ജന്മഭൂമി സ്ഥിതി ചെയ്യുന്ന എളമക്കരയിലെ മന്ദിരത്തിന്റെ നവീകരണഘട്ടത്തിന്റെ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത് വലിയ സന്തോഷത്തിനും ചാരിതാര്‍ത്ഥ്യത്തിനും വക നല്കി. ജന്മഭൂമിയുടെ ഉടമസ്ഥരായ മാതൃകാപ്രചരണാലയത്തിന്റെയും അച്ചടിക്കുന്ന അയോധ്യമുദ്രണാലയത്തിന്റെയും പ്രാരംഭത്തിന് കാരണക്കാരായ കെ. രാമന്‍പിള്ളയുടെയും പി.സുന്ദരത്തിന്റെയും സാന്നിദ്ധ്യം ഏറെ സന്തോഷിപ്പിച്ചു. കേരള നവോത്ഥാന പ്രസ്ഥാനങ്ങളുടെ ജിഹ്വയായി പ്രവര്‍ത്തിക്കാന്‍ ഒരു ദിനപത്രം അത്യാവശ്യമാണെന്ന അഭിപ്രായം ആദ്യമായി 1968 ല്‍ ജനസംഘത്തിന്റെ തലശ്ശേരിയില്‍ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ ഉന്നയിച്ചത് രാമന്‍പിള്ളയായിരുന്നു.
അതിനുള്ള ശ്രമങ്ങള്‍ പലയിടങ്ങളിലും നടന്നുവെങ്കിലും എറണാകുളത്ത് ആദ്യകാല സംഘ സ്വയംസേവകന് കെ.ജി. വാധ്യാരുടെ ഉത്സാഹത്തില്‍ ആരംഭിച്ച രാഷ്ട്രവാര്‍ത്ത എന്ന സായാഹ്ന ദിനപത്രമാണ് അതിന്റെ അഗ്രഗാമി. അതിനായി അന്ന് ദീപ്തി പ്രിന്റേഴ്സ് എന്ന കമ്പനിയും പ്രസ്സും അദ്ദേഹം തുടങ്ങി. പിന്നീട് ജന്മഭൂമിയുടെ പ്രസാധകനായും മറ്റും നിര്‍ണായക പങ്കു വഹിച്ച ടി.എം.വി. ഷേണായി ആയിരുന്നു അതിന്റെയും പ്രസാധകന്. അക്കാലത്ത് എറണാകുളത്തെ ഭാരതീയ വിദ്യാഭവന് നടത്തിവന്ന ജേര്‍ണലിസം കോഴ്സില്‍ പഠിക്കാനെത്തിയ കുമ്മനം രാജശേഖരന് തന്റെ പ്രായോഗിക ബുദ്ധി രാഷ്ട്രവാര്ത്തക്കു നല്കി അതിന്റെ അര്ദ്ധശതാബ്ദിയിലും അദ്ദേഹം മറ്റനേകം സുപ്രധാന ചുമതലകള്‍ തലയിലേറ്റിക്കൊണ്ട് ജന്മഭൂമിയെ നയിച്ചുകൊണ്ട് നവീകരണവേളയില്‍ അധ്യക്ഷസ്ഥാനത്തുണ്ട്. കെ.ജി. വാധ്യാരും ടിഎംവിയും നമ്മെ വിട്ടുപിരിഞ്ഞു.
കോഴിക്കോട്ടെ ജനസംഘ നേതാക്കളായിരുന്ന യു. ദത്താത്രേയ റാവു, സി. പ്രഭാകരന്, കെ.സി. ശങ്കരന്, എ. ശ്രീധരന് തുടങ്ങിയവരുടെ ഉത്സാഹത്തില്‍ രജിസ്റ്റര്‍ ചെയ്ത മാതൃകാപ്രചരണാലയമാണ് ഇന്നും ജന്മഭൂമി എന്ന പത്ര സാകല്യത്തിന്റെ ഉടമ. അതിന്റെ ആദ്യ പ്രമോട്ടര്മാരാരും തന്നെ ഇന്നില്ല. ഈ കമ്പനി രൂപീകരിച്ചയുടന്‍ വാധ്യാര്‍ജി രാഷ്ട്രവാര്ത്തയെ അതിന്റെ ഉടമസ്ഥതയിലാക്കി. തൃശ്ശിവപേരൂരിലെ എന്‍.ഐ. ധര്‍മപാലന്റെ ഉത്സാഹത്തില്‍ അവിടെ നടന്നും മുടങ്ങിയും കഴിഞ്ഞ നവാബ് രാജേന്ദ്രന്റെ ജന്മഭൂമി എന്ന പ്രസിദ്ധീകരണം മാതൃകാപ്രചരണാലയത്തിന് വേണ്ടി തീറെഴുതി വാങ്ങാന്‍ സാധിച്ചു. അങ്ങനെ ആ പേരില്‍ സായാഹ്ന പത്രമായി അതു കോഴിക്കോട്ട് ആരംഭിച്ചു. കേസരി വാരിക അച്ചടിച്ചിരുന്ന ജയഭാരത് പ്രസ്സായിരുന്നു മുദ്രകര്. വന്ദ്യവയോധികനും ഏറ്റവും മുതിര്‍ന്ന പത്രാധിപരെന്നവകാശപ്പെടാവുന്ന പി.വി.കെ. നെടുങ്ങാടി പത്രാധിപരായി.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ ജന്മഭൂമിയും രാഷ്ട്രവാര്ത്തയും പോലീസ് റെയിഡിനിരയായി. നെടുങ്ങാടിയും പത്രത്തിന്റെയും കമ്പനിയുടെയും പൊതുവായ ചുമതല വഹിച്ചിരുന്ന ഈ ലേഖകനും പ്രസാധകനും എംഡിയുമായിരുന്ന ദത്താേത്രയ റാവുവും അകത്തായി. കൊടിയ മര്‍ദ്ദനത്തിന് വിധേയനായ റാവുജി മിസാ തടവുകാരനായി 19 മാസവും തടവില്‍ കഴിഞ്ഞ അദ്ദേഹത്തിന്റേത് പീഡനത്തിന്റെയും സഹനത്തിന്റെയും ഇതിഹാസമായിരുന്നു. നെടുങ്ങാടിയെ നേരിട്ടു പരിചയമുണ്ടായിരുന്ന ആഭ്യന്തരമന്ത്രി കെ. കരുണാകരന്റെ ഇടപെടല്‍മൂലം മോചിപ്പിച്ചു. എനിക്ക് സിഐആര് കേസില്‍ നാലുമാസത്തെ വിചാരണത്തടവുകാരനായി കഴിയേണ്ടിവന്നു.
അടിയന്തരാവസ്ഥക്കുശേഷം, ശ്രീസുന്ദര്സിങ് ഭണ്ഡാരി കേരളത്തില്‍ വന്നപ്പോള്‍ പ്രാന്തപ്രചാരക് ഭാസ്കര്‍ റാവു, മാധവജി, പരമേശ്വര്‍ജി, രാജേട്ടന്, രാമന്‍പിള്ള എന്നിവര്‍ അദ്ദേഹത്തോടൊപ്പമിരുന്ന് ചര്‍ച്ച ചെയ്ത് ജന്മഭൂമി വീണ്ടും ആരംഭിക്കണമെന്നും പ്രഭാതപതിപ്പായി എറണാകുളത്തുനിന്നാവണമെന്നും നിശ്ചയിക്കപ്പെട്ടു. അതിന്‍പ്രകാരം ഡിക്ലറേഷന്‍ ശ്രമിച്ചപ്പോള്‍ തിരുവനന്തപുരത്തെ എസ്.എം. ബഷീര്‍ എന്നയാളുടെ പേരിലാണ് ജന്മഭൂമി എന്ന പേര് അവിടത്തെ രജിസ്റ്ററിലുള്ളതെന്നറിഞ്ഞു. അപ്പോള്‍ത്തന്നെ രാമന്പിള്ളയെ വിവരമറിയിച്ചതനുസരിച്ച് അദ്ദേഹം ബഷീറുമായി ബന്ധപ്പെടുകയും പേരിന്റെ അവകാശം തീറുവാങ്ങുകയും ചെയ്തു. രാജ്യത്തിനൊട്ടാകെ ബാധകമായ പ്രസ് ആക്ട് നിലവില്‍ വന്നപ്പോള്‍ ഒരു ഭാഷയില്‍ ഒരു പേരില്‍ ഒരു പത്രം മാത്രമേ പാടുള്ളൂവെന്നു വന്നതുമൂലം, പഴയ കൊച്ചി രാജ്യത്ത് നിലവിലുണ്ടായിരുന്നതും പ്രസിദ്ധീകരണം നിലച്ചതുമായ ജന്മഭൂമി റദ്ദാക്കപ്പെടുകയായിരുന്നു.
എറണാകുളം നവീകരണച്ചടങ്ങില് സംസാരിക്കവേ ബഷീറിന്റെ ഒരു കത്തിനെ എംഡി രാധാകൃഷ്ണന് പരാമര്‍ശിച്ചിരുന്നു. പഴയ പത്രപ്രവര്ത്തകനെന്നനിലയ്ക്ക് ബഷീറിന് പെന്ഷന് ലഭിക്കാനുള്ള അര്‍ഹത സ്ഥാപിക്കാന്‍ തന്നില്‍നിന്നാണ് ജന്മഭൂമി മാതൃകാപ്രചരണാലയം വാങ്ങിയതെന്ന കത്തദ്ദേഹത്തിനുവേണ്ടിയിരുന്നു. അത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യം രാധാകൃഷ്ണന് പ്രകടിപ്പിച്ചു.
ജന്മഭൂമിയുടെ മുഖ്യപത്രാധിപത്യം വഹിച്ചിരുന്ന പ്രൊഫ. എം.പി. മന്മഥന്, പി.വി.കെ. നെടുങ്ങാടി, വി.എം. കൊറാത്ത് എന്നീ പ്രഗത്ഭര്‍ ഇന്നില്ല. കേരളത്തിന്റെ സാമൂഹ്യ രംഗത്ത് അവരുടെ സംഭാവനകള്‍ അമൂല്യങ്ങളാണ്. പ്രൊഫ. തുറവൂര്‍ വിശ്വംഭരനെ കണ്ടില്ല. ഹരി എസ്. കര്‍ത്തായെ കാണാന്‍ കഴിഞ്ഞു. ലീലാമേനോന് വേദിയില്‍ത്തന്നെ ഉണ്ടായിരുന്നു. എനിക്ക് കാണാന്‍ കഴിയാതിരുന്നതു കെ.വി.എസ്. ഹരിദാസിനെയും എം.മോഹനനെയുമായിരുന്നു. നിര്‍ണായകമായ പല പ്രതിസന്ധികളിലും ജന്മഭൂമിക്കും അയോധ്യാ പ്രിന്റേഴ്സിനും രക്ഷകനായി പ്രയത്നിച്ചു വിജയിച്ച പി.പി. മുകുന്ദനെയും കണ്ടില്ല. ജന്മഭൂമിയുടെ വികാസത്തില്‍ അദ്ദേഹം വഹിച്ച പങ്ക് അവഗണിക്കാനാവാത്തതും അമൂല്യവുമായിരുന്നു.
നവീകരിച്ച ജന്മഭൂമി ഓഫീസ് കണ്ടപ്പോള്‍ ഒരു പുതുലോകത്തെത്തിയതുപോലെ തോന്നി. എറണാകുളം ക്ലോത്ത് ബസാര്‍ റോഡിലെ ഒരു പഴയ കട നവീകരിച്ചപ്പോള്‍ ലേലം ചെയ്ത പഴയ ഫര്‍ണിച്ചറുകള്‍ സമ്പാദിച്ചായിരുന്നു ആദ്യത്തെ ഓഫീസ് കാര്യങ്ങള്‍ നടത്തിയത്. മതിയാകാതെ വന്നതു അയ്യപ്പന് ഇന്ഡസ്ട്രീസില് നിര്‍മിച്ചു. അന്നത്തെ അച്ചടി യന്ത്രം ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതും തിരുവനന്തപുരത്തെ സര്‍ക്കാര്‍ അച്ചുകൂടത്തില്‍ ആദ്യമുണ്ടായിരുന്ന വിക്ടോറിയ എന്ന ബ്രിട്ടീഷ് സിലിണ്ടര്‍ മെഷീനുമായിരുന്നു. അച്ചുകള്‍ ഓരോന്നായി പെറുക്കിവെക്കുന്ന ഗാലികളും മറ്റും സമ്പ്രദായം.
എളമക്കരയിലെ ഇന്നത്തെ പരിസരത്തെത്തുമ്പോള്‍ ഫോട്ടോ ടൈപ്പ് സെറ്റിങ് എന്ന അത്യാധുനിക സംവിധാനമായി. അപ്പോള്‍ അച്ചില്ലാത്ത അച്ചടി എന്ന് ജന്മഭൂമിയ്ക്ക് സഹായമായി എത്തിയ മഞ്ചനാമഠം ബാലഗോപാല്‍ പറഞ്ഞു. അതിന്റെ പ്രവര്‍ത്തനരീതി കണ്ടു മനസ്സിലാക്കാന്‍ മാതൃഭൂമിയുടെയും മനോരമയുടെതുമടക്കമുള്ള പ്രമുഖ പത്രസാരഥിമാര് എത്തിയിരുന്നു. സിസിയും എന്‍ബിഎസും തങ്ങളുടെ അന്തസ്സുറ്റ പ്രസിദ്ധീകരണങ്ങള്‍ തയ്യാറാക്കാന്‍ ആ സംവിധാനമുപയോഗിച്ചു.
1987 ഏപ്രില്‍ 21 ന് അയോധ്യാ പ്രിന്റേഴ്സിന്റെയും എളമക്കരയിലെ നവീകരിച്ച ജന്മഭൂമിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചത് ഉപക്രമമോ പരിചയപ്പെടുത്തലോ ആവശ്യമില്ലാത്ത ലാല്‍കൃഷ്ണ അദ്വാനിയായിരുന്നു. രാജീവ് ഗാന്ധി മന്ത്രിസഭയുടെ അടിത്തറയിളക്കി,കോണ്‍ഗ്രസ് നേതൃത്വത്തിലെ അഴിമതി പ്രളയക്കുത്തൊഴുക്കാരംഭിച്ച ബോഫോഴ്സ് കുംഭകോണം പുറത്തായ ദിവസമായിരുന്നിട്ടും ദേശീയ രാഷ്ട്രീയത്തിന്റെ മര്‍മം നിയന്ത്രിച്ചുവന്ന അദ്വാനിജി എറണാകുളത്തേക്ക് വിമാനം കയറിയത് തനിക്ക് പത്രപ്രവര്‍ത്തനത്തോടും കേരളത്തോടുമുള്ള താല്പര്യംകൊണ്ടാണെന്നു പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം തുടങ്ങിയത്. ജന്മഭൂമിയില് തന്നെ അദ്ദേഹം നടത്തിയ പത്രസമ്മേളനം അടുത്ത ദിവസം എല്ലാ ദേശീയ മാധ്യമങ്ങള്‍ക്കും മുഖ്യ വാര്‍ത്തയുമായി.
ഇത്തവണ പ്രശസ്ത പത്രപ്രവര്ത്തകന് ബല്‍ബീര്‍ പുഞ്ചിന്റെ ഉദ്ഘാടന പ്രസംഗവും പരിപാടികളുമൊക്കെ തികച്ചും കുടുംബസംഗമത്തിന്റെ സ്വഭാവമുള്ളതായിരുന്നു. പഴയ കുടുംബാംഗങ്ങളെ മിക്കവരെയും നേരില്‍ കണ്ടു സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മനസ്സു നിറയ്ക്കാന്‍ കഴിഞ്ഞ അവസരമായിരുന്നു മെയ് ഒന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: