ആഗ്രഹങ്ങള്‍ സഫലമാവുക സര്‍വസാധാരണം. എന്നാല്‍ സ്വപ്നങ്ങള്‍ സഫലമാവുകയെന്നത് അത്ര എളുപ്പമല്ല. അതും സിനിമാലോകത്ത്. മനസില്‍കൊണ്ടു നടന്ന സ്വപ്നം സിനിമയിലേക്ക് കാലെടുത്തുവച്ചയുടന്‍ സഫലമായ അനുഭവമുള്ളവര്‍ അപൂര്‍വമാണ്. അത്തരമൊരു സ്വപ്നസാഫല്യത്തിന്റെ നിര്‍വൃതിയിലാണ് നമിതാ പ്രമോദിപ്പോള്‍. തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകനായ സത്യന് അന്തിക്കാടിന്റെ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം. മലയാളത്തിന് ഒരുപിടി പ്രതിഭാ സമ്പന്നരായ നായികമാരെ സമ്മാനിച്ച സത്യന് അന്തിക്കാട് പുതിയ തീരങ്ങളിലെ താമരയായി നമിതയെ അവതരിപ്പിച്ചപ്പോള്‍ തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പതിനൊന്നാം ക്ലാസുകാരിക്ക് ഇത് സ്വപ്ന സായൂജ്യം.
കുമരകത്ത് ബിസിനസ് നടത്തുന്ന പ്രമോദിന്റെയും വീട്ടമ്മയായ ഇന്ദുവിന്റെയും മൂത്തമകളായ നമിത ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബാലതാരമായിട്ടായിരുന്നു അഭിനയരംഗത്ത് തുടക്കം കുറിച്ചത്. ടി.എസ്.സജിയാണ് നമിതയെ മിനിസ്ക്രീനിലെത്തിക്കുന്നത്. ‘അമ്മേദേവി’, ‘വേളാങ്കണ്ണി മാതാവ’്, ‘മാനസപുത്രി’ എന്നീ പരമ്പരകളില്‍ അഭിനയിച്ചു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സുപ്രധാനമായ ആ വഴിത്തിരിവുണ്ടാകുന്നത്. ഒരു മാഗസിന്റെ കവര്‍ ചിത്രം കണ്ട സംവിധായകന് രാജേഷ് പിള്ള നമിതയെ ട്രാഫിക്കിലേക്ക് ക്ഷണിച്ചു. റഹ്മാന്റെയും ലെനയുടെയും മകളായി ‘ട്രാഫിക്കില്‍’ തിളങ്ങിയ നമിത അതോടെ ശ്രദ്ധിക്കപ്പെട്ടു. ‘ട്രാഫിക്കി’നുശേഷം നിര്‍മ്മാതാവ് ആന്റോ ജോസഫ് ‘മല്ലൂസിംഗില്‍’ ചാക്കോച്ചന്റെ ജോഡിയായി അഭിനയിക്കാന്‍ നമിതയെ ക്ഷണിച്ചുവെങ്കിലും പത്താംക്ലാസ് എന്ന കടമ്പ മുന്നിലുണ്ടായതിനാല് നമിത തയ്യാറായില്ല.
‘ട്രാഫിക്കി’നുശേഷം ഏഷ്യാനെറ്റിലെ ‘സരിഗമ’ പരിപാടിയില്‍ ലെനയ്ക്കൊപ്പം പങ്കെടുക്കവേ അവതാരകന് എം.ജി.ശ്രീകുമാര്‍ ചോദിച്ച ചോദ്യം ഇന്നും നമിതയുടെ മനസിലുണ്ട്. മനസിലെ ഏറ്റവും വലിയ മോഹമെന്താണെന്നായിരുന്നു ആ ചോദ്യം. “സംവിധായകന് സത്യന് അന്തിക്കാടിന്റെ ചിത്രത്തിലെ നായികയാവണം.” വിധി കാത്തുവച്ചിരുന്നതുപോലെ ‘ട്രാഫിക്കി’നുശേഷം നമിതയെത്തിയത് സത്യന് അന്തിക്കാടിന്റെ ചിത്രത്തില്‍. പഠനത്തെ മുന്‍നിര്‍ത്തി ‘മല്ലൂസിംഗ്’ ഉപേക്ഷിച്ച നമിതയെത്തേടി വീണ്ടും ആന്റോ ജോസഫ് എത്തുകയായിരുന്നു ‘പുതിയ തീരങ്ങളിലേക്ക്’.
ആന്റോ ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം സത്യന് അന്തിക്കാടിന്റെ തൃശൂരിലെ ഫ്ലാറ്റിലാണ് തന്റെ ഇഷ്ടസംവിധായകനെ കാണാന്‍ നമിത ആദ്യമെത്തുന്നത്. ടെന്‍ഷനടിച്ച് എത്തിയപ്പോള്‍ സത്യേട്ടനും രണ്ടു മക്കളും മാത്രം. വീട്ടുകാരെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചും സ്കൂള്‍ വിശേഷങ്ങളുമൊക്കെയായി സംസാരവിഷയം. അതോടെ ടെന്‍ഷന്‍ മാറി. പിന്നീട് സത്യേട്ടന് പറഞ്ഞതനുസരിച്ച് തിരക്കഥാകൃത്തായ ബെന്നി നായരമ്പലത്തിനെ കാണാന്‍ കൊച്ചിയില്‍ പോയി. ‘പുതിയ തീരങ്ങളി’ലെ താമരയാവുന്നതിനു മുന്നോടിയായി സാരിയൊക്കെ ഉടുത്ത് ആയിരുന്നു പോയത്. താമരക്കു വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ സത്യന് അന്തിക്കാട് നിര്‍ദ്ദേശിക്കുന്നത് അവിടെ വച്ചാണ്. വള്ളം തുഴയാന്‍ പഠിക്കുക, നീന്തല്‍ പഠിക്കുക, അതോടൊപ്പം കടപ്പുറം നിവാസികളുടെ സംഭാഷണരീതിയും പരിശീലിക്കണമെന്നു പറഞ്ഞു. കുമരകം കായലിലായിരുന്നു നീന്തല്‍ പഠനവും വള്ളംതുഴയലുമെല്ലാം. കടപ്പുറം നിവാസികളുടെ സംഭാഷണരീതി പഠിക്കാന്‍ വെട്ടുകാട് പ്രദേശത്തുപോയെങ്കിലും നിരാശയായിരുന്നു ഫലം. അവിടെയുള്ളവര്‍ സാധാരണരീതിയിലാണ് സംസാരിച്ചത്. പിന്നീട് അര്‍ത്തുങ്കല്‍ കടപ്പുറത്ത് ഷൂട്ടിംഗിനെത്തിയപ്പോഴാണ് സംഭാഷണശൈലി മനസിലാക്കുന്നത്.
നെടുമുടി വേണുവുമൊത്തായിരുന്നു നമിതയുടെ ആദ്യ ഷോട്ട്. നമിതയെ പരിചയപ്പെടുന്ന സീന്‍. ‘ട്രാഫിക്കി’ ലെ അനുഭവസമ്പത്തൊക്കെയുണ്ടെങ്കിലും നമിത നന്നായി ടെന്‍ഷനടിച്ചു. “ഒടുവില്‍ വേണുവങ്കിളിന്റെയും സത്യേട്ടന്റെയും ബെന്നിയങ്കിളിന്റെയും ഒക്കെ പിന്തുണയാണ് റിലാക്സ്ഡ് ആക്കിയത്. സെറ്റില്‍ പിന്നീട് അടിച്ചുപൊളിച്ചു ഇതിനിടെ ഒരിക്കല്‍ക്കൂടി ഒന്നു വിരണ്ടു. ആദ്യമായി കടലില്‍ പോകാന്‍ വള്ളമിറക്കുമ്പോള്‍ പപ്പക്കും നല്ല പേടിയുണ്ടായിരുന്നു. കടല്ചൊരുക്ക് ഉണ്ടാവുമെന്നതിനാല്‍ ഭക്ഷണമൊന്നും കഴിക്കാതെയാണ് കയറിയത്. വള്ളത്തില്‍ രണ്ട് മൂന്ന് ആര്‍ട്ടിസ്റ്റുകളും മീന്‍പിടിക്കുന്നവരും ഉണ്ടായിരുന്നു. തൊട്ടുപിന്നില്‍ ക്യാമറയും മറ്റുമായി സംഘം ബോട്ടില്‍ ഉള്‍ക്കടലിലെത്തി കുറച്ച് കഴിഞ്ഞതോടെ പേടി മാറി.”
“സിനിമ ഷൂട്ടിംഗിനിടെ രസകരമായ അനുഭവങ്ങളുമുണ്ടായി. ചിത്രത്തില്‍ താമര ഒരു ചേട്ടനെ തല്ലുന്ന സീനുണ്ട്. റിഹേഴ്സല്‍ ടൈമില്‍ അഡ്ജസ്റ്റ് ചെയ്ത് അടിച്ചു. ടേക്ക് സമയത്ത് ആകെ ടെന്‍ഷന്‍. അടി ഒറിജിനലായി വീണു. ചേട്ടന്റെ മുഖത്ത് ഒരു പ്രത്യേകഭാവം. സെറ്റിലുള്ള നിവിന്പോളിയടക്കമുള്ളവര് കൂട്ടചിരി. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഫേസ്ബുക്കിലുണ്ട്. മറ്റൊരു അനുഭവമുണ്ട്. നിവിന്ചേട്ടനും ധര്മ്മജന് ചേട്ടനും കടപ്പുറത്ത് ചീട്ട്കളിക്കുന്ന സീന്‍. ധര്മ്മജന് ചേട്ടന് കള്ളത്തരം കാട്ടുന്നു. ഞാന്‍ കള്ളത്തരം പിടിക്കുന്നു. തുടര്‍ന്ന് കടപ്പുറത്ത് കൂടി ഓടുന്നു. ടേക്ക് ആയപ്പോള്‍ ഓട്ടം തുടങ്ങി. ഞങ്ങളുടെ ഈ ഓട്ടം ഇഷ്ടപ്പെടാത്ത കുറച്ചുപേര്‍ അപ്പുറത്ത് ഉണ്ടായിരുന്നു. മണലില്‍ ഉറങ്ങികിടന്നിരുന്ന കുറെ പട്ടികള്‍ ഞങ്ങള്‍ക്കൊപ്പം വച്ചുപിടിച്ചു. പിന്നെ അഭിനയമല്ലായിരുന്നു.
ജീവനുംകൊണ്ട് ഓടി. സെറ്റിലുള്ളവര്‍ പുറകെ ഓടിയെത്തിയാണ് പട്ടികളില്‍നിന്ന് രക്ഷിച്ചത്. പട്ടികള്‍ വളരെ അടുത്ത് ഓടിയതിനാല്‍ ആ സീന്‍ മുഴുവനായി സിനിമയിലില്ല. ഇതും താമസിയാതെ ഫേസ്ബുക്കില്‍ വന്നേക്കാം.”
ആദ്യനായകനെങ്ങനെയെന്ന ചോദ്യത്തിന് നമിതയുടെ കമന്റ് “ഭയങ്കര ജാടയാവുമെന്നാണ് കരുതിയത്. ഷൂട്ട് തുടങ്ങുമ്പോള്‍ ‘തട്ടത്തിന് മറയത്ത്’ ഇറങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. സിനിമയുടെ പാട്ടുകളും പ്രചരണരംഗങ്ങളും ഹിറ്റായതിനാല്‍ സ്കൂളിലെ കൂട്ടുകാര്‍ക്കെല്ലാം നിവിന്പോളിയെക്കുറിച്ചേ അറിയേണ്ടതുള്ളൂ. ആദ്യ ദിവസം തന്നെ കമ്പനിയായതിനാല്‍ ടെന്ഷനൊന്നുമുണ്ടായിട്ടില്ല. വളരെ ഫ്രണ്ട്ലിയാണ് നിവിന്‍ ചേട്ടന്. സെറ്റില്‍ ഇടതുകൈ ഉപയോഗിച്ചാണ് എഴുതിയിരുന്നത്. വലിയ നടനായതോടെ സ്റ്റെയിലിനുവേണ്ടി ഇടതുകൈ ഉപയോഗിക്കുന്നതാണെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു”.
“പുതിയ തീരങ്ങളു’ടെ റിലീസ് മറക്കാനാവില്ല. ടെന്‍ഷന്‍ കാരണം റിലീസ്ദിവസം സ്കൂളില്‍പോയില്ല. വീട്ടില്‍ കിടന്നുറങ്ങി. വൈകിട്ട് തിരുവനന്തപുരം ശ്രീപത്മനാഭ തീയേറ്ററില്‍ കുടുംബത്തോടൊപ്പം പോയാണ് സിനിമ കണ്ടത്. എന്നെ അതിശയിപ്പിച്ച കാര്യം എന്റെ ഫ്രണ്ട്സ് എന്നോടുപറയാതെ ആ തീയേറ്ററിലുണ്ടായിരുന്നു. അവരുടെ ആവേശവും സ്നേഹവും മറക്കാനാവില്ല. സിനിമ റിലീസ് ചെയ്തുകഴിഞ്ഞ് സ്കൂളിലെത്തിയപ്പോള്‍ മാവേലി വന്നേ മാവേലി വന്നേ എന്നും പറഞ്ഞ് എല്ലാവരും ഒത്തുകൂടി.”
സത്യന് അന്തിക്കാടിന്റെ നായികയായി മിന്നിത്തിളങ്ങുമ്പോഴും നമിതയ്ക്ക് അമിതമോഹങ്ങളില്ല. “ഒരുപാട് സിനിമകള്‍ ചെയ്യണമെന്നില്ല. ഒരു സിനിമയില്‍ പേരിന് വന്നുപോകാന്‍ ആഗ്രഹമില്ല. മനസില്‍ തങ്ങിനില്ക്കുന്ന വേഷങ്ങളാണെങ്കില്‍ ചെയ്യും. അന്യഭാഷകളില്‍ ഗ്ലാമറസാവാന്‍ എന്തായാലും ഇല്ല. താമരയുടെ മനസുള്ള ഒരു പെണ്‍കുട്ടിയാണ്. എപ്പോഴും വീട്ടില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന കുട്ടി. ആഡംബരങ്ങളോട് വലിയ ഭ്രമമൊന്നുമില്ല. ടിവി കാണുക, കഥകളോ കവിതകളോ കുത്തിക്കുറിക്കുക ഇതൊക്കെയാണ് വിനോദങ്ങള്‍. ഇങ്ങനെയുള്ള തനിക്ക് ഗ്ലാമര്‍ വേഷങ്ങള്‍ ഒട്ടും കംഫര്‍ട്ട് ആവില്ല. അത് തന്നെ അലോസരപ്പെടുത്തും”, നമിത പറയുന്നു.
മീരാജാസ്മിനെയും ഫഹദ് ഫാസിലിനെയും ഇഷ്ടപ്പെടുന്ന നമിതയുടെ ഇനിയുള്ള ആഗ്രഹം എന്താണെന്നു ചോദിച്ചാല്‍ ഉടന്‍ മറുപടി “വിളിക്കുമെങ്കില്‍ ഇനിയും സത്യേട്ടന്റെ സിനിമകളില്‍ വേഷം ചെയ്യണം.” താന്‍ കണ്ടെത്തിയ നായികമാരില്‍ മുന്‍നിരയില്‍ കണക്കാക്കുന്ന നായികയാണ് നമിതയെന്ന സത്യന് അന്തിക്കാടിന്റെ അഭിനന്ദനം തനിക്ക് ഏറ്റവും വലിയ പ്രചോദനമാണെന്നും നമിത പറയുന്നു. അഭിനയ സ്വപ്നങ്ങളോടൊപ്പം ഒരു സോഷ്യാളജി പ്രൊഫസറാവുക എന്ന ജീവിത സ്വപ്നവും കൊണ്ടുനടക്കുന്ന ഈ പ്ലസ്വണ്‍കാരി വീട്ടിലെത്തിയാല്‍ ആകെ മാറും. ആറാംക്ലാസുകാരി അനുജത്തി അകിതയോടൊപ്പം അടികൂടാനും കുറുമ്പുകാട്ടാനുമൊക്കെ നമിതയുണ്ടാവും.
>> സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: