കല്‍പ്പറ്റ:വയനാട്ടിലെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളില്‍ കരിങ്കല്‍ ഖനനം പൂർണ്ണമായും നിരോധിച്ചു കൊണ്ട് വീണ്ടും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്.കൃഷ്ണഗിരി,അമ്പലവയല്‍ വില്ലേജുകളിലെ നാലു ദുരന്ത സാധ്യതാ മേഖലകളിലാണ് പാറ പൊട്ടിക്കല്‍ നിരോധിച്ചത്.ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ക്വാറി ഉടമകളുടെ വാദം കൂടി കേട്ട ശേഷമാണ് ജില്ലാ കളക്ടര്‍ ബി എസ്.തിരുമേനിയുടെ പുതിയ ഉത്തരവ് .അമ്പലവയല്‍ മേഖലയിലെ ഫാന്റം റോക്ക്,ആറാട്ടുപാറ,ചീങ്ങേരിപ്പാറ,കൊളഗപ്പാറ എന്നിവയുടെ സമീപത്ത് പാറപൊട്ടിക്കല്‍ മനേരത്തെ നിരോധിച്ചതാണ്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് അന്നത്തെ ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ ഉത്തരവിറക്കിയത്.പ്രകൃതി ദുരന്ത സാധ്യതകള്‍ കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് എന്ന നിലയിലായിരുന്നു കളക്ടറുടെ ഉത്തരവ്.എന്നാല്‍ നിരോധനത്തിനു മുമ്പ് ക്വാറി ഉടമകളുടെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ ഹൈക്കടോതിയെ സമീപിച്ചു.തുടർന്ന് ഇവരുടെ പക്ഷംകൂടി കേട്ട് തീരുമാനമെടുക്കാൻ ‘ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദേശം നൽകി.ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം കഴിഞ്ഞമാസം ക്വാറി ഉടമകളുടെ ഹിയറിംഗ് നടത്തി. ഇതിനു ശേഷമാണ് ജില്ലാ കളട്കര്‍ ബി.എസ്.തിരുമേനി ഈ പ്രദേശങ്ങളില്‍ പാറ പൊട്ടിക്കല്‍ പൂര്‍ണമായി നിരോധിച്ചു കൊണ്ട് പുതിയ ഉത്തരവ് ഇറക്കിയത്.കൃഷ്ണഗിരി വില്ലേജിലെ നാലു ദുരന്ത സാധ്യതാ മേഖലകളില്‍ പാറ പൊട്ടിക്കല്‍, ഖനനം, ക്രഷര്‍ പ്രവര്‍ത്തനം എന്നിവ നിരോധിച്ചതായി ഉത്തരവില്‍ പറയുന്നു.ഈ മേഖലയില്‍ നിരോധിത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ജിയോളജിസ്റ്റും പഞ്ചായത്ത് സെക്രട്ടറിമാരും ഉറപ്പുവരുത്തണം.നിയമലംഘകര്‍ക്കെതിരെ നടപടി എടുക്കാന്‍ ബത്തേരി തഹസീല്‍ദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ചരിത്ര പ്രാധന്യവും പരിസ്ഥിതി പ്രാധാന്യവുമുള്ള അപൂര്‍വ സ്മാരകങ്ങള്ക്കടക്കം ഭീഷണിയാകുന്ന അമ്പലവയിലെ അനിയന്ത്രിത പാറഖനനത്തിന് കുറച്ചു കാലം വരെയെകിലും ഈ ഉത്തരവ് നിയന്ത്രണമുണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: