മലപ്പുറം: നിലമ്പൂരിൽ മാവോയിസ്റ്റുകള്‍ സായുധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) കേരള പോലീസിന് മുന്നറിയിപ്പു നൽകി.
നിലമ്പൂരിലെ മാവോയിസ്റ്റു വേട്ടയ്ക്ക് പക വീട്ടാനായി പോലീസ് സ്റ്റേഷനുകൾ, ഫോറസ്റ്റ് ഓഫിസുകൾ എന്നിവിടങ്ങൾക്കു നേരെ ആക്രമണത്തിനു സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ് വധിക്കപ്പെട്ടതിനു ശേഷം സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ സമിതി കർണാടക സ്വദേശിയായ ബി.ജി.കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലാണ് മാവോയിസ്റ്റുകള്‍ പുതിയ നീക്കങ്ങള്‍ നടത്തുന്നത്. സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഗറില ആർമിയിലെ (പിഎൽജിഎ) തൊണ്ണൂറോളം പ്രവർത്തകർ വയനാട് വനമേഖലയിൽ തമ്പടിച്ചിട്ടുണ്ട്.
എകെ 47 തോക്കുകൾ, ഉഗ്ര സ്ഫോടക വസ്തുക്കൾ എന്നിവയും സംഘത്തിന്റെ പക്കലുണ്ട്. സംഘാംഗങ്ങൾ ഇടയ്ക്കു വനമേഖലയിൽ നിന്നു പുറത്തിറങ്ങി നഗരപ്രദേശങ്ങളിൽ ഒളിവിൽ കഴിയാൻ എത്താറുണ്ടെന്നും അനുഭാവികളുമായി സജീവ ബന്ധം പുലർത്തുന്നുണ്ടെന്നുമാണ് ഐബിക്കു ലഭിക്കുന്ന വിവരം.
തമിഴ്നാട് സ്വദേശികളായ മണിവാസവൻ, കണ്ണൻ, കാർത്തിക്, കർണാടക സ്വദേശി ജയണ്ണ, ആന്ധ്ര സ്വദേശി ദീപക്, മലയാളികളായ സി.പി.ഇസ്മായിൽ, സി.പി.മൊയ്തീൻ, ലത, ജിഷ, സുന്ദരി തുടങ്ങിയവരാണു പിഎൽജിഎ വിഭാഗങ്ങൾക്കു നേതൃത്വം നൽകുന്നതെന്നും ഐബി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: