കാസര്‍കോട്: ടാറിംഗിലെ മിനുസം പോലും മാറുന്നതിന് മുമ്പേ വിദ്യാനഗര്‍-സീതാംഗോളി റോഡില്‍ പലയിടത്തും മൊബൈല്‍ കമ്പനിയുടെ കേബിളും പൈപ്പ് ലൈനും സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ചു. 30 കോടി രൂപ മുതല്‍ മുടക്കിയാണ് റോഡ് നവീകരണ പ്രവൃത്തികള്‍ നടന്ന് വരുന്നത്.
കഴിഞ്ഞ ദിവസമാണ് വിദ്യാനഗറിന് സമീപം രണ്ടിടങ്ങളില്‍ കേബിളും പൈപ്പ്ലൈനും സ്ഥാപിക്കുന്നതിനായി റോഡ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചത്. ഒമ്പതര കിലോമീറ്റര്‍ നീളമുള്ള വിദ്യാനഗര്‍-സീതാംഗോളി റോഡ് 30 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള ലിമിറ്റഡെറ്റെടുത്ത് നടത്തുന്ന റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിച്ചു വരികയാണ്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് എന്ന ലക്ഷ്യമിട്ടുള്ള റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി വിദ്യാനഗര്‍ ഭാഗത്ത് ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. അതിനിടെയാണ് മനോഹരമായ റോഡില്‍ കേബിള്‍ സ്ഥാപിക്കുന്നതിനായി കുഴികളെടുത്തത്.
ഒരിടത്ത് പൈപ്പ് ലൈന്‍ സ്ഥാപിച്ച ശേഷം കുഴി മൂടിയിട്ടുണ്ട്. റോഡ് പൊട്ടിപ്പൊളിച്ച് കേബിളുകള്‍ സ്ഥാപിക്കുകയും പിന്നീട് വേണ്ട രീതിയില്‍ മൂടാത്തത് മൂലം റോഡിന്റെ ബാക്കിയുള്ള ഭാഗങ്ങളും വേഗത്തില്‍ തകരുന്നതും പതിവാണ്. റോഡ് നിര്‍മ്മാണം നടത്തി കഴിഞ്ഞതിന് ശേഷമാണ് പലയിടങ്ങളിലും വെട്ടിപ്പോളിച്ചിരിക്കുന്നത്. നന്നാക്കിയാല്‍ ഉടന്വെട്ടിപ്പൊളിക്കല് കേബിളിടുന്നവരുടെ സ്ഥിരം പണിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: