പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ കേഡറ്റ് മരിച്ചത് പീഡനം മൂലമെന്ന് പോലീസ്. മരിച്ച കേഡറ്റ് ഗൂഡപ്പ സൂരജിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പരിശീലകര്‍ പീഡിപ്പിച്ചതായി കുറിപ്പിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. അസ്വാഭാവിക മരണത്തിനു കേസെടുത്ത സംഭവത്തില്‍ നാവിക അക്കാദമി ഉദ്യോഗസ്ഥര്ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുമെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് അന്വേഷണം തുടങ്ങി.
മലപ്പുറം തിരൂര്‍ സ്വദേശി സൂരജ് ഗൂഡെപ്പ (26)ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. മലപ്പുറം താനാളൂര്‍ പുത്രക്കാട്ട് ഹൗസിലെ വിരമിച്ച നാവികസേന ഉദ്യോഗസ്ഥന് കര്‍ണാടകയിലെ ഗുഡെപ്പ രമണയുടെയും തിരൂരിലെ പുഷ്പലതയുടെയും മകനാണ് സൂരജ്. ഏഴിമല നാവിക അക്കാദമിയിലെ കെട്ടിടമായ ആര്യഭട്ട ബ്ലോക്കിന്റെ മുറ്റത്ത് ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലാണ് സൂരജിനെ കണ്ടെത്തിയത്. തുടര്‍ന്ന് നാവിക അക്കാദമി പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സൂരജ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെ മരിക്കുകയായിരുന്നു.
അക്കാദമിയില്‍ സെയിലറായിരുന്ന സൂരജ് പരീക്ഷയെഴുതി കേഡറ്റാകുന്നതിനുള്ള യോഗ്യത നേടിയിരുന്നു. എന്നാല്‍ ഇതംഗീകരിക്കാന്‍ നാവിക ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് സൂരജ് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവു നേടുകയും ചെയ്തു. എന്നാല്‍ കോടതി ഉത്തരവു നടപ്പാക്കുന്നതിനും നാവിക ഉദ്യോഗസ്ഥര്‍ തയാറായില്ല. തുടര്‍ന്നു കോടതിയലക്ഷ്യത്തിന് സൂരജ് കോടതിയെ സമീപിക്കുകയും ഉദ്യോഗസ്ഥരോടു ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
തിരികെ പരിശീലനത്തിനെത്തിയത് മുതല്‍ തന്നെ നിരന്തരം പീഡനമായിരുന്നുവെന്ന് ഫോണില്‍ സൂരജ് തന്നെ അറിയിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. മരിച്ച സൂരജിന്റെ സഹോദരന് സനോജ് ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. അന്വേഷണം നടത്തിയതിന് ശേഷമേ ആരുടെയൊക്കെ പേരില്‍ കേസേടുക്കണമന്ന് തീരുമാനിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: