അരക്കെട്ട്, തുടകള്‍, പൃഷ്ഠം, അടി വയറ്, കഴുത്ത് ഈ ഭാഗങ്ങളില്‍ അടിഞ്ഞ് കൂടുന്ന ദുര്‍മേദസ് മാറുവാന്‍ ഏറെ സഹായകരമാണ് വ്യാഘ്രാസനം. സ്ത്രീകളുടെ ജനനേന്ദ്രിയവ്യൂഹത്തിന്റെ ന്യൂനതകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാകാനും ഈ ആസനം സഹായകരമാണ്.
ചെയ്യേണ്ടവിധം
1. മാര്‍ജാരി ആസനത്തിനെന്ന പോലെ നാല് കാലില്‍ നില്ക്കുക. സാധാരണപോലെ രണ്ടുമൂന്നു തവന ശ്വാസോച്ഛ്വാസം ചെയ്യുക.
2. സാമാന്യം ദീര്‍ഘമായി ശ്വാസം എടുത്ത് തല പുറകോട്ട് വളച്ച് മുകളിലേക്കു നോക്കുക. നട്ടെല്ല് ഞെളിക്കുക.
3. ഈ നില്പില് വലത്തെ കാല് നേരെ പുറകോട്ടെടുത്ത് നീട്ടി ഉയര്‍ത്തിപ്പിടിക്കുക. മുട്ടുവളയാന് പാടില്ല.
4. തുടര്‍ന്ന് നീട്ടിപ്പിടിച്ചിരിയ്ക്കുന്ന കാല് പുറകോട്ടു മടക്കുക. ഇത്രയും സമയം ശ്വാസം ഉള്ളില്‍ പിടിച്ച് നിര്‍ത്തിയിരിക്കണം. ഇനി ശ്വാസം സാവധാനം മൂക്കില്‍ കൂടി വിട്ടുകൊണ്ട് മടക്കി പിടിച്ചിരിയ്ക്കുന്ന കാല് മുട്ട്, കുത്തി നിര്‍ത്തിയിരിക്കുന്ന കൈകളില്‍ക്കൂടി നെഞ്ചിനടുത്തേയ്ക്ക് കൊണ്ടുവരിക. അതോടൊപ്പം തന്നെ തലയും കുനിച്ചുകൊണ്ട് വന്ന് (അപ്പോള്‍ കൈമുട്ടുകള്‍ വളയരുത്) മുട്ടും മൂക്കും തമ്മില്‍ കൂട്ടിമുട്ടിയ്ക്കുക.
5. ശ്വാസം മുഴുവന്‍ വിട്ടു തീര്‍ന്നാല്‍, രണ്ടു സെക്കന്‍ഡിനു ശേഷം ശ്വാസം എടുത്തുകൊണ്ട് മുട്ടു നിവര്‍ത്താതെ തന്നെ നേരെ പുറകോട്ട് എടുത്തതിനു ശേഷം കാല് നീട്ടിയിട്ട് പ്രാരംഭനിലയില്‍ വയ്ക്കുക. കാല് പുറകോട്ട് എടുക്കുന്നതോടൊപ്പം തന്നെ തലയും ഉയര്‍ത്തി മുന്പോട്ട് നോക്കി നില്ക്കുക. രണ്ടും ഒപ്പം നടക്കണം.
6. ഈ നില്പില് അല്പം വിശ്രമിച്ചിട്ട് ഇതേ ഓര്‍ഡറില്‍ തന്നെ ഇടത്തുകാല് കൊണ്ടും ചെയ്യുക.
ചെയ്യേണ്ടവിധം ശരിയായി പഠിച്ച ശേഷം ഓരോ ചലനങ്ങളും നിര്‍ത്തി നിര്‍ത്തി ചെയ്തു ശീലിക്കുക. ഓരോ കാലും മാറി മാറി അഞ്ചു തവണ വീതം അഭ്യസിക്കുക. ജോയിന്റുകള്‍ക്ക് വഴക്കം കിട്ടുന്നതു വരെ വ്യാഘ്രാസനം അല്പം പ്രയാസമായിരിക്കും. കുറച്ചു ദിവസത്തെ പരിശീലനം കൊണ്ട് പ്രയാസങ്ങളൊക്കെ മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: