ദേശസ്നേഹം പാഠപുസ്തകങ്ങളിലും ചരിത്രത്തിലും വായിച്ചറിഞ്ഞുകൊണ്ടു നടക്കുന്ന വികാരമായിരുന്നു. പക്ഷേ അത് അനുഭവത്തിന്റെ ചുടുരക്തം സിരകളില്‍ വായിച്ചത് കാശ്മീര്‍ കാഴ്ചകളില്‍ നിന്ന്. 28-ാം തീയതി റിലീസാകുന്ന സലാം കാശ്മീരിനുവേണ്ടി പതിനാലു ദിവസം കാശ്മീരെന്ന മഞ്ഞുമല നാട്ടില്‍ തങ്ങിയപ്പോള്‍ ഇന്ത്യക്കാരനെന്ന വികാരം അസ്ഥി തുളക്കുന്ന മഞ്ഞിനെയും അതിക്രമിച്ച് മജ്ജമാംസങ്ങളെ ഗ്യാസ് ചേമ്പറിനേക്കാള്‍ ചൂടാക്കി. ഓരോ ഇഞ്ചിലും അപകടം പതിയിരിക്കുന്ന, ലോകം ഉറ്റുനോക്കുന്ന പോരാട്ട ഭൂമിയില്‍ പട്ടാളം ഉറങ്ങാതെ വഴിക്കണ്ണുമായി കാവലിരിക്കുന്നതുകൊണ്ടാണ് ഇന്ത്യ സുഖമായുറങ്ങുന്നത്. ഒരണുപോലും പട്ടാളത്തിന്റെ നിരീക്ഷണത്തിലാണിവിടെ. കൊഞ്ഞനം കുത്തി അനുനിമിഷം മുന്നില്‍ കളിക്കുന്ന മരണത്തോട് പോകാന്‍ പറയുന്ന പട്ടാളത്തെ നമിച്ചു പോകും. ആരാധിച്ചുപോകും. ഇവരാണ് കണ്മുന്നിലെ ദൈവമെന്ന് പറയും. ജീവിതത്തിലെ കിടിലം പകര്‍ന്ന കാഴ്ച. ഓരോ ഇന്ത്യക്കാരനും ഒരു നിമിഷമെങ്കിലും കാശ്മീരിലൂടെ കടന്നുപോകണം; ജീവന്റെ വില കൂടുതലറിയാന്‍, ദേശസ്നേഹത്തെ ഒന്നൂടെ നെഞ്ചേല്‍ക്കാന്‍. മിലിട്ടറി ഇന്റലിജന്‍സിന്റെ കഥ പറയുന്ന സലാം കാശ്മീര്‍, തങ്ങളുടെ കൂടി കഥയായതുകൊണ്ട് പട്ടാളത്തിന്റെ സഹകരണം കൂടുതലായിരുന്നു. രവിച്ചേട്ടന് (മേജര്‍ രവി) കൂടെ ഉണ്ടായിരുന്നതുകൊണ്ട് കാര്യങ്ങള്‍ ഒന്നുകൂടി വേഗത്തിലായി. ഇതാണിവിടത്തെ ജീവിതമെന്ന് പുറം ലോകത്തോട് പറയൂവെന്ന് ആ ഹിമഭൂമി പറയാതെ പറയുന്നുണ്ടായിരുന്നു.
സച്ചി-സേതു ഇരട്ടകളില്‍ നിന്നും സേതു സ്വതന്ത്രമായെഴുതിയ മൂന്നാമത്തെ ചിത്രമാണ് സലാം കാശ്മീര്‍. സുരേഷ് ഗോപിയും ജയറാമും നായകരായ വന്‍ ബജറ്റ് ജോഷി ചിത്രം. സിനിമാ ഇന്‍ഡസ്ട്രിയും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്നു. നിത്യേന വരുന്ന ഇടതടവില്ലാത്ത ഫോണ്‍ വിളികള്‍ വല്ലാത്തൊരു സുഖം തരുന്നുണ്ട്. 28 ന് തിയേറ്ററില്‍ കാണാമെന്ന് പറയുമ്പോള്‍ വിളിക്കുന്നവര്ക്കാശ്വാസം.
ആദ്യ സ്വതന്ത്ര സിനിമ മല്ലൂസിംഗ്. അത് ആ വര്‍ഷം കളക്ഷന്‍ റെക്കോര്‍ഡ് ഭേദിച്ചു. ഏഴരക്കോടി. ദൈവത്തിനും പ്രേക്ഷകര്‍ക്കും നന്ദി. ഉണ്ണി മുകുന്ദനും കുഞ്ചാക്കോ ബോബനും നായകരായിരുന്നു മല്ലൂസിംഗില്‍. ഉണ്ണി മുകുന്ദന്റെ നല്ല വേഷങ്ങള്‍ വരാനിരിക്കുന്നേയുള്ളൂ. മലയാള സിനിമ ഉണ്ണിയെ കൂടുതല്‍ പ്രയോജനപ്പെടുത്തണം. ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ഐ ലവ് മീ രണ്ടാം ചിത്രം.
ചെറുപ്പത്തിലെ ഉണ്ടായിരുന്നു സിനിമാ ഭ്രാന്ത്. ഊണും ഉറക്കവും പോലെ സിനിമ. ചിലപ്പോള്‍ രണ്ടും ഉപേക്ഷിച്ചു സിനിമ മാത്രം. പ്രപഞ്ചം പോലും സിനിമയായി. പിന്നെയത് ഉള്ളില്ക്കടന്നിരുന്നു. എല്ലാത്തിനും ആത്മമിത്രമായൊരാളുണ്ടായപ്പോള് കൂടുതലെളുപ്പമായി; ചര്‍ച്ച ചെയ്യാനും ആശയങ്ങള്‍ കൈമാറാനും. അങ്ങനെ സച്ചി-സേതുവായി. ആ മേല്‍ വിലാസത്തില്‍ ചെയ്ത ആദ്യ സിനിമ പേരു പോലെ തന്നെ നന്നായി മധുരിച്ചു; ചോക്ലേറ്റ്. വലിയ ഹിറ്റായിരുന്നു. ആത്മവിശ്വാസം തന്നു. ഹിറ്റുകള്‍ തീര്‍ക്കണമെന്ന തേന്‍ മുള്ളുപോലുള്ള ബാധ്യതയുമായി. ഇരട്ടകളായി പിന്നെയും നാല് ചിത്രങ്ങളെഴുതി. റോബിന് ഹുഡ്, ഡബിള്‍സ്, മേക്കപ്പ് മാന്‍, സീനിയേഴ്സ്.
ചില കഥകള്‍ സ്വന്തം ആശയത്തിലും സ്വാതന്ത്ര്യത്തിലുമായി നീങ്ങുമ്പോഴേ പൂര്‍ണമാകൂ. അങ്ങനെയാണ് സ്വതന്ത്രരായത്. സച്ചി-സേതു സച്ചിയും സേതുവുമായത് .സൗഹൃദം പഴയപോലെ. ഇന്നും കഥകളെക്കുറിച്ച് പരസ്പ്പരം സംസാരിക്കും. അഭിപ്രായം പറയും.
ഒരു ത്രെഡ്ഡില്‍ നിന്നാണ് കഥ ചൂടും ചൂരുമായി പടര്‍ന്നു പന്തലിക്കുന്നത്. ഒരു നോട്ടമോ കാഴ്ചയോ വാക്കോ വലിയ കഥയായി വളരാം. പലപ്പോഴും ഒരു സാധ്യതയില്‍ നിന്നാണ് കഥയുണ്ടാകുന്നത്. പിന്നെ സിനിമാ സെറ്റപ്പില്‍ രക്തവും മജ്ജയും മാംസവുമായി കഥയ്ക്ക് ജീവന് വെക്കുന്നു. അങ്ങനെയൊരു സാധ്യതയ്ക്ക് ചുറ്റുമായി കഥയുണ്ടാകുന്നു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്നൊരു കോളേജില്‍ ഒരാണ്‍കുട്ടി പഠിക്കാനെത്തിയാലെങ്ങനെയാവും. അത്തരമൊരു സാധ്യതയെക്കുറിച്ചാരാഞ്ഞപ്പോള് യൂണിവേഴ്സിറ്റി നിയമത്തില്‍ അനുകൂലമായി ചിലതു കണ്ടു. ആ സാധ്യതയാണ് വളര്‍ന്നു ചോക്ലേറ്റ് ആയത്. നാടുനീളെ എടിഎം വന്നപ്പോള്‍ അവിടെനിന്നും പണം മോഷ്ടിക്കുന്ന ബുദ്ധിയും സാങ്കേതിക മികവുമുള്ളൊരു കള്ളനെക്കുറിച്ചാലോചിച്ചു. ആ സാധ്യത റോബിന്‍ഹുഡായി. ഓരോ സിനിമയ്ക്കും കഥയുണ്ടാകുന്നത് ഇങ്ങനെയാണ്.
സിനിമക്കുള്ളിലെ കഥയറിയാതെയാണ് ചിലര്‍ പുറത്തുനിന്നും ആട്ടം ആടുന്നത്. പരസ്പരം അംഗീകരിച്ചും ആദരിച്ചും സ്നേഹിച്ചുമാണ് മലയാള സിനിമയും മുന്നോട്ടു പോകുന്നത്. ഒത്തിരി നന്ദിയും കടപ്പാടുമൊക്കെയുളള കലയാണിത്. ആദ്യം സിനിമ തന്ന പ്രൊഡ്യൂസര്‍, അഭിനയിച്ച നടീനടന്മാര്, ക്യാമറാമാന്, സംവിധായകന് എന്നുവേണ്ട എല്ലാവരോടും കടപ്പാടുണ്ട്. ഓരോ സിനിമ ചെയ്യുമ്പോഴും ഇതുണ്ട്. സച്ചി-സേതുവായി ചെയ്ത സീനിയേഴ്സും സ്വന്തമായി ചെയ്ത ആദ്യ സിനിമ മല്ലൂസിംഗും വലിയ ഹിറ്റായിരുന്നു. രണ്ടും വൈശാഖാണ് സംവിധാനം ചെയ്തത്. എഴുതിക്കൊണ്ടിരിക്കുന്ന ലോക്കല്‍സ് വൈശാഖിനു വേണ്ടിയാണ്. അദ്ദേഹത്തോടു വലിയ കടപ്പാടുണ്ട്. മൂന്നുപതിറ്റാണ്ടുകളുടെ തലയെടുപ്പുണ്ട്. മലയാളത്തില്‍ ജോഷി സാറിന്. വന്‍ പാഷനാണദ്ദേഹത്തിന് സിനിമ. എന്തു ത്യാഗവും ചെയ്യും. സലാം കാശ്മീരിന്റെ സംവിധായകന് ജോഷി സാറായത് അനുഗ്രഹമാണ്.
‘സൂപ്പര്‍ താരം’ ഇന്നും സജീവമാണ്. അത് നിഷേധിച്ചിട്ടു കാര്യമില്ല. സത്യമാണ്. മമ്മൂട്ടിയിലും മോഹന്‍ലാലിലും ചുറ്റിപ്പറ്റിത്തന്നെയാണ് മലയാള സിനിമ. ഇവരുടെ സിനിമകള്‍ ദിവസങ്ങള്‍ കൊണ്ടു കോടികള്‍ കൊയ്യുമ്പോള്‍ പുതിയ ആള്‍ക്കാരുടേത് കോടിയാകാന്‍ മാസം വേണം. സാറ്റലൈറ്റും അങ്ങനെയാണ്. മമ്മൂട്ടിക്കും ലാലിനും സാറ്റലൈറ്റ് നാലും അഞ്ചും കോടി കിട്ടുമ്പോള്‍ രണ്ടുകോടിയില്‍ കൂടുതല്‍ കിട്ടുന്ന പുതിയ ഏതു സിനിമാക്കാരുണ്ട്. ഇത് കളിയാക്കലല്ല. പുതിയവരുടെ സിനിമയാണ് കൂടുതലും ചെയ്തിട്ടുള്ളത്. എന്നാലും വെറുതെ ന്യൂ ജനറേഷന് സിനിമയെന്ന് ചിലര്‍ കൊട്ടിഘോഷിക്കുന്നതില്‍ കാമ്പില്ലെന്നേ പറയുന്നുള്ളൂ. ഇത്തരം സിനിമകളില്‍ ‘ന്യൂ’ ഇല്ല. ജനറേഷന് മാത്രമേയുള്ളൂ. ചില സിനിമാക്കാരും സോഷ്യല്‍ മീഡിയയുമാണ് ഇല്ലാത്ത ‘ന്യൂ’ ഉണ്ടാക്കുന്നത്. ഭരതനും പത്മരാജനുമാണ് ന്യൂ. അവര്‍ക്കടുത്തെത്താന്‍ പോലും ഈ ‘ന്യൂ’ക്കാര്ക്കാവില്ല. എന്തിനേറെ, ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ എത്ര കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട് പുതുനായകര്‍. ഏതെങ്കിലുമൊരു കഥാപാത്രത്തിന്റെ പേരോര്ക്കുമോ പ്രേക്ഷകര്‍. മമ്മൂട്ടിക്കും ലാലിനുമുണ്ട് ഇങ്ങനെ പേരോര്‍ക്കുന്ന ഒത്തിരി കഥാപാത്രങ്ങള്‍. തനിയാവര്‍ത്തനത്തിലെ ബാലന് മാഷ്, ഒരു വടക്കന്‍ വീരഗാഥയിലെ ചന്തു, മൃഗയയില്‍ വാറുണ്ണി, അമരത്തില്‍ അച്ചൂട്ടി, വല്യേട്ടനില്‍ മാധവന്‍കുട്ടി അങ്ങനെ മമ്മൂട്ടിക്കനവധി. കിരീടത്തിലെ സേതുവും സ്ഫടികത്തിലെ ആടുതോമയും ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കിയും മണിച്ചിത്രത്താഴിലെ സണ്ണിയായും മോഹന്‍ലാലിനും ഒത്തിരി. അശ്ലീലം പറയുന്നതും വേണ്ടാതീനത്തിലേക്ക് പ്രലോഭിപ്പിക്കുന്നതുമാണ് പുതിയ സിനിമയെങ്കില്‍ അതിനുപേര് മറ്റൊന്നാണ്. കുടുംബത്തില്‍ ഒപ്പമിരുന്നു പറയാനാവാത്തത് തിയറ്ററില്‍ പരസ്യമായി പറയാമെന്നാണോ ഇത്തരം സിനിമകള്‍ ലക്ഷ്യമാക്കുന്നത്. മലയാളിക്കൊരു സംസ്കാരവും സദാചാരവുമുണ്ട്. അതിന്റ ബലമാണ് അവന്റെ കുടുംബത്തിനും ബന്ധങ്ങള്‍ക്കും. ആ ബലം കൊണ്ടാണ് ഇത്തരം സിനിമകള്‍ പച്ച പിടിക്കാത്തതും. ‘വേറിട്ടതില്’ കമ്പമുള്ളതിനാല്‍ സോഷ്യല്‍ മീഡിയ ഇനിയും ഇത്തരം സിനിമകള്‍ക്കായി പ്രചരണം നടത്തും. അതുകൊണ്ടാണല്ലോ മല്ലൂസിംഗ് ഏഴരക്കോടി വാരിക്കൂട്ടിയിട്ടും കോടിയെത്താത്ത ബ്യൂട്ടിഫുളിനെ വന്‍വിജയമായി മീഡിയ കൊണ്ടാടിയത്.
മകന് നല്ലൊരു വക്കീലാകാന്‍ വീട്ടുകാര്‍ക്കു മോഹം. വക്കീലായി. കുറെക്കാലം ഹൈക്കോര്‍ട്ടില്‍ പ്രാക്ടീസും ചെയ്തു. കേസിനെക്കാള്‍ സിനിമാക്കഥയാണ് മനസ്സില്‍ പുകയുന്നതെന്ന് വീട്ടുകാരറിയുന്നോ. ചോക്ലേറ്റ് വിജയമായപ്പോഴാണ് അതിനു പിന്നില്‍ ‘സേതു’വും കൂടിയുണ്ടെന്ന് വീടറിയുന്നത്. അങ്ങനെ സമ്മതമായി. പരാജയമായിരുന്നെങ്കില്‍ ഇങ്ങനെയൊരു തിരക്കഥാകൃത്ത് സേതു ഒരുപക്ഷേ ഉണ്ടാകുമായിരുന്നില്ല.
എഴുതാന്‍ ആഗ്രഹിക്കുന്ന സിനിമ ഇനിയും എഴുതിയിട്ടില്ല. അകത്തുണ്ട്. അതു വളര്‍ന്നുകൊണ്ടിരിക്കും. പുറത്തെഴുതാന്‍ അതിന്റെതായൊരു സമയവും കാലവും വേണം. സ്വാതന്ത്ര്യം വേണം. അപ്പോള്‍ എഴുതുമായിരിക്കും.
സംവിധാനം. സിനിമയില്‍ ആരും ആഗ്രഹിക്കുന്നതാണ് സംവിധാനം. എന്റെയും സ്വപ്നമാണ്. പക്ഷെ സമയമായിട്ടില്ല. ഇപ്പോഴും നല്ലൊരു വിദ്യാര്‍ത്ഥിയാണ് ഞാന്‍. ഒരുപാട് പഠിക്കാനുണ്ട്. ഒരിക്കല്‍ ഈ സ്വപ്നവും സാധ്യമായേക്കാം.
സിനിമയിലാകുന്നതു ഭാഗ്യം. കഠിന ശ്രമം വേണം. ഒരു സ്വപ്നത്തിന് പിന്നാലെയുള്ള പായലാണത്. എല്ലാറ്റിനും മേലെ ദൈവാനുഗ്രഹം. തിരക്കഥാകൃത്തായി അംഗീകാരവും ആദരവും നാലാള് തിരിച്ചറിയുന്നതും സന്തോഷം. അഭിമാനം. വലിയ മോഹങ്ങളില്ലാത്തതുകൊണ്ട് ഉള്ള സംതൃപ്തിക്കും വലിപ്പം. ഉളളില്‍ വക്കീലുണ്ടെങ്കിലും അതിന് മീതെയാണ് സിനിമ. മുഴുനീള സിനിമ.
എറണാകുളത്തും തിരുവനന്തപുരം ലോ അക്കാദമിയിലും പഠനം. ഇടപ്പള്ളിയില്‍ താമസിക്കുന്നു. അച്ഛന് കമല്‍നാഥ്. അമ്മ നിര്‍മലാ ദേവി. സഹോദരന് ശ്യാം നാഥ് യുഎസില്‍. ഏഴാം ക്ലാസില്‍ പഠിക്കുന്ന അശ്വതിയും എല്കെജിയിലുള്ള അദ്വൈതും മക്കള്‍. ഭാര്യ: സ്മിതാ സേതു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: