രോഗികള്‍ക്കും നിര്‍ധനര്‍ക്കും അഗതികളായവര്‍ക്കും ആശ്വാസം പകരാനായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണ് കെ.എസ്. സുജ. പഠനകാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഭാഗമായി നടത്തിയ സമരത്തില്‍ പോലീസ് മര്‍ദ്ദനത്താല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയേണ്ടിവന്നു. അതോടൊപ്പം സഹോദരന് കെ.എസ്. ജയമോഹന് പോളിയോ ബാധയെത്തുടര്‍ന്ന് 28 ശസ്ത്രക്രിയകള്‍ക്കു വിധേയനായി.
ഇതിനിടെ പൂര്‍ണ ആരോഗ്യവതിയായിരുന്ന അമ്മ ഹൃദയാഘാതത്തെത്തുടര്‍ന്ന് യഥാസമയം ചികിത്സ കിട്ടാതെ മരിച്ചു. തന്റെയും സഹോദരന്റെയും തുടര്‍ന്നുള്ള ജീവിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചത് ഈ സംഭവങ്ങളെ തുടര്‍ന്നാണെന്ന് സുജ പറയുന്നു. അങ്ങനെ നെയ്യാറ്റിന്‍കര സ്വദേശിയായ സുജയുടെയും സഹോദരന്റെയും നേതൃത്വത്തില്‍ 17 പേര് ചേര്‍ന്ന് 2004 ല്‍ കണ്ണൂര്‍ പിലാത്തറയില്‍ ഹോപ് എന്ന പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് സേവനപ്രവര്‍ത്തനം തുടങ്ങി. മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ആലംബഹീനര്‍ക്ക് ആശ്വാസമേകാനാണ് ട്രസ്റ്റ് രൂപീകരിച്ചത്. രോഗികള്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും താങ്ങാകുകയാണ് ട്രസ്റ്റിന്റെ ഉദ്ദേശ്യം.
ഇന്ന് കണ്ണൂരില്‍ രോഗികളും അഗതികളും വൃദ്ധരുമടങ്ങുന്ന 150 പേരെ അധിവസിപ്പിച്ച് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. വിശക്കുന്നവര്‍ക്ക് ഉച്ചഭക്ഷണം നല്കുന്ന പൊതിച്ചോറ്, കാരുണ്യഹസ്തം തുടങ്ങിയ പദ്ധതികളും തുടര്‍ന്ന് ആരംഭിച്ചു. സര്‍ക്കാരിന്റെ യാതൊരു സാമ്പത്തിക സഹായവമില്ലാതെ വിവിധ ബാങ്കുകളുടെയും സന്നദ്ധ സംഘടനകളുടെയും സാമ്പത്തിക സഹായത്തോടെയാണ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
സ്ത്രീശാക്തീകരണം നല്ല കുടുംബ സൃഷ്ടിയിലൂടെ എന്ന സന്ദേശമുയര്‍ത്തി സ്വയം തൊഴില്‍ പരിശീലന പദ്ധതിയും വ്യാപിപ്പിച്ചു. പരിശീലനത്തോടൊപ്പം സ്വയംതൊഴിലിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ഒപ്പം എന്ന ഈ പദ്ധതിക്ക് ഏപ്രിലില്‍ തുടക്കമായി. ഇതിന്റെ ഉദ്ഘാടനം കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് സഹമന്ത്രി കൃഷ്ണരാജാണ് ഉദ്ഘാടനം ചെയ്തത്. കുടുംബാംഗങ്ങള്‍ മാരക രോഗത്തിനടിമപ്പെട്ട് വന്‍ സാമ്പത്തിക ബാദ്ധ്യതയുടെ നടുവില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു ജീവിതം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഒപ്പം’ പദ്ധതി നടപ്പാക്കിയത്.
നീണ്ട 13 വര്‍ഷമായി ഈ ട്രസ്റ്റ് നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായം, വീല്‍ ചെയര്‍ വിതരണം, വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം, രക്തദാനത്തിനായി 10,000 ത്തിലധികം യൂണിറ്റുകള്‍, മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ,ഹൃദയ ശസ്ത്രക്രിയ, നേത്രശസ്ത്രക്രിയ എന്നിവയ്ക്ക് സഹായം എന്നിവ നിരവധി സേവന പ്രവര്‍ത്തനങ്ങളില്‍ ചിലതുമാത്രം. ട്രസ്റ്റിന്റെ കീഴില്‍ നാല് ആംബുലന്‍സ് സര്‍വീസുകള്‍, രണ്ട് പുനരധിവാസകേന്ദ്രങ്ങള്‍, 67 ക്യാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പുകള്‍ എന്നിവ പ്രവര്‍ത്തിച്ചുവരുന്നു. ജീവകാരുണ്യപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വര്‍ക്കല, കടയ്ക്കല്‍ കൊട്ടാരക്കര, തുടങ്ങിയ സ്ഥങ്ങളില്‍ വൃദ്ധസദനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും സുജ പറയുന്നു. കാസര്‍കോഡ് ജില്ലയില്‍ കാഞ്ഞങ്ങാട്ട് ഓട്ടിസം തുടങ്ങിയ വൈകല്യങ്ങളുള്ളവര്‍ക്കായി അന്താരാഷ്ട്രനിലവാരമുള്ള ഗവേഷണ കേന്ദ്രവും ഇന്‍സ്റ്റിറ്റ്യൂട്ടും ഉടന്‍ ആരംഭിക്കും. തിരുവനന്തപുരത്ത് വൃദ്ധസദനം തുടങ്ങുന്നതിനായി ജില്ലാ പഞ്ചായത്ത് വക കെട്ടിടവും മറ്റുസൗകര്യങ്ങളും വാഗ്ദാനം ചെയ്തുകഴിഞ്ഞു.
ഫ്രണ്ട്സ് ഓഫ് കുവൈറ്റ് പുരസ്കാരം, ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചതിന് ലയണ്‍സ് ക്ലബ്ബിന്റെ വൈസ്മെന്‍സ് ക്ലബ്ബ് പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. സേവനപ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനായി എസ്ബിഐ, എസ്ബിടി, ജനമൈത്രി പോലീസ്, ഏഴിമല നാവിക അക്കാദമി എന്നിവയുടെ അകമഴിഞ്ഞ സാമ്പത്തിക സഹായം പ്രയോജനപ്പെട്ടിട്ടുണ്ടെന്നും സുജ പറയുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ സുജ ഇപ്പോള്‍ തിരുവനന്തപുരത്ത് കുന്നുകുഴി വരമ്പശ്ശേരി സൗപര്‍ണികയില്‍ താമസിക്കുന്നു. ഭര്‍ത്താവ് സി. ജയചന്ദ്രനും ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ സഹായിച്ചുവരുന്നു. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ പ്രവര്‍ത്തനം ഒന്നുകൊണ്ടു മാത്രമാണ് ഇന്ന് ഈ ട്രസ്റ്റ് യാഥാര്‍ത്ഥ്യമായതെന്നും സുജ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: