തിരുവനന്തപുരം: മലയാള ചിത്രങ്ങള്‍ക്ക് പുത്തന്‍ വിപണി സാധ്യതകള്‍ ലക്ഷ്യമിടുന്ന ‘മാര്‍ക്കറ്റിംഗ് മലയാള സിനിമ’യുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സിനിമാ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.
കേരളത്തിലെ സിനിമകള്‍ക്ക് വിദേശത്തും വിദേശ സിനിമകള്‍ക്ക് കേരളത്തിലും വിപണനാവസരങ്ങള്‍ ഒരുക്കാന്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സിനിമാ പ്രദര്‍ശനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും അദ്ദേഹം നടത്തി. രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായാണ് മാര്‍ക്കറ്റിംഗ് മലയാള സിനിമ ആരംഭിച്ചത്.
സിനിമാഭാഷ എന്നത് ലോകഭാഷയായി കരുതപ്പെടുന്നൊരു കലാരൂപമാണ്. അതുകൊണ്ട് തന്നെ ടൂറിസം പ്രചാരണത്തിലും അതിന് വലിയൊരു പങ്ക് വഹിക്കാന്‍ കഴിയുമെന്ന് അധ്യക്ഷന്‍ സംവിധായകന് ഷാജി.എന്‍.കരുണ്‍ പറഞ്ഞു. സാങ്കേതിക പിഴവുകളാണ് മലയാള സിനിമകളുടെ വിപണന സാധ്യതകള്‍ കുറയ്ക്കുന്നതെന്ന് സംവിധായകന് കമല്‍ പറഞ്ഞു.
ടൂറിസത്തിന് സിനിമയെ സഹായിക്കാന്‍ കഴിയുന്ന വിവിധ മേഖലകളെക്കുറിച്ച് ഗ്രീസില്‍ നിന്നെത്തിയ സിനിമാ നിര്‍മ്മാതാവ് ജെയിംസ്.പി.മിമിക്കോസ് വിവരിച്ചു. ചലച്ചിത്ര നിര്‍മ്മാണത്തില്‍ മറ്റ് രാജ്യങ്ങളുമായി സംയുക്ത സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ ഇന്ത്യ പോലൊരു രാജ്യത്തിന് സാധ്യതകളേറെയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിനും ആ രംഗത്ത് മികച്ച അവസരങ്ങള്‍ ഉണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ക്കറ്റിംഗ് മലയാളം സിനിമ കോഓര്‍ഡിനേറ്റര്‍ രവീന്ദ്രന് സ്വാഗതവും സംവിധായകന് സി.പി.പത്മകുമാര്‍ നന്ദിയും പറഞ്ഞു. സിനിമാ ഗവേഷക അലക്സാന്ദ്ര ഷോര്‍ട്ട്, മാക്ട ചെയര്മാന് ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: