കല്‍പ്പറ്റ: കല്‍പ്പറ്റയിലെ ഒരു സി.ബി.എസ്.സി. സ്കൂളില്‍ ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കരുന്നുകളെ ഒന്നരമണിക്കൂര്‍ അഭിമുഖത്തിനിരയാക്കി മാനസികമായി പീഡിപ്പിച്ച സംഭവം വന്‍ വിവാദത്തിലേക്ക്. കൂടിക്കാഴ്ച കഴിഞ്ഞിറങ്ങിയ കുട്ടികള്‍ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. പലരും വാവിട്ടു കരഞ്ഞാണ് മാതാപിതാക്കളെ സങ്കടം അറിയിച്ചത്. തിങ്കളാഴ്ച 9.45ന് തുടങ്ങിയ അഭിമുഖം അവസാനിച്ചത് രാവിലെ11 മണിയോടെയാണ്. അണ്‍എയ്ഡഡ് സ്കൂളിലാണ് സംഭവം. കല്‍പ്പറ്റയില്‍ എയിഡഡ്, അണ് എയിഡഡ്, ഗവ. മേഖലകളിലായി നിരവധി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടെ മികച്ച വിദ്യാര്‍ഥികളെ മാത്രം തെരഞ്ഞെടുക്കുക എന്ന ഗൂഡ ലക്ഷ്യവുമായാണ് വിവാദ സ്കൂള്‍ അധികൃതര്‍ കുരുന്നുകളെ കഠിന പരീക്ഷണത്തിന് വിധേയരാക്കിയത്.
സ്കുള് അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. ഒന്നാം ക്ലാസ് പ്രവേശനം തേടി എത്തിയ കുട്ടികളെ അടച്ചിട്ട മുറിയില്‍ എഴുത്ത് പരീക്ഷക്കും കൂടിക്കാഴ്ചക്കും വിധേയരാക്കി പീഡിപ്പിച്ച വിദ്യാലയ അധികൃതര്‍ക്കെതിരേ വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ബാലവകാശ കമ്മീഷനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയും നിയമ നടപടി സ്വീകരിക്കണമെന്ന് അധ്യാപക സംഘടനയായ കെ.എസ്.ടി.എ. ആവശ്യപ്പെട്ടു. സ്കൂള്‍ പ്രവേശനത്തിന് ഭാരിച്ച ഫീസും സംഭാവനയും ഈടാക്കി രക്ഷിതാക്കളെ പിഴിയുക, സ്കൂള്‍ ബസ്സില്‍ കുട്ടികളെ മണിക്കൂറുകളോളം ചുറ്റി കറക്കുക, ചെറിയ കാര്യങ്ങള്‍ക്കു പോലും കുട്ടികള്‍ക്ക് പിഴ ചുമത്തുക തുടങ്ങിയ ശിശുദ്രോഹ നടപടികള്‍ ഇത്തരം സ്കൂളുകളില്‍ സാധാരണമാണെന്ന് കെ.എസ്.ടി.എ. കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പി.ജെ. സെബാസ്റ്റിയന് അധ്യക്ഷനായിരുന്നു. എന്‍.എ. വിജയകുമാര്‍, വി.എ.ദേവകി, പി.ജെ.ബിനേഷ്, പി.വി.ജെയിംസ്, ടി.കെ.ബിനോയ്, എം.വി.ഓമന എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: