്ടുള്ള കാലികമായ മാറ്റങ്ങള്‍ എത്രത്തോളം സ്വീകാര്യമാണ്?
ആഹാര്യത്തില്‍ എപ്പോഴും പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. പണ്ടത്തെ അരിച്ചുട്ടിയുടെ സ്ഥാനത്ത് ഇന്ന് കടലാസ് ചുട്ടിയായി. ഉടുത്തുകെട്ട് തുണിയുടെ സ്ഥാനത്ത് പ്ലാസ്റ്റിക് ചാക്കുകളായി. വേഷത്തിന്റെ ഭംഗി കൂട്ടുവാനുള്ള പരീക്ഷണങ്ങള്‍ നല്ലതുതന്നെ. എന്നുവെച്ച് ഇതിനുള്ള ചില കണക്കുകള്‍ ഉണ്ടല്ലോ. അത് നമ്മുടെ ഗുരുകാരണവര്‍ നിര്‍ണ്ണയിച്ചു വെച്ചതാണ്. അതുകൊണ്ടുതന്നെ അതിലൊന്നും തെല്ലും പിഴവുകളില്ല എന്നതാണ് വാസ്തവം. ഫൈബര്‍ കൊണ്ടുള്ള കിരീടത്തിനായി ആലോചനകള്‍ നടക്കുന്നുണ്ട്. അപ്പോള്‍ കനം കുറയും. അതുകൊണ്ടൊന്നും ആഹാര്യത്തിന്റെ കാര്യത്തില്‍ മൂല്യച്യുതി കുറയുന്നില്ല.
ആശാന്റെ കയ്യൊപ്പ് പതിച്ച വേഷം- ‘സീതാസ്വയംവര’ത്തിലെ പരശുരാമന്! പരശുരാമന് ഒരു പുനര്‍ജീവന്‍ നല്‍കിയത് അങ്ങാണ്. അതേക്കുറിച്ച്?
ഏതു നല്ലത്, ഏതു ചീത്ത എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല. പണ്ടുള്ള പ്രഗല്ഭര് അവതരിപ്പിച്ചിട്ടുള്ള പരശുരാമനെക്കുറിച്ച് ഗുരുക്കന്മാര് പറഞ്ഞു കേട്ടിട്ടുണ്ട്. സിഎംഡി നമ്പൂതിരിപ്പാടിന്റെ സപ്തതിയ്ക്കായിട്ടാണ് പരശുരാമന്റെ വേഷം പഴയ സമ്പ്രദായത്തില്‍ കാണണം എന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചത്. കുമാരന്നായര് ആശാനോട് ചോദിച്ചു മനസ്സിലാക്കി ചെയ്യാം എന്നുള്ള ആത്മവിശ്വാസത്തില്‍ ഞാന്‍ സമ്മതം മൂളി. അപ്പോഴാണ് പൊടുന്നനെ ആശാന്റെ മരണം ഉണ്ടായത്. ആരോടും ചോദിച്ചു മനസ്സിലാക്കാനാവാതെ വിഷമിച്ചിരിക്കുമ്പോഴാണ് അദ്ദേഹം എഴുതിയ പുസ്തകം കിട്ടിയത്. അതില്‍ വ്യക്തമായി പരശുരാമന്റെ വേഷത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അങ്ങനെ ആ പുസ്തകമാണ് ഇന്ന് കാണുന്ന പരശുരാമനെ രൂപപ്പെടുത്തിയെടുക്കാന്‍ എന്നെ സഹായിച്ചത്.
ഒരേ സ്ഥാപനത്തില്‍നിന്നും അവിടുത്തെ ആ ശൈലിയില്‍ മാത്രം അഭ്യാസം സിദ്ധിക്കുന്നത് എത്രത്തോളം ഗുണകരമാണ്/ദോഷകരമാണ്?
ഗുണമുണ്ട് എന്ന് പറയാന്‍ പറ്റില്ല, എന്നാല്‍ പൂര്‍ണ്ണമായും ദോഷമാണ് എന്നും പറയാന്‍ വയ്യ. ഒരു സ്ഥാപനത്തില്‍ പഠിക്കുമ്പോള്‍തന്നെ മറ്റു സ്ഥാപനങ്ങളിലെ അല്ലെങ്കില്‍ മറ്റു ഗുരുക്കന്മാരുടെ ശൈലികള്‍ നിരീക്ഷിക്കുന്നത് നന്നായിരിക്കും. ഇപ്പോള്‍ സദനത്തില്‍ പഠിക്കുന്ന സമയത്തുതന്നെ ഞങ്ങള്‍ രാമന്‍കുട്ടി ആശാനെപ്പോലുള്ളവരെ സന്ദര്‍ശിക്കുകയും, പല കാര്യങ്ങളും ചോദിച്ചറിയുകയും ചെയ്തിരുന്നു. കാരണം, ഞങ്ങളെല്ലാം പല താവഴികളിലായി കിടക്കുന്ന ഒറ്റ കുടുംബമായിരുന്നു. ഒരേ തറവാട്ടില്‍നിന്നും ഭാഗം പിരിഞ്ഞുപോയവരെപോലുള്ള സ്നേഹൈക്യം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു.
കഥകളി ക്ലബ്ബുകളുടെ പ്രതിമാസ അരങ്ങുകളും, മറ്റുമായി ഇന്ന് എല്ലാവര്ക്കും സമൃദ്ധമായി അരങ്ങുകള്‍ കിട്ടുന്നുണ്ട്. ഈ തിരക്ക്മൂലം ദേഹരക്ഷ നോക്കേണ്ടുന്ന ഒരു അവസരം കലാകാരന്മാര്ക്ക് കിട്ടാതായി. അതെക്കുറിച്ച്?
വളരെ സന്തോഷകരമായ കാര്യം. ഇക്കാര്യത്തില്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനം എടുത്തുപറയണം. പിറന്നാളുകള്‍, കല്യാണങ്ങള്‍ തുടങ്ങിയവയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കളിയരങ്ങുകള്‍. സാമ്പത്തികമായും നല്ല കാര്യമാണത്. സ്വന്തം ആരോഗ്യം സംരക്ഷിക്കേണ്ടത് കലാകാരന്മാരുടെ കടമയാണ്. അതിനു അവസരം കണ്ടെത്തുക തന്നെ വേണം. എന്റെ ഈ ആരോഗ്യരഹസ്യം തന്നെ വര്‍ഷങ്ങളായി കോട്ടയ്ക്കലില്‍നിന്നും ലഭിക്കുന്ന ചികിത്സാസൗകര്യമാണ്.
പല ഗുരുമുഖങ്ങളില്‍ നിന്നും കഥകളിയുടെ വിവിധ ഘടകങ്ങള്‍ പരിശീലിച്ചയാളാണ് അങ്ങ്. അവരെകുറിച്ച്? അവരുടെ പരിശീലന സ്വഭാവങ്ങളെകുറിച്ച്?
സ്വന്തം ഗുരുനാഥന്മാര് എന്ത് പറഞ്ഞു തന്നോ, അത് അതേപടി പകര്‍ത്തുന്നതാണ് ഗുരുത്വം എന്ന് ഞാന്‍ വിശ്വസിക്കുന്നു. പിന്നെ, അവര്‍ പറഞ്ഞു തന്നത് തെറ്റാണെന്ന് വിമര്‍ശിക്കാന്‍ നാം ആളല്ല. അതൊരു കാലത്തും ചെയ്യാന്‍ പാടില്ല. ആശാന്മാര്ക്ക് പിഴച്ചു എന്ന് ഒരിക്കലും ധരിക്കാന്‍ പാടില്ല, നമുക്ക് അതിനു അധികാരമോ, അവകാശമോ ഇല്ല. അവര്‍ക്ക് കിട്ടിയതെന്തോ, അവര്‍ നമുക്ക് തന്നു, നാം അത് നമ്മുടെ പിന്‍തലമുറയ്ക്ക് പകര്‍ന്നു നല്കുന്നു. ഈ അടിത്തറയില്‍ ഒരു മാറ്റവും വരുത്താന്‍ പാടില്ല.
കഥകളി സംഗീതം, മേളം, എന്നിവയിലും കാലികമായ പല മാറ്റങ്ങളും വന്നിട്ടുണ്ട്. സാധാരണ അവതരിപ്പിക്കുന്നതില്‍നിന്നും വ്യത്യസ്തമായി രാഗം മാറ്റി പാടുക എന്നിങ്ങനെയുള്ള മാറ്റങ്ങളെകുറിച്ച്?
പാട്ടിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. ഇന്നത്തെ പാട്ടുകാരെല്ലാം നല്ല കഴിവുള്ളവരാണ്. അതിനൊപ്പം കഴിവുകള്‍ പ്രകടമാക്കുന്ന മാറ്റങ്ങള്‍ നല്ലതാണ്. അത് രംഗങ്ങള്‍ക്ക് യോജിക്കുന്ന വിധത്തില്‍ ആണെങ്കില്‍ ഒരു കുഴപ്പവുമില്ല. അതില്‍ അഭിപ്രായവ്യത്യാസമില്ല. പാട്ട്, ചെണ്ട, മദ്ദളം എന്നിവയെല്ലാം അരങ്ങത്ത് ഒതുക്കം പ്രകടമാക്കണം. ഒന്ന് മറ്റൊന്നിനേക്കാള്‍ ഏറിനില്ക്കരുത്.
കഥകളിയരങ്ങുകള്‍ നടക്കുന്ന വേദികളില്‍ ആശാന് ഒരു ആസ്വാദകനായി എത്തുന്നത് കണ്ടിട്ടുണ്ട്. എങ്ങനെ വിലയിരുത്തുന്നു, മറ്റുള്ളവരുടെ പ്രകടനങ്ങള്‍?
എനിക്കുശേഷം പ്രളയം എന്ന ചിന്താഗതിയില്ല. സഹപ്രവര്‍ത്തകരുടെ കളികള്‍ കാണാന്‍ ചെന്നിരിക്കുമ്പോള്‍ ഓരോ അരങ്ങില്‍നിന്നും എനിക്ക് എന്തെങ്കിലുമൊക്കെ ആശയങ്ങള്‍ വീണുകിട്ടാറുണ്ട്. അതിനെല്ലാം ആസ്വാദകന് ആയേ പറ്റൂ. അരങ്ങനുഭവങ്ങള്‍ മാത്രം പോരാ, കലാകാരന്മാര്ക്ക് ആസ്വാദകാനുഭവങ്ങളും വളരെ ആവശ്യമാണ്.
75 വയസ്സിനോടടുക്കുന്ന ഊര്‍ജ്ജസ്വലനായ യുവാവ്- അരങ്ങില്‍ അങ്ങയുടെ ഊര്‍ജ്ജം ഒന്നുവേറെ തന്നെയാണ്. അരങ്ങത്ത് സ്വയം മറന്നു പോവാറുണ്ടോ?
സ്വയം മറന്നു ചെയ്യുന്നതല്ല, ആ കഥാപാത്രത്തിനുള്ളില്നിന്നുകൊണ്ട് എന്തെല്ലാം ചെയ്യാം എന്നാണ് അരങ്ങത്ത് നോക്കാറുള്ളത്. നമ്മളെ നമ്മള്‍തന്നെ നിയന്ത്രിച്ചുകൊണ്ടു വേഷം അവതരിപ്പിക്കുക. ഏതു കഥാപാത്രമാണോ അവതരിപ്പിക്കുന്നത്, അരങ്ങത്ത് അതായി മാറുക തന്നെ വേണം. നമ്മുടെ നിലനില്പാണല്ലോ. അതില്‍ ഒരു വഴിപാട് കഴിക്കുന്ന സ്വഭാവം പാടില്ല. പൂര്‍ണ്ണമായും സ്വയം അര്‍പ്പിച്ച് വേഷം ചെയ്യുക. വിജയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: