നിറക്കൂട്ടുകള്‍ക്ക് സംഗീതവും ഒരുപക്ഷേ ഗന്ധവുമുണ്ടെന്ന് നാം തിരിച്ചറിയുന്നത് ഭരതന് ചിത്രങ്ങളിലൂടെയാണ്.
പ്രകൃതിയുടെയും ജീവിതത്തിന്റെയും മറുകാഴ്ചയാണ് സിനിമ. പരന്നുപോകുന്ന പ്രേക്ഷകന്റെ നോട്ടങ്ങളെ സാങ്കേതിക കൂട്ടായ്മയില്‍ ദൃശ്യഭാഷയിലെഴുതുന്ന സിനിമയെന്ന പകരക്കാഴ്ചയില് ഒരാത്മഗതമുണ്ട്. മുദ്രിതമാകുന്ന അക്ഷരങ്ങള്‍ക്ക് പകരം ഒഴുകിമാറുന്ന ദൃശ്യങ്ങളുടെ അരേഖിയതയാണ് ഈ ആത്മഗതം. ഇതുപക്ഷേ സിനിമയുടെ വ്യാകരണത്തിനപ്പുറം ചലച്ചിത്ര രചയിതാവിന്റെ വ്യാഖ്യാനമാണ്. ജെ.സി.ഡാനിയലിനെപ്പോലുള്ളവര് ജീവിതം നഷ്ടപ്പെടുത്തി മലയാള സിനിമയ്ക്കുണ്ടാക്കിയ മേല്‍വിലാസം നിലനിര്‍ത്തിയത് ഇത്തരം സ്വകീയ വ്യാഖ്യാനങ്ങള്‍ തീര്‍ത്ത അപൂര്‍വ വ്യക്തിത്വങ്ങളാണ്. ഭരതനാകട്ടെ അതില്‍ മുമ്പനും. അതുകൊണ്ടാണ് ഇന്നലെ കണ്ട സിനിമയുടെ പുതുമയായി ഭരതന്റെ രചനകളും അദ്ദേഹത്തിന്റെ സാന്നിധ്യവും ഇന്നും നമ്മോടൊപ്പമുള്ളത്.
മലയാള സിനിമയുടെ ഭൂതകാലം തിരയുന്ന ഇന്നത്തെ ചെറുപ്പം ഭരതന് സിനിമയെന്നുപോലും സൂചിപ്പിക്കുമ്പോള്‍ അത് ഇന്നത്തെകൂടി സിനിമയാകുന്നുണ്ട്. വേറിട്ട സിനിമകളെന്നപേരില് ഇന്നിറങ്ങുന്ന ചിലതിന്റെ പോസ്റ്ററുകളില്‍ ഭരതന് സിനിമകളുടെ കാലം തിരിച്ചുവരുന്നുവെന്ന പതിയല്‍ ഇതിന്റെ അംഗീകാരമാണ്. നാളത്തേതിന്റെകൂടി സിനിമ എന്ന് ഉറപ്പിക്കാവുന്ന രീതിയില്‍ സൃഷ്ടി നടത്തിയവരില്‍ ഭരതന്-പത്മരാജന് പേരുകള്‍പോലെ അധികമുണ്ടാവില്ല. മലയാളസിനിമ ഭരതന് മുമ്പും പിന്‍പും എന്നൊരു നിരീക്ഷണം തന്നെ നിലവിലുള്ളത് ഭരതന് സിനിമയുടെ മാറ്റച്ചിന്തകൊണ്ടാണ്.
1974-ല്‍ പത്മരാജന്റെ തിരക്കഥയില്‍ ഭരതന് സംവിധാനം ചെയ്ത് ദേശീയ പുരസ്ക്കാരം നേടിയ പ്രയാണം മുതല്‍ അമ്പതോളം ചിത്രങ്ങളിലോരോന്നിലും അദ്ദേഹത്തിന്റെ കരമുദ്രയുണ്ട്. വിവിധ ചേരുവകളുടെ ഏകകമായതുകൊണ്ടാണ് ഭരതന് ഓരോ രചനയിലും സ്വന്തം അടയാളം വരയ്ക്കാന്‍ കഴിഞ്ഞത്. ചിത്രകാരന്, ശില്പി, ആര്‍ട്ട് ഡയറക്ടര്‍, ഗാനരചയിതാവ്, സംഗീതജ്ഞന് തുടങ്ങി ബഹുമുഖ വ്യക്തിത്വമാണ് ഭരതനെന്ന സംവിധായകനെ തീര്‍ത്തത്. പ്രകൃതിവര്‍ണങ്ങളുടെ നിയതമായ കൂട്ടില്‍ ജീവിത പശ്ചാത്തലത്തെ യാഥാര്‍ത്ഥ്യമാക്കിയ പക്വത പ്രകടമാക്കാന്‍ ഭരതനിലെ സംവിധായകനെ അദ്ദേഹത്തിലെ ചിത്രകാരന് ആദരവോടെ സഹായിക്കുന്നുണ്ട്. ചിത്രകാരനായി പ്രകൃതിയെ നിരീക്ഷിക്കുകയും വ്യക്തിയായി കഥാപാത്രങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്ത ഭരതന് സംവിധായകന്റെ ഭാഷയില്‍ ദൃശ്യങ്ങളെ നിര്‍വചിക്കുകയായിരുന്നു. ചിത്രകാരനായിരുന്നു ഭരതന്.
ജീവിക്കുന്ന പ്രകൃതി പശ്ചാത്തലം മനുഷ്യന്റെ വിധി നിര്‍ണയിക്കുന്നുവെന്ന ദര്‍ശനം എഴുത്തുകാരന്റെ ഭൂമിക മാത്രമല്ലെന്ന് മലയാളസിനിമയില്‍ ആദ്യമായി തെളിയിച്ചത് ഭരതനായിരുന്നു. കഥാപാത്രങ്ങളുടെ മൂഡും അവരുടെ ജീവിതപരിസരങ്ങളുടെ സ്വഭാവവും പ്രകടമാകുന്ന പ്രകൃതിദൃശ്യങ്ങളും അല്ലെങ്കില്‍ അത്തരം കാഴ്ചപ്പരിസരങ്ങളില് മനുഷ്യന്റെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന് വീക്ഷിക്കുന്നത് ഭരതന് സിനിമകളുടെ സ്വാഭാവികതയാണ്. മഞ്ഞും മഴയും വേനലും പുഴയും മലയും കാടുമൊക്കെ മനുഷ്യന്റെ വികാരമാറ്റങ്ങള്ക്കനുസരിച്ച് പ്രതികരിച്ച് കഥാപാത്രങ്ങളാകുന്നത് ഭരതന് ചിത്രങ്ങളില്‍ അതിഭാവുകത്വമില്ലാതെ സെക്സും വയലന്സുമൊക്കെ പ്രകൃതിപശ്ചാത്തലത്തിന്റെ ദൃശ്യസാന്നിധ്യത്തില് പറയാന്‍ ഈ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വില്ലനെത്തേടിപ്പോകുന്ന നായകന്റെ കഥ പറയുന്ന ‘താഴ്വാര’ത്തിന്റെ പശ്ചാത്തലത്തിന് ഇത്തരമൊരു സ്വഭാവമുണ്ട്. കാഴ്ചസൗന്ദര്യത്തിന്റെ മികവില്ലാത്ത വിളറിയ ചോപ്പുള്ള മലയും താഴ്വാരവും മൂടിക്കെട്ടിയ അന്തരീക്ഷവുമൊക്കെ വയലന്‍സിന്റെ ഉദ്വേഗപൂര്‍ണമായ പെരുപ്പുകൂട്ടുന്നുണ്ട്. ചാട്ട, ചമയം, വെങ്കലം തുടങ്ങിയ ചിത്രങ്ങളില്‍ പ്രമേയമൂഡനുസരിച്ച് സെപ്പിയ നിറത്തിന്റെ ഔചിത്യദീക്ഷ കാണാം. എന്നാല്‍ ചാമരത്തില്‍ പ്രണയമെന്ന പ്രമേയത്തിനനുസൃതമായി പച്ചപ്പുള്ള പരിസരവും പ്രേമതരളിതമാണ്. സന്ധ്യമയങ്ങും നേരത്തില്‍ പതിയിരിക്കുന്ന മരണത്തിന്റെ നിഗൂഢഭാവമുള്ള പതിഞ്ഞ കാലൊച്ച കേള്പ്പിക്കുന്നപോലെ തന്നെയാണ് പ്രകൃതിയും. നിഴല്‍ വെളിച്ചങ്ങളും സന്ധ്യയും ഇരുളുന്ന സൂര്യനും നിശബ്ദ രാത്രിയുംകൊണ്ട് ചിത്രത്തിന്റെ കേന്ദ്രഭാവത്തെ സൂക്ഷ്മമാക്കി. ഒരവസരത്തില്‍ മരണചിഹ്നമായി ബര്‍ഗ്മാന്റെ പ്രസിദ്ധ സ്വീക്വന്‍സായി തോന്നുന്ന രംഗവുമുണ്ട്. ചിത്രത്തിന്റെ പ്രമേയത്തെയോ കഥാപാത്രങ്ങളുടെ സ്വഭാവത്തെയോ നീതീകരിക്കാതെ കേവലം കാഴ്ചസുഖങ്ങള് നല്കുന്ന ലാന്റ്സ്കേപ്പുകള്‍ നല്കുന്ന മലയാളത്തിന്റെ ദുഷിച്ച ശീലത്തെ ഭരതനാണ് സര്‍ഗാത്മകമായി ആക്രമിച്ചത്. പ്രകൃതിയും മനുഷ്യനും പരസ്പരം പകരം വെക്കാവുന്ന പ്രതീതികളാണെന്ന് ഭരതന്ചിത്രങ്ങള് മലയാളിയെ പഠിപ്പിച്ചു. ചിത്രകാരന്മാര് കൂടിയായ കുറസോവയും ഹിച്ച്കോക്കും മറ്റും തങ്ങളുടെ സിനിമാ പ്രമേയങ്ങളുടെ പൂര്‍ണതയ്ക്കായി ഉപയോഗിച്ച ധ്വനിസാന്ദ്രമായ ലാന്റ്സ്കേപ്പുകള്‍ ലോകസിനിമയുടെ ചര്‍ച്ചാവിഷയമായപ്പോള്‍ നമ്മുടെ കൊച്ചുമലയാളത്തില്‍ അങ്ങനെയൊന്ന് ചര്‍ച്ച ചെയ്യാന്‍ ഭരതന് നിമിത്തമായി.
മലയാളസിനിമയിലെ നിരവധി വ്യാജ വിഗ്രഹങ്ങളെ ഉടച്ചിട്ടുണ്ട് ഭരതന്. ചിലര്‍ സ്വന്തം മേധാവിത്വഗര്വിനായി തോന്നിയപോലെ ആര്‍ട്ടും കൊമേഴ്സ്യലുമായി സിനിമയെ വിഭജിച്ചപ്പോള്‍ എല്ലാവരും ഒരുപോലെ കാണുന്ന സിനിമയെടുത്ത് അത്തരക്കാരുടെ ധാടിയും താടിയും കരിച്ചുകളഞ്ഞു. സാധാരണക്കാരനും ബുദ്ധിജീവികളോടൊപ്പമിരുന്ന് ദുര്‍ഗ്രഹതയില്ലാതെ ഭരതന് സിനിമകള്‍ കണ്ടു. സാധാരണക്കാരനെയും അങ്ങനെ ഭരതന് ബുദ്ധിജീവിയാക്കി.
പ്രമേയത്തിലും ഭരതന് കലാപമുയര്‍ത്തി. മനുഷ്യന് അവനവന്റെയുള്ളില് ഒളിച്ചുവെച്ച യഥാര്‍ത്ഥ മനുഷ്യനെ സിനിമയിലൂടെ വലിച്ച് പുറത്തിടുകയായിരുന്നു അദ്ദേഹം. ഇത്തരം കഥാപാത്രങ്ങളെക്കണ്ട് പ്രേക്ഷകന് ഞെട്ടി. അവരതിനെ പച്ചമനുഷ്യരെന്ന് പറഞ്ഞു. സെക്സും വയലന്‍സുമെന്ന് കുറേക്കൂടി അലങ്കാരമാക്കി. ആ കഥാപാത്രങ്ങള്‍ തങ്ങള്‍ തന്നെയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു; ഭരതന് സിനിമകളെയും. പകരക്കാരനില്ലെന്നറിഞ്ഞ് ഇപ്പോഴും അവര്‍ ഭരതനെ കൂടെക്കൊണ്ട് നടക്കുന്നു.
സേവ്യര്‍.ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: