ക്ഷേത്ര ചുമരുകളിലും കൊട്ടാരങ്ങളിലും മാത്രം ഒതുങ്ങി നിന്നിരുന്ന ചുവര്‍ചിത്രങ്ങളുടെ വാണിജ്യ സാധ്യതയാകണം പുതുതലമുറയെ ചിത്രരരചനാ സങ്കേതത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. പരമ്പരാഗത പ്രമേയങ്ങളില്‍ നിന്നും മാറി പുതിയ വിഷയങ്ങള്‍ സ്വീകരിച്ച് ചുവര്‍ചിത്ര ശൈലിയില്‍ ചിത്രരചന രംഗത്ത് കൂടുതല്‍ ശ്രദ്ധേയനാവുകയാണ് പെരുമ്പാവൂര്‍ ചേലാമറ്റം രതീഷ്. ചുവര് ചിത്രരചനാശൈലി പിന്തുടരുമ്പോള് തന്നെ സമകാലികമായ പ്രമേയങ്ങള്‍ രചനാവിഷയമാക്കുന്നതില് രതീഷ് കൂടുതല്‍ ശ്രദ്ധിക്കുന്നു.
ചെറുപ്പം മുതലേ ഭാരത സംസ്കൃതിയോടുള്ള താല്പര്യമാണ് ചുവര്‍ചിത്ര രചന മുഖ്യ വിഷയമായി പഠിക്കാന്‍ പ്രേരിപ്പിച്ചത്. കാലടി സര്‍വ്വകലാശാലയില്‍ നിന്നും പെയിന്റിങ്ങും ചുവര്‍ചിത്ര രചനയും അഭ്യസിച്ച രതീഷ് ഈ രംഗത്ത് പുതുപരീക്ഷണങ്ങള്‍ നടത്തുന്നു. വളരെക്കാലം പ്രമുഖ ചുവര്ചിത്രകാരന്മാരുടെ സഹായിയായി പ്രവര്‍ത്തിച്ച അനുഭവത്തില്‍ ചുവര്‍ചിത്രകലയുടെ സാങ്കേതിക വശങ്ങള് കൈകാര്യം ചെയ്യുന്നതില്‍ അതീവ നിപുണനായി. പാരമ്പര്യ രീതിയിലുള്ള ഇലച്ചാറും പഴച്ചാറും വിവിധ നിറത്തിലുള്ള കല്ലുകളും ദുര്‍ലഭമായതിനാല്‍ അക്രിലിക്ക്, ഓയില്‍ നിറങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നത്.
ഇതിനാല്‍ കൂടുതല്‍ വര്‍ണ്ണവൈവിധ്യം ഉണ്ടാക്കുവാന്‍ സാധിക്കുന്നു. ഒരേയൊരു നിറം മാത്രം ഉപയോഗിച്ചും അപൂര്‍വ്വ നിറങ്ങള്‍ യോജിപ്പിച്ചും ചുവര്‍ചിത്ര ശൈലിയില്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. രൂപങ്ങളെ വേര്‍തിരിക്കുന്ന പുറംവര പോലുള്ള ചുവര്‍ചിത്ര ശൈലി നില നിര്‍ത്തിക്കൊണ്ടുതന്നെ, സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ശരീര അളവുകള്‍ മാറ്റിയെഴുതിയും അലങ്കാര ധാരാളിത്തം ഒഴിവാക്കിയും പ്രമോയത്തിനനുസൃതമായി അവയെ സംവിധാനം ചെയ്യുന്നതുമാണ് ഇത്തരം പരീക്ഷണങ്ങള്‍.
കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലും പള്ളികളിലും രതീഷിന്റെ ചുവര്‍ചിത്ര രചനയുണ്ട്. ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ആലപ്പുഴ തട്ടാരമ്പലം, അരിയന്നൂര്‍ കളരി, പറവൂര്‍ നന്ദ്യാട്ടുകുന്നം സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ചേര്‍ത്തല വേളൂര്‍വട്ടം ശിവക്ഷേത്രം, ഉടുപ്പി ശങ്കരനാരായണ ക്ഷേത്രം, തൃശൂര്‍ പുത്തന്‍ പള്ളി ബൈബിള്‍ ടവര്‍, കോവളം ബീച്ച് റിസോര്‍ട്ട്, തോട്ടുവ ആര്‍ട്ട് ഓഫ് ലിവിങ് ആശ്രമം എന്നിവിടങ്ങളില്‍ രതീഷിന്റെ ശ്രദ്ധേയങ്ങളായ രചനകളുണ്ട്.
എം.ടി വാസുദേവന്‍നായരുടെ രണ്ടാമൂഴവും പ്രശാന്ത് നാരായണന്റെ ഛായാമുഖിയും ആസ്പദമാക്കിയുള്ള രതീഷിന്റെ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. കണ്ടംപററി ശൈലിയിലുള്ള പീക്കോക് ഡാന്‍സ് പരമ്പര ഈ രംഗത്തെ പുതിയ മേഖലകളിലേക്കുള്ള അന്വേഷണമാണ്. കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ നിന്ന് പെയിന്റിങ്ങിലും ചുവര്‍ചിത്രകലയിലും ബിരുദം കരസ്ഥമാക്കിയിട്ടുള്ള രതീഷ് ശ്രീമൂലനഗരം വിജ്ഞാനപീഠം പബ്ലിക് സ്കൂളിലെ ചിത്രകല അദ്ധ്യാപകന് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: