കോഴിക്കോട്: മുന്‍വര്‍ഷത്തേതിനെ അപേക്ഷിച്ച് ഡെങ്കിപനിപോലുളള പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി യോഗത്തില്‍ പറഞ്ഞു. 2017 മെയ് 16 വരെ 73277 പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കി പനി ബാധിച്ച് മൂന്ന് പേര് മരിച്ചു. ഇതില്‍ ഒരെണ്ണം സ്ഥിരീകരിച്ചതാണ്.
എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച 43 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3 പേര് മരിച്ചിട്ടുണ്ട്. 1526 പേര്‍ക്ക് ചിക്കന്‍പോക്സ് ബാധിച്ചു. ഒരാള്‍ മരിച്ചു. എലിപ്പനി ബാധിച്ച കേസുകള്‍ 193 ആണ്. ഇതില്‍ 67 പേരുടേത് സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് 4 മരണം സംശയിക്കുന്നുണ്ട്. വൈറല്‍ ഹെപ്പറൈറ്റിസ് എ ബാധിച്ച് 2 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 49 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ജനകീയ പങ്കാളിത്തത്തോടെ സംഘടിത പ്രയത്നത്തിലൂടെ മഴക്കാലത്തിന് മുന്നോടിയായി ശൂചീകരണ യജ്ഞം സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും ആഭിമുഖ്യത്തില്‍ മെയ് 20 ന് 3 മണിക്ക് നളന്ദ ഓഡിറ്റോറിയത്തിലും മെയ് 22 ന് രാവിലെ 10 ന് ടാഗോര്‍ സെന്റിനറി ഹാളിലും വിപുലമായ ആലോചനാ യോഗം ചേരും.
20 ലെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കലക്ടറും സംയുക്തമായാണ് വിളിച്ചുചേര്‍ത്തത്. കോര്പ്പറേഷന് പുറത്തുളള മേഖലകളിലുളളവരാണ് യോഗത്തില്‍ പങ്കെടുക്കുക.
മഴക്ക് മുന്നെയുളള രണ്ടാഴ്ച്ചക്കാലം കോര്പ്പറേഷന് പരിധിയിലും ജില്ലയില്‍ മുനിസിപ്പല്‍ ഗ്രാമപഞ്ചായത്ത് മേഖലകളിലും ശൂചീകരണയജ്ഞം നടക്കും. കുളങ്ങളും തോടുകളും കോളനി പ്രദേശങ്ങളും ലേബര്‍ ക്യാമ്പുകളും പൊതുജനപങ്കാളിത്തത്തോടെ വൃത്തിയാക്കും. വീടുകളില്‍ ഡ്രൈഡേ ആചരിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പങ്കാളികളാവും. എന്‍.എസ്.എസ്, എന്‍.സി.സി, സ്റ്റുഡന്റ് പൊലീസ് തുടങ്ങിയ വിദ്യാര്‍ത്ഥി വിഭാഗങ്ങളും പങ്കാളിത്തം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: