തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്കായി പെണ്‍കൂട്ടായ്മ. മഞ്ജുവാര്യരുടെയും അഞ്ജലി മേനോന്റെയും നേതൃത്വത്തില്‍ വിമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനയാണ് നിലവില്‍ വന്നത്. പെണ്‍കൂട്ടായ്മ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്കി.
ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഈ രംഗത്തെ ലൈംഗികാതിക്രമവും ലൈംഗിക ചൂഷണവും തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍ ഏതു തരക്കാരാണെന്നും അവരുടെ പൂര്‍വ ചരിത്രം എന്താണെന്നും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് പോലീസിന്റെ സഹായം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതുതായി രൂപീകരിച്ച പെണ്‍കൂട്ടായ്മക്കുവേണ്ടി അഞ്ജലി മേനോന്, മഞ്ജുവാര്യര്‍, റീമകല്ലിങ്കല്‍, പാര്‍വതി, വിധുവിന്‍സെന്റ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്, ബീനാപോള്‍, സയനോര ഫിലിപ്പ്, ആശ ആച്ചി ജോസഫ്, ഇന്ദുനമ്പൂതിരി തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
ചലച്ചിത്ര മേഖലയില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് പ്രതിനിധികള്‍ പറഞ്ഞു. കൊച്ചിയില്‍ അഭിനേത്രിക്കുണ്ടായ അനുഭവം ആദ്യത്തേതല്ല. സിനിമാ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. സെറ്റുകളില്‍ ലൈംഗീക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണം. സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കണമെങ്കില്‍ സുരക്ഷിതത്വം ഉറപ്പുവരണം.
പിന്നണി പ്രവര്‍ത്തനങ്ങളില്‍ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകള്‍ക്ക് പ്രോത്സാഹനമായി സബ്സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. പല സെറ്റുകളിലും സ്ത്രീകള്‍ക്ക് ശൗചാലയസൗകര്യം പോലുമില്ലെന്ന് അവര്‍ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: