മായമ്മ പോയേ…എന്നു വിളിച്ചു പറഞ്ഞ് ഗ്രാമ വരമ്പത്തു കൂടെ ഓടിപ്പോകുന്നൊരു കുട്ടിയുടെ പരസ്യം വര്‍ഷങ്ങള്‍ക്കു മുന്‍പ് സീരിയല്‍ സമയങ്ങളിലും മറ്റും പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചത് പലരും ഓര്‍ക്കുന്നുണ്ടാകും.അന്നത്തെ ജനകീയ സീരിയല്‍ എന്ന നിലയില്‍ മെഗാ ഹിറ്റായ സൂര്യ ടിവിയിലെ സ്ത്രീജന്മത്തില് മായമ്മ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച രേഖാ മോഹന്‍ പെട്ടെന്ന് അഭിനയം മതിയാക്കിയപ്പോള്‍ സീരിയല്‍ നിമാതാക്കള്‍ കണ്ടെത്തിയ വ്യത്യസ്ത പരസ്യമായിരുന്നു ഇത്.പെട്ടെന്ന് പ്രേക്ഷകരുടെ കുടുംബാംഗമായി മാറിയ രേഖാ മോഹന്റെ അസാന്നിധ്യവും ഇനി ആരായിരിക്കും പകരക്കാരി എന്ന ആശങ്കയും കാണികളില്‍ കത്തി നിന്നു.
ബൈജു ദേവരാജ് സംവിധാനം ചെയ്ത സ്ത്രീജന്മത്തിലെ മായമ്മയെ കാണികള്‍ നെഞ്ചോടു ചേര്‍ത്തപ്പോള്‍ രേഖാ മോഹനു അന്നു കിട്ടിയ താര പരിവേഷം വലുതായിരുന്നു.ഇന്നത്തെ പ്രശസ്ത നടന് അനൂപ് മേനോനാണ് ഈ സീരിയലിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. മനോധര്മംകൊണ്ട് തന്റെ നായകനെ വേറിട്ടതാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.രേഖാ മോഹനെപ്പോലെ അനൂപും അന്ന് പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയിരുന്നു.
കഴിഞ്ഞ ദിവസം, കസേരയില്‍ ഇരിക്കുന്ന നിലയില്‍ രേഖാ മോഹന്റെ മരണത്തെക്കുറിച്ചു വായിച്ച ചിലരെങ്കിലും സ്ത്രീജന്മത്തിലെ മായമ്മയെ
ഓര്‍ത്തുകാണണം.ഉദ്യാനപാലകന്‍,നീവരുവോളം,യാത്രാമൊഴി തുടങ്ങി മമ്മൂട്ടി,മോഹന്‍ ലാല്‍ ചിത്രങ്ങളിലും രേഖ അഭിനയിച്ചിട്ടുണ്ട്.ജനകീയ സീരിയലുകളുടെ അച്ചില്‍ വാര്ത്തതായിരുന്നുവെങ്കിലും സ്വഭാവ വൈചിത്ര്യങ്ങള്‍ മാത്രമുള്ള കഥാപാത്രങ്ങളില്‍ നിന്നും അറുബോറന്‍ അവതരണങ്ങളില്‍ നിന്നും കുറെയേറെ രക്ഷപെട്ടതുകൊണ്ടാവണം സ്ത്രീജന്മവും മായമ്മയും കാണികളില്‍ ഇടംനേടിയത്.കൃത്രിമാലങ്കാരങ്ങളുടെ അധിക ഭാരമില്ലാതെ രേഖാ മോഹന്റെ മായമ്മ പലപ്പോഴും തങ്ങള്‍ക്കിടയിലെ ഒരാളായി പ്രേക്ഷകര്‍ക്കു തോന്നിയിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം രേഖാ മോഹന്റെ മരണവും അതിലെ ദുരൂഹതയുമൊക്ക ചര്‍ച്ചാവിഷയമാകുമ്പോള്‍ അവരുടെ മായമ്മ എന്ന കഥാപാത്രവിശേഷം നെടുവീര്‍പ്പോടെ കാണികളുടെ ഓര്‍മയില്‍ നിറയുന്നത് സ്വാഭാവികം.അന്ന് മായമ്മ പോയേ എന്നത്് പോകാതെ തന്നെയുള്ള പരസ്യമായിരുന്നു.ഇപ്പോഴാണ് പക്ഷേ,മായമ്മ പോയത്.അതെ…മറവിയുടെ സൗജന്യമുള്ള മരണത്തിലേക്ക്,ഓര്‍മ്മയിലേക്ക് റീടേക്ക് എടുക്കാമെങ്കിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: