തിരുവിതാംകൂറിലെ അഞ്ചല്‍ സര്‍വീസിന്റെ സൂപ്രണ്ടായിരുന്നു എന്‍.പി. ചെല്ലപ്പന് നായര്‍. ബിഎബിഎല്‍ ബിരുദധാരി. അറിയപ്പെടുന്ന നാടകകൃത്ത്ു; കലാകാരന്.ചെങ്ങന്നൂരിലെ കൈലാസ് മോട്ടോഴ്സിന്റെ ഉടമയായിരുന്ന നാരായണന് ശ്രീനാരായണ വിശ്വാസ ദര്‍ശനത്തിന്റെ അനുകര്‍ത്താവായിരുന്നു. സാത്വികന്. ആത്മീയതയോടു തികഞ്ഞ ചായ്വ്. എല്ലാവര്‍ഷവും ധര്‍മശാസ്താവിനെ വണങ്ങുവാന് മലചവുട്ടും. അങ്ങനെ പെരിയ സ്വാമിയായ നാരായണ സ്വാമി നാരായണെന്നു വിളിപ്പേരായി.
സന്മാര്ഗ്ഗ ചിന്ത പ്രചരിപ്പിക്കുവാന്‍ സിനിമ എന്ന മാധ്യമത്തെ ഉപയോഗിക്കണം എന്നൊരു ഉള്‍വിളി സ്വാമി നാരായണനുണ്ടായി. ഒരു സോദ്ദേശ്യ ചിത്രം നിര്‍മിക്കാമെന്നു തീരുമാനിച്ചു.
ഹരിശ്ചന്ദ്ര കഥ സിനിമയാക്കിയാലോ എന്നു തോന്നി. സിനിമയില്‍ നേരിട്ടങ്ങനെ പരിചയമില്ല. പരിചയമുള്ള ഒരാളെ മാര്‍ഗ്ഗദര്‍ശിയായി കണ്ടെത്തണം. പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞത് എന്‍.പി. ചെല്ലപ്പന് നായരുടെ പേരാണ്.
സമൂഹത്തില്‍ ഉന്നതശീര്‍ഷന്‍. പോരാത്തതിന് കെ. സുബ്രഹ്മണ്യം സംവിധാനം ചെയ്ത് പ്രഹ്ലാദയ്ക്ക് സംഭാഷണമെഴുതിയിട്ടുണ്ട്. അതിലൊരു ചെറിയ വേഷം അഭിനയിച്ചിട്ടുമുണ്ട്. അപ്പോള്‍ പിന്നെ സിനിമ അറിയണമല്ലോ. കൂടുതല്‍ ചലച്ചിത്രപ്രാപ്യവും മതിപ്പുമുള്ള ഒരാള്‍ പരിചയവൃത്തിയില് വേറെയില്ലാതിരുന്നതുകൊണ്ട് സ്വാമി നാരായണന് എന്‍. പി. ചെല്ലപ്പന് നായരെ തന്റെ ചലച്ചിത്ര മാര്‍ഗ്ഗദര്‍ശിയായി വരിച്ചു; തേടിച്ചെന്നും. ഹരിശ്ചന്ദ്ര കഥ സിനിമയാക്കണമെന്ന ആഗ്രഹം പറഞ്ഞു.
കെ. കെ. പ്രൊഡക്ഷന്‍സിനുവേണ്ടി കെ.വി. കോശിയും കുഞ്ചാക്കോയും ചേര്‍ന്ന് നിര്‍മിച്ച ‘നല്ല തങ്കാ’ ഒരു നല്ല വിജയമായിരുന്നു. തൊട്ടുപുറകെ അതേ ജനുസ്സില്‍ ഒരു ചിത്രം നിര്‍മിച്ചാല്‍ അതിന് സ്വീകാര്യത കിട്ടാതെ പോകുമെന്നു പറഞ്ഞു. സ്വാമി നാരായണനെ ചെല്ലപ്പന് നായര്‍ ഹരിശ്ചന്ദ്ര കഥ സിനിമയാക്കുന്നതില്നിന്നും പിന്തിരിപ്പിച്ചു. ഹരിശ്ചന്ദ്ര പിന്നീട് സിനിമയാക്കുവാനുള്ള നിയോഗം പി. സുബ്രഹ്മണ്യത്തിനായിരുന്നു; 1955 ല്‍.
പുരാണകഥയേക്കാള് വിജയസാധ്യത സാമൂഹ്യകഥയ്ക്കാണെന്ന് ചെല്ലപ്പന് നായര്‍ സ്വാമി നാരായണനെ ബോധ്യപ്പെടുത്തി. അതിലൊരു സ്വാര്‍ത്ഥത വേണമെങ്കില്‍ കാണാം, തന്റെ അക്കാലങ്ങളില്‍ സ്റ്റേജില്‍ വിജയിച്ച ‘ശ്രീധരന് ബിഎ’ എന്ന നാടകമാണ് അദ്ദേഹം പകരം നിര്‍ദ്ദേശിച്ചത്. അങ്ങനെയാണ് സ്വാമി നാരായണന് കൈലാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ‘ശശിധരന്’ എന്ന ചിത്രം നിര്‍മിക്കുന്നത്.
ഒരു ചിത്രം മാത്രം നിര്മിക്കണമെന്നേ സ്വാമി നാരായണന് ഉദ്ദേശിച്ചിരുന്നുള്ളൂ. സിനിമയുടെ രുചി പക്ഷെ, ഒരു ലഹരിപോലെയാണ്. ഒരിക്കല്‍ രുചിയറിഞ്ഞാല്‍ സിനിമാ മോഹിനി പിന്നെയും ഭാഗ്യപരീക്ഷണത്തിന് പ്രലോഭിപ്പിക്കും. സ്വാമി നാരായണനും അപവാദമായില്ല. ‘ശശിധരന്റെ’ തുടര്‍ച്ചയില്‍ അദ്ദേഹം ‘ചേച്ചി’ നിര്‍മിച്ചു. 1953 ല്‍ ‘ലോകനീതി’യും 1955 ല്‍ ‘കാലം മാറുന്നു’വും കൂടി നിര്‍മിച്ചശേഷമേ പിന്മാറിയുള്ളൂ.
ഉദയാ സ്റ്റുഡിയോയിലായിരുന്നു ‘ശശിധരന്റെ’ ചിത്രീകരണം. നല്ല അനുഭവമായിരുന്നില്ല ഉദയാ സ്വാമിനാരായണനു നല്‍കിയതെന്നാണ് ചേലങ്ങാട്ടു ഗോപാലകൃഷ്ണന്റെ നിരീക്ഷണം. ‘ചേച്ചി’ സേലത്തെ രത്നാ സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചത്. പി. സുബ്രഹ്മണ്യത്തിന്റെ മെരിലാന്റ് സ്റ്റുഡിയോ സജ്ജം സജീവമായതോടെ ‘ലോകനീതി’ ചിത്രീകരണം അവിടെയാക്കി.
‘ശശിധരനും’ ‘ചേച്ചി’യും സംവിധാനം ചെയ്തത് ടി. ജാനകീറാമാണ്. ബാംഗ്ലൂര്‍ സ്വദേശിയായ ജാനകീറാം ‘മഹാനന്ദ’ എന്ന കന്നഡ ചിത്രം നിര്‍മിച്ചുകൊണ്ടാണ് രംഗത്തേയ്ക്കുവന്നത്. ചിത്രം പരാജയമായതോടെ മദിരാശിയില്‍ ചേക്കേറി അവിടെ സംവിധാന-ഛായാഗ്രഹണ മേഖലകളില്‍ സഹായിയായി തന്റെ രണ്ടാംപാദം തുടങ്ങി. പിന്നീട് സ്വതന്ത്രഛായാഗ്രാഹകനായി; ആ തുടര്‍ച്ചയില്‍ സംവിധായകനും. ‘കണ്ണില്‍ മണി’ എന്ന ചിത്രം വലിയ വിജയമായതോടെ ജാനകീറാം പ്രസിദ്ധനായി. ആ ഖ്യാതിയും പദവിയുമായാണ് അദ്ദേഹം മലയാള സിനിമയിലെത്തിയത്.
ഏലൂരിലെ എഫ്എസിടി ഹോസ്പിറ്റലില്‍ കമ്പൗണ്ടറായിരുന്ന ജോണ്‍, മകള്‍ എന്‍.ജി. മേരിയുമായി കെ ആന്റ് കെ പ്രൊഡക്ഷന്‍സ് ‘നല്ല തങ്കാ’ നിര്‍മിക്കുന്ന കാലത്ത് അഭിനയിക്കുവാന്‍ അവസരം ചോദിച്ചുകൊണ്ട് കെ.വി. കേശിയെ സമീപിച്ചിരുന്നു. ഉപനായികയായ മൂളിയലങ്കാരിയുടെ വേഷം അഭിനയിക്കുവാന്‍ മേരിയെ തിരഞ്ഞെടുത്തത്. ‘ത്രേസ്യാമ്മ’ എന്ന പേര് സിനിമയ്ക്ക് ചേരുന്നതല്ലെന്ന് കണ്ട് ‘കുമാരി’ എന്ന കോശി പരിഷ്കരിച്ചതുപോലെ മേരി എന്ന പേരിനു പകരം ‘ഓമന’ എന്ന താര നാമം അവളില്‍ ചാര്‍ത്തപ്പെട്ടു. ‘ശശിധരനി’ലും ‘ചേച്ചി’യിലും മിസ്സ്. ഓമനയ്ക്കു നല്ല വേഷങ്ങള്‍ ലഭിച്ചു. അക്കൂട്ടത്തില്‍ സംവിധായകന് ജാനകീറാമിന് അവളോട് ഒരു താല്പര്യം തോന്നി. അങ്ങനെ അവള് ജാനകീറാമിന്റെ രണ്ടാം ഭാര്യയായി ബാംഗ്ലൂരിലേക്ക് പോയി.
ജാനകീറാമുമായുള്ള ദാമ്പത്യം ഏറെ നീണ്ടില്ല. ഒരു കുഞ്ഞായിക്കഴിഞ്ഞ് അവര്‍ പിരിഞ്ഞുപോലും!.സ്നേഹലത എന്ന പേരില്‍ അഭിനയരംഗത്ത് ഒരു പുനഃപ്രവേശത്തിനു ശ്രമിച്ചുവെങ്കിലും വിജയിച്ചില്ലത്രെ. മദിരാശിയിലെ നിശ്ചല ഛായാഗ്രാഹകനായ കൃഷ്ണന് പിന്നീട് അവളെ വിവാഹം കഴിച്ചു. ആ ബന്ധത്തിലുണ്ടായ മകള്‍ ശ്രീലേഖ ‘മോഹം’ എന്ന ചിത്രത്തില്‍ രാഘവന്റെ നായികയായി അഭിനയിച്ചിരുന്നു എന്നും മറ്റുമുള്ള മേരി പുരാവൃത്തമത്രയും ചേലങ്ങാട്ടു കുറിപ്പുകളില്‍ നിന്ന് സമാഹൃതം.
‘ശശിധരന്’ ചിത്രം വിജയിച്ചുവെന്നാണ് ചേലങ്ങാട്ടു ഗോപാലകൃഷ്ണന് ഒരിടത്തു പറഞ്ഞിട്ടുള്ളത്. മറ്റൊരിടത്ത് ‘ലോകനീതി’യെക്കുറിച്ചു പറയുന്ന കൂട്ടത്തില്‍ ‘ശശിധരന്’ സ്വാമി നാരായണന്റെ ‘കൈപൊള്ളിച്ചു’ എന്നും എഴുതിക്കണ്ടു.
‘ശശിധര’ന്റെ രചിയാതാവായ എന്‍.പി. ചെല്ലപ്പന് നായര്‍ തന്നെയാണ് ‘ചേച്ചി’യുടെ രചനയും നിര്‍വഹിച്ചത്. ‘ശശിധരന്’ ജനപ്രിയ നാടകത്തിന്റെ ചേരുവ മേനിയുണ്ടായിരുന്നു. ‘ചേച്ചി’ പക്ഷെ തല്ലിക്കൂട്ടി ഉണ്ടാക്കിയ ഒരു കഥയുടെ പ്രതീതിയാണുണര്‍ത്തിയത്. ജാനകീറാമിന്റെ തമിഴ് ശീലങ്ങള്‍ സ്വാധീനമായി പെയ്തിറങ്ങിയിട്ടുണ്ടാകാം. ആ സാധ്യത പക്ഷേ, ‘ശശിധരനു’മുണ്ടായിരുന്നു. ‘ചേച്ചി’യില്‍ ആദ്യാവസാനം കൃത്രിമത്വം ചുവച്ചുവെങ്കില് പഴി സംവിധായകന്റെ തമിഴ് ചായ്വില് ചാരി എന്‍.പി. ചെല്ലപ്പന് നായര്‍ക്ക് കുറ്റവിമുക്തനാകുവാന് കഴിയില്ല. സ്വന്തം നിലയില്‍ ഒരെഴുത്തുകാരന് എന്ന നിലയിലും ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥ പ്രമാണി എന്ന നിലയിലും തന്റേതായ പ്രൗഢിഗരിമയുള്ള ചെല്ലപ്പന്‍നായരുടെ എഴുത്തുന്യായങ്ങളെ ജാനകിറാം ഒരിയ്ക്കലും പാടെ നിരാകരിക്കുമായിരുന്നില്ല.
ചുറ്റുപാടും പരതി അവയെ ചേരുവാ ശകലങ്ങളെ മാതൃകയാക്കി സിനിമയ്ക്ക് ഇങ്ങനെയൊക്കെയാണ് കഥ ഉണ്ടാവേണ്ടതെന്ന സങ്കല്‍പ്പത്തില്‍ സ്വയമേ എത്തിച്ചേര്‍ന്നു വൈകല്യം എന്നുപറയാതെ വയ്യ. തിരുത്തണമായിരുന്നു; തിരുത്തുവാന്‍ കഴിയുമായിരുന്നു. തിരുത്തിയില്ല. സിനിമയല്ലേ, അതിനിത്രയൊക്കെ മതി എന്നു നിസ്സാരമായി കരുതി; ഇങ്ങനെയാണ് സിനിമ എന്ന വികല സങ്കല്പമാകാം ചെല്ലപ്പന് നായരെ നയിച്ചിരുന്നതും.
രണ്ടായാലും രക്തസാക്ഷി സാത്വികനായ സ്വാമി നാരായണന് തന്നെ!
‘ശശിധരനും’ ‘ചേച്ചി’യും, രണ്ടുചിത്രങ്ങളുമതെ, മലയാള സിനിമയുടെ സഞ്ചാരപാതയില്‍ ചലനങ്ങളൊന്നുമുണര്ത്താതെ കടന്നുപോയവയാണ്. അതുകൊണ്ട് ഇവ്വിധത്തില്ക്കവിഞ്ഞ ഒരു പരാമര്‍ശവും പ്രസക്തിയും അവകാശമാക്കുന്നുമില്ല.
അടുത്തലക്കത്തില്‍: ജീവിതനൗക
പ്രതികരിക്കാൻ ഇവിടെ എഴുതുക: