കൊച്ചി: എറണാകുളത്തെ പനമ്പിള്ളി നഗറില്‍ കഴിഞ്ഞ ദിവസം ഒരപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഞെട്ടി. ബസ്സില്‍ തട്ടി പിന്നീട് ഒരു ഇന്നോവയിലും തുടര്‍ന്ന് ടെമ്പോട്രാവലറിലും ഇടിച്ച് നീല ജീന്‍സും വെള്ളടോപ്പും ധരിച്ച ഒരു പെണ്‍ക്കുട്ടി റോഡിലേക്ക് തെറിച്ച് വിഴുന്നതാണ് ഓടിക്കൂടിയവര്‍ കണ്ടത്. തെറിച്ച് വീണ പെണ്‍കുട്ടി കൂളായി എഴുന്നേറ്റപ്പോള്‍ അത് മലയാളിയുടെ സ്വന്തം നടി മൈഥിലി. ഉച്ചത്തില്‍ കട്ട് എന്ന ശബ്ദം പിന്നെ കരഘോഷവും. അപ്പോഴാണ് ജനങ്ങള്‍ക്ക് മനസ്സിലാകുന്നത് വസുദേവ സനല്‍ സംവിധാനം ചെയ്യുന്ന റെഡ് (റെയര്‍ ഇമോഷണല്‍ ഡേ) എന്ന ചിത്രത്തിലെ ഒരു സാഹസിക രംഗം ഡ്യൂപ്പില്ലാതെ മൈഥിലി അഭിനയിച്ചതാണെന്ന്. ചിത്രത്തില്‍ ഈ രംഗത്തിനുള്ള പ്രധാന്യം സംവിധായകനില്‍നിന്ന് മനസ്സിലാക്കിയ മൈഥിലി സ്വയം ഡ്യൂപ്പില്ലാതെ അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു.
ഈ സാഹസിക രംഗം ചിത്രീകരിക്കുന്നതിന് ഇന്ത്യയിലെ തന്നെ പ്രമുഖ ഫൈറ്റ് മാസ്റ്ററായ രാജശേഖറാണ് കൊച്ചിയിലെത്തിയിരുന്നത്. സാഹസികത മുറ്റിനില്ക്കുന്ന രംഗത്തിന്റെ അവതരണത്തിന് പൂര്‍ണത ലഭിക്കുന്നതിന് മലയാളത്തിലാദ്യമായി ഫാന്റം ഗോള്‍ഡ് എന്ന അത്യാധുനിക ക്യാമറയും ഉപയോഗിച്ചു. ഒരേസമയം ടുകെ റസല്യൂഷനില്‍ ആയിരത്തോളം ഫ്രെയിമുകള്‍ ലഭിക്കുമെന്നതാണ് ഈ അതിവേഗ ക്യാമറയുടെ പ്രത്യേകത. ക്രിക്കറ്റ് കളിയും മറ്റും ചിത്രീകരിക്കുന്നതിനാണ് ഇത് സാധാരണ ഉപയോഗിക്കാറ്. സ്ലോമോഷന്‍ രംഗങ്ങളിലെ വ്യക്തതയാണ് മലയാളത്തിലേക്കാദ്യമായി എത്തിയ ഈ അതിഥിയുടെ മറ്റൊരു സവിശേഷത.
ഒരു നഗരത്തില്‍ സംഭവിച്ച നാല് വ്യത്യസ്ത വാര്‍ത്തകളുടെ ചുവട് പിടിച്ചാണ് ചിത്രം പുരോഗമിക്കുന്നത്. ചിത്രത്തിന്റെ പരസ്യ വാചകത്തില്‍ പറയുന്നത് പോലെ സമൂഹത്തിന് വേണ്ടി ഒരു വക്കീലും, മകള്‍ക്ക് വേണ്ടി ഒരു അച്ഛനും, ഭാര്യക്ക് വേണ്ടി ഒരു ഭര്‍ത്താവും നടത്തുന്ന വ്യത്യസ്ത യാത്രകളാണ് ചിത്രം. നവാഗതരായ അരുണ്‍ ഗോപിനാഥ്, അനീഷ് ഫ്രാന്‍സിസ്, പ്രവീണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗുഡ് കമ്പനി ആന്റ് എയ്ഞ്ചല്‍ വര്‍ഗീസിന്റെ ബാനറില്‍ അജിമേടയില്‍, ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അസിഫ് അലി, ശ്രീനിവാസന്, ലാല്‍, നന്ദു, മണിക്കുട്ടന്, പ്രശാന്ത്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, നോബി, മൈഥിലി, ലെന, വിഷ്ണു പ്രിയ, ലക്ഷ്മി പ്രിയ തുടങ്ങിയ ഒരു താരനിരതന്നെ അണിനിരക്കുന്നുണ്ട്. മുഴുനീള സസ്പെന്‍സ് ത്രില്ലര്‍ ചിത്രമായ റെഡിന്റെ ഛായാഗ്രഹണം അരുണ്‍ ജെയിംസാണ്. അനു എലിസബത്തിന്റെ വരികള്‍ക്ക് ഗോപിസുന്ദറാണ് ഇണം നല്‍കുന്നത്. കലാസംവിധാനം ബാവ. ചിത്രത്തിന്റെ ചിത്രകരണം കേരളത്തിലും ദുബായിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: