തിരുവനന്തപുരം: മുസ്ലിം സമുദായത്തിന്റെ മുന്നേറ്റത്തിനും പുരോഗതിക്കും തടയിടാന്‍ ന്യൂനപക്ഷ വകുപ്പിന്റെ ആരാച്ചാരായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കെ.ടി. ജലീലിനെ മന്ത്രിയാക്കിയതെന്ന് മുസ്ലിം ലീഗ് എംഎല്‍എ ടി.വി. ഇബ്രാഹിം. നിയമസഭയില്‍ ന്യൂനപക്ഷ വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ പദ്ധതികള്‍ക്കായി 103 കോടി നീക്കിവച്ചിട്ട് ഒരു പൈസ പോലും ചെലവഴിക്കാന്‍ ജലീലിന് കഴിഞ്ഞില്ല. 2016ല്‍ ന്യൂനപക്ഷ വിധവകളുടെ ഭവനപദ്ധതിക്കായി ഫണ്ട് അനുവദിച്ചപ്പോള്‍ അത് വര്‍ഗീയമാണെന്ന് പ്രതികരിച്ചയാളാണ് കാനം രാജേന്ദ്രന്. ഭവനപദ്ധതി ഒരാള്‍ക്കുപോലും നല്‍കിയിട്ടില്ല. മദ്രസാ അധ്യാപകരുടെ ക്ഷേമനിധിയും പെരുവഴിയിലായി.
പദ്ധതികളുടെ പേര് മാറ്റല്‍ മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. വിധവകളുടെ ഭവനപദ്ധതിക്ക് ഇമ്പിച്ചിബാവയുടെ പേര് നല്കി. മെരിറ്റ് സ്കോളര്‍ഷിപ്പിന് മുണ്ടശേരിയുടെ പേര് കൊടുത്തു. മൈനോറിട്ടി കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്ലിം എന്നത് കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്ലീം യൂത്ത് എന്നാക്കി.
1985ല്‍ കെ. കരുണാകരന് മദ്രസാ അധ്യാപകര്‍ക്കായി പെന്ഷന് പദ്ധതി രൂപീകരിച്ചപ്പോള്‍ മുല്ല, മുക്രി പെന്ഷന് എന്ന പേരില്‍ അതിനെതിരെ സമരം നടത്തിയവരാണ് ഡിവൈഎഫ്ഐക്കാര്‍. അബ്ദുറബ്ബ് സ്കൂളുകള്‍ അനുവദിച്ചപ്പോള്‍ അതിനെതിരെയും സമരം ചെയ്തു.
പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും പ്രഖ്യാപിച്ചപ്പോള്‍ മുസ്ലീം പഞ്ചായത്തുകള്‍ എന്ന പേര് വിളിച്ച് ആക്ഷേപിച്ചു. എല്‍ഡിഎഫ് എല്ലാക്കാലവും ന്യൂനപക്ഷ പദ്ധതികളോട് ഇതേ സമീപനമാണ് സ്വീകരിച്ചത്. ന്യൂനപക്ഷ വകുപ്പ് ഉപയോഗിച്ച് ന്യൂനപക്ഷ മുന്നേറ്റത്തെ തടയാനാണോ ജലീലിന് വകുപ്പ് നല്‍കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുയലിന്റെ കൂടെ ഓടുകയും വേട്ടക്കാരനൊപ്പം വേട്ടനടത്തുകയും ചെയ്യുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നും ടി.വി. ഇബ്രാഹിം പറഞ്ഞു.
ന്യൂനപക്ഷവിഭാഗത്തിലെ വിധവകള്‍ക്കായി സര്‍ക്കാര്‍ 2000 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ നിയമസഭയെ അറിയിച്ചു. ഇതിനായി 50 കോടി നീക്കിവച്ചിട്ടുള്ളതായും ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. ന്യൂനപക്ഷവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ടാലന്റ് സ്കോളഷിപ്പ് ഫോര്‍ മൈനോറിറ്റി സ്റ്റുഡന്റ്സ് എന്ന സ്കോളര്‍ഷിപ്പ് നടപ്പാക്കി. 10,000 രൂപയാണ് സ്കോളര്‍ഷിപ്പ് തുക. ഈ വിഭാഗത്തിലെ പാവപ്പെട്ടവരുടെ വീടിന്റെ അറ്റകുറ്റ പണിക്ക് അഞ്ചു കോടി വകയിരുത്തി.
വഖഫ്ബോര്‍ഡിന്റെ ഭൂമിയും സ്വത്തുമുപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ സഹകരണത്തോടെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനോറിറ്റി സ്റ്റഡീസ് എന്ന സ്ഥാപനം മലപ്പുറത്ത് തുടങ്ങാന്‍ തീരുമാനിച്ചതായും ജലീല്‍ പറഞ്ഞു.
ന്യൂനപക്ഷ പദ്ധതികളുടെ നടത്തിപ്പില്‍ വീഴ്ച വരുത്തിയ മന്ത്രി കെ.ടി. ജലീലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വച്ചു. പദ്ധതികളെ കുറിച്ച് വിശദീകരിക്കാതെ അനുവദിക്കപ്പെട്ട സമയത്ത് ജലീല്‍ രാഷ്ട്രീയ പ്രസംഗം നടത്തുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: