നീലേശ്വരം: ജനങ്ങളുടെ എതിര്‍ത്തതിനെ തുടര്‍ന്ന് കരിന്തളം തലയടുക്കത്തെ ഖനനത്തില്‍ നിന്നും കെസിസിപിഎല്‍ പിന്മാറുന്നു. ഇന്നലെ രാവിലെ കണ്ണൂര്‍ പറശിനിക്കടവിലെ ഹെഡ്ഡോഫീസില്‍ നിന്നും എത്തിയ സംഘം പോലീസ് സഹായത്തോടെ ഡ്രില്ലിംഗ് മെഷീന് ഉള്‍പ്പെടെയുള്ള ഖനനോപകരണങ്ങള്‍ കടത്തിക്കൊണ്ടുപോയി.
പോലീസ് സഹായത്തോടെ ജനകീയസമിതി ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് യന്ത്രോപകരണങ്ങള്‍ മാറ്റിയത്. ഒരു വര്‍ഷക്കാലത്തോളം ഇവിടെ ഖനനം നടത്തിയതിനെ തുടര്‍ന്ന് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളും ജനങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ ജനകീയ സമരത്തിന്റെ ഭാഗമായി ഖനനം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് പലവട്ടം ഖനന നീക്കവുമായി കെസിസിപിഎല്‍ രംഗത്ത് വന്നുവെങ്കിലും ജനങ്ങളുടെ എതിര്‍പ്പില്‍ നിര്‍ത്തിവെക്കുകയായിരുന്നു.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ.പി.ജയരാജന്റെ നേതൃത്വത്തില്‍ വീണ്ടും ഖനനം നടത്താനായി ജനകീയ സമിതി ഭാരവാഹികളും പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും ഇവര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
കഴിഞ്ഞ ആഴ്ച വീണ്ടും ജനകീയ സമിതിയെയും പഞ്ചായത്ത് ഭരണസമിതിയെയും ചര്‍ച്ചക്കായി സര്‍ക്കാര്‍ ക്ഷണിച്ചിരുന്നുവെങ്കിലും സര്‍ക്കാറിന്റെ ക്ഷണം നിരസിച്ചു. ഇതോടെയാണ് ഒരു കാരണവശാലും ഖനനം നടത്താന്‍ കഴിയില്ല എന്ന് ഉറപ്പിച്ച കമ്പനി യന്ത്രോപകരണങ്ങള്‍ നീക്കം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: