2012 മാര്‍ച്ച് 10ന് കോഴിക്കോട് വെച്ച് സംഭവിച്ച വാഹനാപകടത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി ഇപ്പോള്‍ വെല്ലൂര്‍ മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ കഴിയുകയാണ് മലയാള സിനിമയിലെ അതുല്യ നടന് ജഗതി ശ്രീകുമാര്‍.
അമ്പിളിച്ചേട്ടന് എന്ന പേരിലറിയപ്പെടുന്ന ജഗതി ശ്രീകുമാര്‍ 25 വര്‍ഷത്തിലധികമായി മലയാള സിനിമാ ലോകത്ത് ഒരു അപൂര്‍വ പ്രതിഭയായി തിളങ്ങിനില്‍ക്കുന്ന ഒരു താരം തന്നെയാണ്. മലയാള സിനിമയില്‍ നികത്താനാവാത്ത ഒരു അഭാവമാണ് അഞ്ച് മാസം അദ്ദേഹം ആശുപത്രിയിലായതിനെത്തുടര്ന്നുണ്ടായത്.
അദ്ദേഹം തുടങ്ങിവെച്ചതും കരാറായതുമായ നിരവധി സിനിമകളില്‍ പകരക്കാരനെത്തേടി പരക്കം പായുകയാണ് മലയാള സിനിമാലോകം. 2012 ലെ മികച്ച ഹാസ്യനടന് എന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് “സ്വപ്ന സഞ്ചാരി” എന്ന സിനിമയിലെ അഭിനയത്തിന് കഴിഞ്ഞ മാസം അദ്ദേഹത്തെ തേടിയെത്തി. മലയാളം കൂടാതെ മറ്റനവധി മറ്റു ഭാഷാ ചിത്രങ്ങളിലും ജഗതി ശ്രീകുമാര്‍ തന്റെ അഭിനയ മികവ് പ്രകടമാക്കിയിട്ടുണ്ട്.
പ്രേം നസീര്‍, തിക്കുറുശ്ശി തുടങ്ങിയ മലയാളത്തിലെ ആദ്യകാല നടന്മാര് മുതല്‍ മലയാള സിനിമയിലെ പുതുമുഖ താരങ്ങളോടൊപ്പംവരെ അഭിനയിച്ച അദ്ദേഹം 1100 സിനിമകളില്‍ തന്റേതായ വ്യക്തിമുദ്ര പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഏതൊരു അവതരണശൈലിയും തന്റേതായ ശൈലിയില്‍ അവതരിപ്പിച്ച അദ്ദേഹത്തിന്റെ കഴിവ് മലയാള സിനിമാ ലോകത്ത് പകരം വെയ്ക്കാനാവാത്ത ഒന്നാണ്. മികച്ച നടന്, സ്വഭാവനടന്‍, ഹാസ്യ നടന്, വില്ലന്‍ തുടങ്ങി എല്ലാ തരത്തിലും തന്റെ കഴിവ് മലയാള സിനിമയില്‍ പ്രദര്‍ശിപ്പിച്ച ഒരു അപൂര്‍വ വ്യക്തിത്വമാണ് ജഗതി ശ്രീകുമാറിന്റേത്. ആശുപത്രിയിലായി അഞ്ച് മാസം തികയുമ്പോഴും അദ്ദേഹം അഭിനയിച്ചു പൂര്‍ത്തിയാക്കിയ നിരവധി സിനിമകളാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതും ഇനി വരാനുള്ളതും.
സംസാരശേഷി നഷ്ടപ്പെട്ട അവസ്ഥയില്‍ മാസങ്ങളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസങ്ങളായി സംസാരിച്ചുതുടങ്ങി. വാക്കുകള്‍ അവ്യക്തമാണങ്കിലും സംസാരശേഷി വീണു കിട്ടിയത് ചികിത്സയില്‍ വളരെ നിര്‍ണായകം എന്നുതന്നെയാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കാലുകള്‍ അനക്കാനാവാതെ വീല്‍ ചെയറില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ഇപ്പോള്‍ പിടിച്ചുനടക്കാന്‍ തുടങ്ങി എന്നതും മലയാള സിനിമാ ലോകത്തിനും ഒപ്പംതന്നെ അദ്ദേഹത്തോടൊപ്പമുള്ള അദ്ദേഹത്തിന്റെ കുടുംബത്തിനും വളരെയധികം സന്തോഷം നല്കുന്നു.
വെല്ലൂര്‍ മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ ഉള്ള ജഗതി ശ്രീകുമാറിന്റെ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ട എല്ലാവിധ ക്രമീകരണങ്ങളും സഹകരണവും അദ്ദേഹത്തോടൊപ്പം രണ്ടേരണ്ട് സിനിമകളില്‍ മാത്രം കൂടെ അഭിനയിച്ച ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ ജയലളിത നല്‍കുന്നുണ്ട്. എഐഎഡിഎംകെയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയുടെ മുന്നില്‍ നടന്ന പ്രത്യേകം പ്രാര്‍ത്ഥനയില്‍ തമിഴ് സിനിമാതാരങ്ങളും മറ്റു പ്രമുഖരും തമിഴ് മക്കളും പങ്കെടുത്തിരുന്നു. ഇപ്പോഴത്തെ പുരോഗതി അനുസരിച്ച് സപ്തംബറിലോ ഒക്ടോബറിലോ ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അതിനുശേഷവും ആറ് മാസത്തെ പൂര്‍ണവിശ്രമം ജഗതി ശ്രീകുമാറിന് വേണ്ടിവരും എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
സന്ദര്‍ശക ബാഹുല്യം ഒഴിവാക്കി ആശുപത്രിയിലെ റൂമില്‍ കഴിയുന്ന അദ്ദേഹത്തിന് ഫിസിയോ തെറാപ്പി നടത്തിവരികയാണ്. അദ്ദേഹത്തെ കാണാന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമാണ് അടുത്ത ദിവസങ്ങളിലായി അദ്ദേഹത്തെ സന്ദര്‍ശിക്കാനുള്ള അനുമതി ആശുപത്രി അധികൃതരും ഡോക്ടര്‍മാരും നല്‍കിയത്.
ഒരു വര്‍ഷത്തിനകം മലയാള സിനിമയെ പൊട്ടിച്ചിരിപ്പിക്കുവാന്‍ ജഗതി ശ്രീകുമാര്‍ വെള്ളിത്തിരയില്‍ തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ആശുപത്രിയിലുള്ള ജഗതി ശ്രീകുമാറിന്റെ കുടുംബവും താര സംഘടനയായ “അമ്മയും” ഒപ്പം തന്നെ ജഗതി ശ്രീകുമാറിന്റെ ആയുരാരോഗ്യത്തിനും ആയുസ്സിനും വേണ്ടി പൂജയിലും പ്രാര്‍ത്ഥനയിലുമാണ് ലോകത്തെമ്പാടുമുള്ള മലയാളി സമൂഹവും.
വെങ്കിടേശ് കെ.ആര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: