ആസനം എന്ന പദത്തിന് പതഞ്ജലി മഹര്‍ഷി കൊടുത്തിരിക്കുന്ന നിര്‍വചനം സ്ഥിരസുഖമാസനം എന്നാണ്. സ്ഥിരമായും സുഖമായും നിശ്ചലമായും ശരീരത്തെ ഏതെങ്കിലും ഒരു മാതൃകയില്‍ നിര്‍ത്തുന്നതിനാണ് ആസനം എന്നു പറയുന്നത്. സ്ഥിരമായും സുഖമായും ഇരിക്കുന്നതും നില്ക്കുന്നതും കിടക്കുന്നതും എല്ലാം ആസനങ്ങളാണ്.
ജപം, പ്രാര്‍ത്ഥന, പ്രാണായാമ, ധ്യാനം മുതലായ മാനസിക സാധനകള്‍ അനുഷ്ഠിക്കുന്നതിന് ശാസ്ത്രം അനുശാസിച്ചിരിക്കുന്ന ചില ആസനങ്ങളൊടുകൂടിയാണ് നമ്മുടെ യോഗപരിശീലനം ആരംഭിക്കുന്നത്. വ്യായാമരഹിതമായ ഒരു ജീവിതം നയിച്ചുവരുന്നവര്ക്ക് പല ആസനങ്ങളും പ്രാരംഭത്തില്‍ വളരെ പ്രയാസമായി തോന്നാവുന്നതാണ്. നിലത്ത് ചമ്രം പടിഞ്ഞിരിക്കാന്‍ സാധിക്കുന്നവര്‍ തന്നെ ഇന്നത്തെക്കാലത്ത് വളരെ അപൂര്‍വമാണ്. പ്രാരംഭത്തില്‍ അനുഭവപ്പെടുന്ന വിഷമങ്ങളെല്ലാം പരിശീലനം പുരോഗമിക്കുന്നതിനനുസരിച്ച് മാറിക്കൊള്ളും.
യോഗ ഒരു ദിനചര്യയായിത്തീരണം. എന്നാല്‍ മാത്രമേ അതുകൊണ്ട് ഫലമുള്ളൂ. ചൂളയില്‍ വെക്കാത്ത പച്ചക്കലം പോലെയാണ് വ്യായാമമില്ലാത്ത ശരീരം. ശരീരമാകുന്ന പച്ചക്കലം യോഗമാകുന്ന അഗ്നിയില്‍ ശുദ്ധീകരിച്ചെടുക്കണം. എന്നാല്‍ അതിന് യാതൊരു ന്യൂനതകളും സംഭവിക്കാതെ ദീര്‍ഘകാലം പ്രവര്‍ത്തനക്ഷമമായി നിലനില്ക്കും. ‘ഹേയം ദുഃഖമനംഗതം’, വരാനിരിക്കുന്നതും വന്നെത്തിയിട്ടില്ലാത്തതുമായ ദുഃഖങ്ങളെ ഒഴിവാക്കുക. ഇതാണ് യോഗശാസ്ത്രം അനുസ്മരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: