മരട്: ഉഴുന്നുവടയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലുടമയെ കഴുത്തറുത്തുകൊന്ന കേസിലെ പ്രതി കസ്റ്റഡിയില്‍. ഇടുക്കി കമ്പനിപ്പടി പുളിയന്മല പരുത്തിക്കാട്ടില്‍ പി.എസ്. രതീഷ് (27) നെയാണ് പോലീസ് കസ്റ്റഡിയിലായത്. ഇയാള്‍ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്ന് പറയുന്നു. ഇയാളെ എറണാകുളം സൗത്ത് സിഐയുടെ നേതൃത്വത്തില്‍ രാത്രി വൈകി എറണാകുളത്തെത്തിച്ചു. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
ബുധനാഴ്ച പകല്‍ മൂന്നോടെയാണ് വൈറ്റില ജനത റോഡില്‍ സിബിന് ഹോട്ടല്‍ ഉടമ വൈറ്റില ജനതാറോഡ് മംഗലപ്പിള്ളില്‍ ജോണ്‍സനെ കഴുത്തറുത്ത് കൊന്നത്. തുടര്‍ന്ന് ഒളിവില്‍പോയ രതീഷിനെ പിടികൂടുന്നതിനായി ബുധനാഴ്ചതന്നെ പോലീസ് സംഘം ഇടുക്കിയിലെത്തിയിരുന്നു. എറണാകുളത്ത് ഇയാളുമായി അടുത്ത ബന്ധമുള്ള നാലുപേരെ കസ്റ്റഡിയിലുമെടുത്തു. രാത്രിതന്നെ ഇടുക്കിയിലെ രതീഷിന്റെ വീട് പോലീസ് വളഞ്ഞു. എന്നാല്‍, അവിടെയെത്തിയിരുന്നില്ല. വ്യാഴാഴ്ച രാവിലെയാണ് ഇയാള്‍ ഇടുക്കിയിലെത്തിയതെന്നാണ് വിവരം.
രതീഷിന്റെ മൊബൈല്‍ ഫോണ്‍ സംഭവസ്ഥലത്തുനിന്ന് പോലീസിനു ലഭിച്ചിരുന്നു. ഇയാള്‍ വര്‍ഷങ്ങളായി എറണാകുളത്ത് കടവന്ത്രയിലാണ് താമസം. രതീഷിന്റെ ബന്ധുക്കളും എറണാകുളത്തുണ്ട്. സ്ഥിരമദ്യപാനിയായ രതീഷ് ഓട്ടോ ഓടിക്കുകയും കൂലിപ്പണിക്ക് പോകുകയും ചെയ്യാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ഹോട്ടലില്‍വച്ച് ജോണ്‍സണുമായി വാക്കേറ്റമുണ്ടായശേഷം പോയ രതീഷ് വൈകിട്ട് ജനതാറോഡില്‍ കാത്തുനിന്നു. സ്കൂട്ടറിലെത്തിയ ജോണ്‍സണെ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തികൊണ്ട് ആഴത്തില്‍ മുറിവേല്‍പ്പിച്ചു. കഴുത്തിലെ ഞരമ്പ് അറ്റുപോയ ജോണ്സണ് സ്വകാര്യ ആശുപത്രിയില്‍വച്ചാണ് മരിച്ചത്. ജോണ്‍സന്റെ മൃതദേഹം സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: