ഏത് രോഗം വന്നാലും ചികിത്സിക്കാന്‍ നമുക്കൊരു മരുന്നുണ്ട്- ആന്റിബയോട്ടിക്. വൈറസ് രോഗം വന്നാലും ബാക്ടീരിയ രോഗം വന്നാലും നാം ആന്റി ബയോട്ടിക് എടുത്തടിക്കും. കൊലകൊമ്പന്‍ ബാക്ടീരിയപോലും അതിനുമുന്നില്‍ മുട്ടുമടക്കും-വൈറസ് രോഗങ്ങളെ തൊടാന്‍ പറ്റില്ലെങ്കിലും പനിയും ചുമയും മുതല്‍ മാരകരോഗങ്ങള്‍ വരെ ആന്റിബയോട്ടിക്കിന്റെ തലവെട്ടം കണ്ടാല്‍ ഓടിയൊളിക്കുമെന്നാണ് നമ്മുടെ ഉറച്ച (തെറ്റി) ധാരണ.
പക്ഷേ, കാലം മാറി. കഥമാറി. കരുത്ത് നേടിയ ബാക്ടീരിയാ അണുക്കള്‍ തിരിച്ചടി തുടങ്ങിക്കഴിഞ്ഞു. മാരകരോഗ ചികിത്സയില്‍പോലും ആന്റി ബയോട്ടിക് മരുന്നുകള്‍ പണ്ടേപ്പോലെ ഫലിക്കുന്നില്ല. പുതിയ ആന്റിബയോട്ടിക് മരുന്നുകള്‍ ജനിക്കുന്നുമില്ല. ആരാണിതിനുത്തരവാദി?.
പ്രധാനമായും മരുന്നുകഴിക്കുന്നവര് തന്നെ. ആവശ്യത്തിനും അനാവശ്യത്തിനും ആന്റിബയോട്ടിക്കുകള്‍ വാരിത്തിന്നുന്നവര്‍. രോഗങ്ങള്‍ക്ക് സ്വയം ചികിത്സിക്കുന്നവര്‍. ഡോക്ടര്‍ പറയും പോലെ കഴിക്കാതെ മരുന്നിന്റെ ഉപയോഗം ഇടക്കുവച്ചു നിര്‍ത്തുന്നവര്‍. ഇങ്ങനെയൊക്കെചെയ്യുമ്പോള് മരുന്നിന്റെ ആക്രമണത്തില്‍ മരിക്കാത്ത അണുക്കള്‍ ആ മരുന്നിനെതിരെ പ്രതിരോധ ശക്തി നേടുന്നു. അവയും അവയുടെ മക്കളും മക്കളുടെ മക്കളുമൊക്കെ രോഗവാഹകരായി കരുത്തോടെ മനുഷ്യശരീരത്തിലേക്ക് കുതിച്ചെത്തുമ്പോള്‍ പഴയ തലമുറയിലെ മരുന്നുകള്‍ തോല്ക്കുന്നു.
മരുന്നുമാത്രമല്ല രോഗാണുക്കളെ കരുത്തരാക്കുന്നത്. മൃഗങ്ങള്‍ക്കു നല്കുന്ന ഭക്ഷണത്തില്‍ കലര്‍ത്തുന്ന ആന്റി ബയോട്ടിക് മാത്രകളും ചില്ലറ കുഴപ്പമല്ല ഉണ്ടാക്കുന്നത്. പ്രധാനം കാലിത്തീറ്റയില്‍ ചേര്‍ക്കുന്ന ആന്റിബയോട്ടിക് മാത്രകള്‍. കാലിത്തീറ്റയില്‍ ചേര്‍ക്കുന്ന ആന്റിബയോട്ടിക്കുകള്‍ പാലിലൂടെയും കോഴിത്തീറ്റയിലെ മരുന്നുകള്‍ മുട്ടയിലൂടെയും പന്നിത്തീറ്റയിലെ മരുന്നുകള്‍ ഇറച്ചിയിലൂടെയും മനുഷ്യരിലെത്തുന്നു. പശുവിന്റെ ചാണകത്തിലെ മരുന്നുശേഷിപ്പുകള് മണ്ണിലൂടെ സസ്യങ്ങളില്‍ കടക്കുന്നു. ഇവയൊക്കെ തങ്ങളുമായി അടുപ്പത്തിലെത്തുന്ന മരിക്കാത്ത ബാക്ടീരിയകള്‍ക്ക് നല്‍കുക അപാരമായ അതിജീവന ശേഷി. അലക്ഷ്യമായി വലിച്ചെറിയുന്ന ഉപയോഗയോഗ്യമല്ലാത്ത ആന്റിബയോട്ടിക് മരുന്നുകളും കുഴപ്പക്കാര്തന്നെ. അവ മണ്ണിലും ജലത്തിലും പടര്‍ന്നൊഴുകി അണുക്കളുമായി സമ്പര്‍ക്കത്തിലെത്തുമ്പോള്‍ അവയ്ക്കുനല്കുന്നു ഒന്നാംതരം ആന്റിബയോട്ടിക് പ്രതിരോധശേഷി. അത്തരം അണുക്കള്‍ ബാധിച്ച രോഗിക്ക് ശാസ്ത്രം കണ്ടുപിടിച്ച നിശ്ചിത ആന്റിബയോട്ടിക് മരുന്നുകള്‍ ഏല്ക്കാതെ വരുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം.
അത് കണ്ടറിഞ്ഞാണ് രണ്ട് വര്‍ഷം മുന്‍പ്, 2015 ല്‍ സൂക്ഷ്മാണു പ്രതിരോധത്തെ നേരിടുന്നതിനുള്ള ആഗോള കര്‍മ്മ പദ്ധതിക്ക് ലോകാരോഗ്യ സംഘടന രൂപം നല്‍കിയത്. 2050-ാ മാണ്ടോടെ ഇത് വലിയൊരാഗോള പ്രശ്നമാവുമെന്നും ഇതു മൂലം 300 ദശലക്ഷം മനുഷ്യജീവനുകളെങ്കിലും പൊലിയുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. രോഗം വര്‍ധിക്കും. രോഗികള്‍ മരിക്കും രാജ്യങ്ങളുടെ വരുമാനം ഇടിയും. നൂറ് ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണിതുമൂലം ലോകരാജ്യങ്ങള്ക്കുണ്ടാവുകയത്രെ.
ഇനി മറ്റൊരു കണക്ക്. ലോകപ്രസിദ്ധ മാസികയായ ‘ലാന്‍സെറ്റ്’ പുറത്തുവിട്ടതാണ്- ലോകത്തിലേറ്റവും കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ വലിച്ചുകയറ്റുന്നത് ഇന്ത്യക്കാരാണ്. തൊട്ടുപിന്നില്‍ ചൈനയും മൂന്നാം സ്ഥാനത്ത് അമേരിക്കയും. സാധ്യതാ പഠനം പറയുന്ന മറ്റൊരു വസ്തുതകൂടിയുണ്ട് ആന്റിബയോട്ടിക് നിഷേധികളായ ഏറ്റവുമധികം സൂക്ഷ്മാണുക്കള്‍ പെരുകാനിടയുള്ള രാജ്യം ഇന്ത്യയാണത്രെ. അത്തരം ബാക്ടീരിയ ഭീകരന്മാരെ വിളിക്കുന്ന പേര് ‘സൂപ്പര്‍ ബഗ്ഗുകള്‍’. ക്ഷയം അടക്കമുള്ള മാരക രോഗങ്ങളും പകര്‍ച്ചവ്യാധികളും ജനിച്ച് ജീവിച്ച് പടര്‍ന്നു പിടിക്കുന്ന നമ്മുടെ നാട്ടില്‍ സൂപ്പര്‍ബഗ്ഗുകളുടെ വിളയാട്ടം കൂടി വന്നാല്‍ എന്തു സംഭവിക്കുമെന്ന് ആലോചിക്കുക.
പ്രസിദ്ധ സയന്‍സ് സംഘടനയായ ദല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് നടത്തിയ പഠനപ്രകാരം ഏറ്റവുമധികം ആന്റിമൈക്രോബിയല്‍ അവക്ഷിപ്തങ്ങള്‍ കണ്ടെത്തിയത് കോഴിയിറച്ചിയിലും ചിക്കന്‍ ഭക്ഷണങ്ങളിലും. പന്നിയിറച്ചി, പാല് എന്നിവയിലും അവരുടെ സാന്നിധ്യം കണ്ടെത്തി. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് പരിശോധിച്ച ചിക്കന്‍ സാമ്പിളുകളില്‍ 40 ശതമാനത്തിലും ആന്റിബയോട്ടിക് മരുന്നുകളുടെ സാന്നിധ്യം കണ്ടുവത്രെ. ആന്റി ബയോട്ടിക് അംശം ഭക്ഷണത്തില്‍നിന്ന് പാടെ തുടച്ചു നീക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഏറെ പരമിതികളുണ്ടെന്ന് നാം അറിയണം. കയറ്റുമതിക്കുവേണ്ടിയുള്ള ചില ഭക്ഷ്യവസ്തുക്കളില്‍ മാത്രം ആന്റിബയോട്ടിക് പ്രയോഗം നിരോധിച്ചിട്ടുണ്ടെന്നത് നേര്. ചെമ്മീന്‍ തുടങ്ങിയ തീരദേശ മത്സ്യ കൃഷിയില്‍ പ്രത്യേകിച്ചും. പക്ഷേ, വളര്‍ത്തുമൃഗങ്ങളുടെ പരിപാലനത്തില്‍ ഇത്തരം നിരോധനങ്ങളില്ല. കൊണ്ടുവരുന്നത് ക്ഷിപ്രസാധ്യവുമല്ല. അതിനാലാവാം ഇത്തരം വില്ലന്‍ ബാക്ടീരിയകളുടെ എണ്ണം ദിനംപ്രതി പ്രകൃതിയില്‍ വര്‍ദ്ധിച്ചു വരുന്നത്. മണ്ണിലും ജലത്തിലും ജലപാതകളിലും ചെളിക്കുണ്ടുകളിലുമൊക്കെ ഇവയെ കണ്ടെത്താമെന്ന അവസ്ഥ.
സംസ്കരിക്കാത്ത വ്യവസായിക മലിനജലം, ഫാര്‍മസ്യൂട്ടിക്കല്‍ മാലിന്യങ്ങള്‍, ഡയറിഫാമുകള്‍, കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള മലിനജലം എന്നിവിടങ്ങളിലെല്ലാം സൂപ്പര്‍ ബഗ്ഗുകളുണ്ട്. ജൈവ കൃഷി ഉല്പന്നങ്ങളില് വരെ ഇവ കടന്നു കയറിയേക്കാമെന്ന് ചില ശാസ്ത്രജ്ഞര്‍ പറയുന്നു. മരുന്നുകളെ ചെറുക്കുന്ന അപകടകാരികളായ ഈ സൂപ്പര്‍ബഗ്ഗുകളുടെ പട്ടിക ചരിത്രത്തിലാദ്യമായി ലോകാരോഗ്യ സംഘടന പുറത്തുവിട്ട കാര്യവും നാം ഓര്‍ക്കണം. മൂന്നു വിഭാഗങ്ങളിലായി 12 സൂപ്പര്‍ ബഗ്ഗുകളുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്രധാന ആന്റിബയോട്ടിക് മരുന്നായ കാര്ബോപെനത്തിനെ പ്രതിരോധിക്കുന്ന ‘അസിറ്റോ ബാക്ടര്‍ ബൗമാനി’;സ്യൂഡോമോണസ് ഓര്ഗിനോസ; കാര്ബാപെനത്തിനൊപ്പം സെപാലോസ്പോറിന് മരുന്നിനെ കൂടി ചെറുക്കുന്ന എന്ഡറോ ബാക്ടീരിയാസെ… എന്നിങ്ങനെ പോകുന്നു അവയുടെ പട്ടിക. ഇത്തരം സൂപ്പര്‍ ബഗ്ഗുകള്ക്കെതിരെ സൂപ്പര്‍ ആന്റിബയോട്ടിക്കുകള്‍ കണ്ടെത്താത്ത പക്ഷം ചികിത്സാ രീതി തന്നെ തകിടം മറിയും, സര്‍ജറികള്‍ അസാധ്യമാവും.
ഒരുകാര്യം കൂടി ഓര്‍ക്കുക – 1987നു ശേഷം പുതുതായി ഒരൊറ്റ ആന്റിബയോട്ടിക് മരുന്നുമാത്രകളും കണ്ടെത്തിയിട്ടില്ല. പക്ഷേ ഒരു ആശ്വാസ വാര്‍ത്തകൂടിയുണ്ട്. ആന്റി ബയോട്ടിക് നിഷേധികളായ സൂപ്പര്‍ബഗ്ഗ് ബാക്ടീരിയകളെ കീഴടക്കാന്‍ ചങ്കുറപ്പുള്ള ഒരു മരുന്ന് അമേരിക്കയിലെ ഒറിഗണ്‍ സ്റ്റേറ്റ് സര്വ്വകലാകാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. പേര് ‘പി.പി.എം.ഓ’. ബാക്ടീരിയകള്‍ക്ക് പ്രതിരോധക്കരുത്ത് നല്കുന്ന എന്‍സൈം അഥവാ രാസാഗ്നിയെ തകര്‍ത്ത് അതിനെ ‘പാവം ബാക്ടീരിയ’ യാക്കി മാറ്റാന്‍ ഈ മരുന്നിന് കഴിയുമത്രെ. അതോടെ അവയുടെ കരുത്ത് ചോരുമെന്നാണ് അവകാശവാദം.!
പ്രതികരിക്കാൻ ഇവിടെ എഴുതുക: