കാസര്‍കോട്: സംസ്ഥാനത്താകെ ലഹരിവസ്തുക്കള്‍ പുതിയ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുകയാണെന്നും ഇവയ്ക്കെതിരെ എക്സൈസ് വകുപ്പ് നിലപാട് കര്‍ശനമാക്കുമെന്നും എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യക്കടത്ത് കര്‍ശനമായി തടയും. കഞ്ചാവും ലഹരി ഗുളികകളും ഇതരസംസ്ഥാനത്തുളളവരാണ് കൂടുതലായി ഉപയോഗിച്ചു വന്നതെങ്കിലും ഇപ്പോഴത് നാട്ടുകാരും ഉപയോഗിക്കുന്നുണ്ട്. പാന്പരാഗും് പാന്മസാലകളും നിരന്തരം ഉപയോഗിക്കുന്നത് അര്‍ബുദത്തിന് കാരണമാകും.
പുകയില ഉപയോഗം മലബാറില്‍ കൂടുതലാണെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. കഴിഞ്ഞ 10 മാസത്തെ ലഹരി ഉപയോഗം സംബന്ധിച്ച കണക്കുകള്‍ ഉല്‍ക്കണ്ഠപ്പെടുത്തുന്നതാണെന്ന് കമ്മീഷണര്‍ പറഞ്ഞു. വീടുകളില്‍ പോലും കഞ്ചാവ് വളര്‍ത്താന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പോലും മടിയില്ല. വാറ്റ് നടത്താന്‍ പോലും സമൂഹത്തിന് മാതൃകയാകേണ്ടവര്‍ തയ്യാറാവുന്നു. 10 മാസത്തിനകം 300 ടണ്‍ പാന്‍മസാലയാണ് പിടികൂടിയത്. സിന്തറ്റിക് ഗുളികകള്‍ മൂന്ന് ലക്ഷം കിലോയാണ് പിടിച്ചത്. ഇതിന്റെ പിഴ തന്നെ 11.5 കോടി രൂപ വരും. 12,000 ലിറ്റര്‍ മദ്യവും 21,000 ലിറ്റര്‍ അരിഷ്ടവും 1.82 ലക്ഷം ലിറ്റര്‍ വാഷും പിടികൂടിയിട്ടുണ്ട്. 1583 വാഹനങ്ങള്‍ സംശയാസ്പദമായി പരിശോധിച്ചു. 4332 പേരെ ജയിലിലടച്ചു. വനങ്ങളില്‍ നിന്നല്ല വീടുകളില്‍ നിന്നാണ് ലഹരിവസ്തുക്കളുടെ കൂടിയ നിര്‍മ്മാണമെന്ന് വ്യക്തമാകുന്നു. ഇത് അതിശയിപ്പിക്കുന്നതാണ്. ഭക്ഷിക്കാനായി മാജിക് കൂണ് എന്ന പേരില്‍ ശരീരത്തിന് ഹാനിയുണ്ടാക്കുന്ന കൂണ്‍കൃഷിയും നടക്കുന്നുണ്ട്.
സര്‍ക്കാരിന്റെ അബ്കാരി നയം നടപ്പാക്കേണ്ടത് വകുപ്പിന്റെ ചുമതലയാണ്. കാസര്‍കോട് ജില്ലയില്‍ ബേഡഡുക്ക, മഞ്ചേശ്വരം, കുമ്പള അതിര്‍ത്തികളില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ ഒന്നു മുതല്‍ ജി എസ് ടി നടപ്പാകുന്നതിനാല്‍ സെയില്‍സ്ടാക്സ് ചെക്കിംഗ് ഇല്ലാതാകും. ഇവ എക്സൈസ് വകുപ്പിന്റെ ചുമതലയിലാകും. ഇതേ തുടര്‍ന്ന് നടപ്പാക്കേണ്ട പരിഷ്കാരസമിതി ചെയര്മാന് എന്ന നിലയില്‍ വകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതും ഏകോപിപ്പിക്കുന്നതുമാണ്. വകുപ്പില്‍ 138 വനിതകളെ നിയമിക്കാന്‍ തീരുമാനമായതായും കാസര്‍കോട് ജില്ലയില്‍ ഇതിന്റെ ആനുപാതികമായി ആറു പേരുടെ നിയമനം ജൂലൈക്ക് മുമ്പെ ഉണ്ടാകുമെന്നും കമ്മീഷണര്‍ അറിയിച്ചു.
പുതുതായി വന്നിട്ടുളള മഞ്ചേശ്വരം, വെളളരിക്കുണ്ട് താലൂക്കുകളില്‍ രണ്ട് സി ഐ ഓഫീസുകള്‍ ആരംഭിക്കും. ജില്ലയില്‍ ആവശ്യത്തില്‍ കുറഞ്ഞ സര്‍ക്കിള്‍ ഓഫീസുകളാണ് നിലവിലുളളത്.
സുപ്രീം കോടതി ഉത്തരവ് വന്നശേഷം മദ്യഷാപ്പുകള്‍ 5000 ത്തില്‍ നിന്ന് 1200 എണ്ണം പൂട്ടി. ഫൈവ് സ്റ്റാറുകള്‍ 30 ല്‍ 19 എണ്ണവും ക്ലബ്ബുകള്‍ 33 ല്‍ 11 എണ്ണവും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ 850 ല്‍ 600ഉം ബിവറേജസ് കടകള്‍ 307 ല്‍ 180 ഉം പൂട്ടി. കാന്‍സര്‍ രോഗികള്‍ക്ക് ഉറക്കം വരാന്‍ നല്കുന്ന മോര്‍ഫിന്‍, നിട്രോവൈറ്റ്-100, എല്പ്രാസം, പാസ്മോ പ്രോക്സിയോ, നിട്രാസെന് ബാം എന്നിവയും കൊഡെയ്ന്‍, പാന്സൊഡെയ്ന് എന്നീ പനി ഗുളികകളും ലഹരിക്കായി ഉപയോഗിക്കുന്നു. മെഡിക്കല്‍ ഷോപ്പുകളിലൂടെ ഡോക്ടറുടെ കുറിപ്പില്ലാതെ വാങ്ങിയാണിവ ഉപയോഗിക്കുന്നത്. തെലുങ്കാനയില്‍ വ്യാപകമായി കൃഷി ചെയ്തുവരുന്ന കഞ്ചാവ് അതിര്‍ത്തി വഴി കമ്പം, വാളയാറിലൂടെയും കൂടാതെ സാധാരണ യാത്രികരിലൂടെ അഞ്ച് കിലോ വരെയായി സഞ്ചികളില്‍ കടത്തുന്ന പുതിയ പ്രവണതയും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സംയുക്തറെയ്ഡ് ശക്തമാക്കും. ജില്ലയില്‍ ബുധനാഴ്ച നടന്ന റെയ്ഡ് തുടക്കം മാത്രമാണ്. വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിക്കഴിഞ്ഞു.
കാസര്‍കോട് അടക്കം 11 ജില്ലകളില്‍ തീരദേശസേനാ പ്രവര്‍ത്തനവും കാര്യക്ഷമമാക്കും. ഇതുവഴിയുളള ലഹരി കടത്തും തടയും. ജൂണ്‍ 26 ന് ലഹരിവര്ജ്യദിനം തലസ്ഥാനത്ത് വിപുലമായ ബോധവല്‍ക്കരണ പരിപാടികളോടെ നടത്തുമെന്നും 31 ന് ഇതിന് മുന്നോടിയായുളള ജില്ലാതല പരിപാടികള്‍ നടക്കുമെന്നും ഋഷിരാജ്സിംഗ് പറഞ്ഞു. ജൂണ്‍ 12 ന് പുതിയ സിവില്‍ എക്സൈസ് ഗാര്‍ഡുകളുടെ പാസിംഗ് ഔട്ട് പരേഡും നടക്കുന്നതാണ്.
യോഗത്തില്‍ എക്സൈസ് ജോയിന്റ് കമ്മീഷണര്‍ പി.ജയരാജന്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്‍ എസ് സുരേഷ്, അസി. കമ്മീഷണര്‍ എ.ആര്. സുല്‍ഫിക്കര്‍, എക്സൈസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: