വായനയുടെ വൈവിധ്യങ്ങളും എഴുത്തിന്റെ വ്യത്യസ്തതകളുമായി സര്‍ഗാത്മക പാതയിലാണെങ്കിലും ഈടുറ്റ രചനകള്‍ ഉണ്ടാവില്ലെന്ന നിര്‍വ്യാജ പരാതികളും നിലനില്‍ക്കുന്നുണ്ട് മലയാള സാഹിത്യത്തില്‍. ലോക സാഹിത്യത്തിലെ അപ്പപ്പോഴുള്ള പുത്തനുണര്‍വുകള്‍ അനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് വായനക്കാരുടെ ഇത്തരം വിളിച്ചു പറയലുകള്‍.
വായനയാണ് എഴുത്തിനെക്കാള്‍ രചയിതാക്കള്‍ക്കു പ്രധാനമെന്ന റോബര്‍ട്ട് ബോളോനയുടെ വാചകങ്ങള്‍ ഇത്തരം വായനാഗൗരവത്തിലാണ് ഊന്നുന്നത്. പൗലോ കൊയ്ലോയുടെ ചാരസുന്ദരി പോലുള്ള, പ്രശസ്തരുടെ രചനകള്‍ പുറത്തിറങ്ങി ആഗോള തിരയടികള്‍ ഉണ്ടാക്കുന്നതിനോടടുത്ത ദിവസങ്ങളില്‍ തന്നെ അതിന്റെ മലയാള വിവര്‍ത്തനം ഉണ്ടായതും വില്‍പ്പന തകൃതിയായതും എന്തും ഉള്‍ക്കൊള്ളാനുള്ള വായനാ സഹൃദയത്വം മലയാളിക്കുണ്ടെന്ന യാഥാര്‍ഥ്യം ഇത്തരം ഗൗരവത്തെ സാധൂകരിക്കുന്നുണ്ട്.
വായനയുടെയും എഴുത്തിന്റെയും സ്പന്ദമാപിനികളെക്കുറിച്ചാകുമ്പോള് വായനയുടെ ആഴവും എഴുത്തിന്റെ പരപ്പിനേയും പറ്റിയാവും പറയേണ്ടി വരിക. വായനയുടെ ലോകം വിസ്തൃതവും എഴുത്തിന്റെത് അത്രകണ്ടല്ലെന്നതും ഇതിന്റെ പരിഹാര ക്രിയയല്ല. എന്നാല്‍ പലപേരുകളിലും പരിമിതിയുള്ള മലയാളത്തില്‍ പക്ഷേ,അത്ര നിലവാരത്തകര്ച്ചയിലല്ല എഴുത്തു ലോകം. എന്നിരുന്നാലും മികച്ച ചില കൃതികള്‍ പ്രശസ്തരുടേതല്ലാത്തതുകൊണ്ട് ഇടംകിട്ടാതെ പോവുകയോ വായിക്കപ്പെടാതിരിക്കുകയോ ചെയ്യുന്നുണ്ട്. ഇങ്ങനെ പ്രചാരം കിട്ടാതെ ചില നല്ല രചനകള്‍ തിരസ്ക്കരിക്കപ്പെടുകയും ചവറുകളാണെങ്കില്പ്പോലും പ്രശസ്തരുടെത് വന്‍ സ്വീകാര്യതയോടെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതു നല്ല രചനകള്‍ക്കു നേരെയുള്ള അടിയന്തരാവസ്ഥയാണ്. കാലം ഇത്തരം പിന്തിരിപ്പനവസ്ഥയ്ക്കെതിരെ കണക്കു പറയും.
മലയാള നോവലില്‍ ക്ളാസിക്കായി മാറിയ ആനന്ദിന്റെ ആള്‍ക്കൂട്ടം നാലഞ്ചു വര്‍ഷം ആരുംനോക്കാതെ പൊടിപിടിച്ചു കിടന്നശേഷമാണ് അച്ചടി കണ്ടതെന്നു കേട്ടിട്ടുണ്ട്.
ഒരു വര്‍ഷത്തെ കണക്കെടുപ്പില്‍ മികവിന്റെ രചനകള്‍ക്കു പകരം കൂടുതല്‍ വിറ്റുപോയവയ്ക്കാണ് തൂക്കം കിട്ടുന്നത്. അധികം വിറ്റുപോകുന്നത് കൂടുതല്‍ മികച്ചത് എന്നതാണ് സാധാരണ വിവക്ഷ. അങ്ങനെ നോക്കുമ്പോള്‍ തുടര്‍ച്ചയായി നാലഞ്ചു വര്‍ഷം വില്‍പ്പനയില്‍ മുന്നേറ്റമുള്ള ചില പുസ്തകങ്ങളും അവയോടൊപ്പം മറ്റു ചിലതുകൂടി വായനക്കാരില്‍ അധികമായി എത്തുന്നുണ്ട്. ബന്യാമിന്റെ ആടുജീവിതം,സുഭാഷ്ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം,കെ.ആര്.മീരയുടെ ആരാച്ചാര്‍. മാധവിക്കുട്ടിയുടെ എന്റെ കഥ, നീര്‍മാതളം പൂത്തകാലം, എം.ടിയുടെ നാലുകെട്ട്, രണ്ടാമൂഴം, ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, യു.കെ.കുമാരന്റെ തക്ഷന്‍കുന്ന് സ്വരൂപം, ഇന്നസെന്റിന്റെ കാന്‍സര്‍ വാര്‍ഡ്, ഞാന്‍ ഇന്നസന്റ്, മുകേഷിന്റെ കഥകള്‍, റഫീഖ് അഹമ്മദിന്റെ കവിതകള്‍, ദീപാ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്, നനഞ്ഞു തീര്‍ന്ന മഴകള്‍, സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്നിങ്ങനെ പഴയ പുതിയ മുഖങ്ങളുടെ രചനകള്‍ ആവര്‍ത്തിച്ചു വില്ക്കപ്പെടുന്നുണ്ട്.
നോവല്‍, കഥ, സ്മരണകള്‍, അനുഭവമെഴുത്ത് തുടങ്ങി വ്യത്യസ്ത ചേരുവയില്പ്പെട്ടവയില് നോവലുകള്‍ക്കു തന്നെയാണ് മുന്‍നിര താല്പര്യം. എന്നാല്‍ മുകേഷിന്റെയും ഇന്നസെന്റിന്റേയും ദീപാ നിശാന്തിന്റെയും കൃതികള്‍ സാഹിത്യേതരമാണെങ്കിലും അനുഭവത്തിന്റെ കാന്തികതകൊണ്ട് ആസ്വാദ്യമാണ്. കവിത തുളുമ്പിന്റെ ഭാഷയാണ് ദീപയുടെ എഴുത്തിനുള്ളത്. പലപതിപ്പുകളും അവരുടെ പുസ്തകത്തിനുണ്ടായിട്ടുണ്ട്. മുകേഷിന്റെ നര്‍മബോധം പുസ്തകത്തിലും കാണാം. ഇന്നസന്റിന്റേത് കണ്ണീരു ഒളിച്ചിരിക്കുന്ന ചിരിയാണ്. സൂക്ഷ്മമായി പറഞ്ഞില്ലെങ്കില്‍ രസച്ചരടു പൊട്ടിച്ച് വായന പുറത്തുപോകാവുന്ന സ്ഥലപുരാണാധിഷ്ഠിതമായ പ്രമേയത്തെ ചട്ടക്കൂട്ടിലൊതുക്കി കാമ്പമുള്ള ഭാഷയിലവതരിപ്പിക്കപ്പെട്ടതാണ് കുമാരന്റെ നോവല്‍. കുറഞ്ഞകാലംകൊണ്ട് നിരവധി പുരസ്ക്കാരങ്ങളും അതിനുപരി അനവധി ചര്‍ച്ചകളും ഉണ്ടായിട്ടുള്ള കൃതിയാണിത്.
പഴയ തലമുറയില്പ്പെട്ടവരെന്നു പറയപ്പെടുന്നവര്‍ വായനക്കാരെ ശക്തമായി സ്വാധീനിച്ചുകൊണ്ട് പുതിയവരായി നിലകൊള്ളുന്നത് ആശ്വാസകരമാണ്. എംടി, മാധവിക്കുട്ടി,പുനത്തില്‍, വിജയന്, മേതില്‍, ആനന്ദ്, കാക്കനാടന്, പി.വത്സല, സേതു തുടങ്ങിയ എഴുത്തുകാരുടെ സ്വാധീന ശക്തി ഇന്നും പുതു തലമുറക്കാര്‍ക്കില്ല. സാഹിത്യ വിഭാഗങ്ങളില്‍ നോവലിനു തന്നെയാണ് മുന്‍തൂക്കം. പെട്ടെന്നു വായിച്ചു തീര്‍ക്കാവുന്ന പുസ്തം എന്ന നിലയില്‍ നിന്നും കൊള്ളാവുന്നതാണെങ്കില്‍ വലുതായാലും കുഴപ്പമില്ലെന്നു ബോധ്യപ്പെടുന്നതാണ് മനുഷ്യന് ഒരു ആമുഖം, ആരാച്ചാര്‍ എന്നിങ്ങനെയുള്ള വലിയ പുസ്തകങ്ങളുടെ വന്‍ വില്‍പ്പന.
കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പുത്തന്‍ കൂട്ടുകാരന് ഇപ്പഴും സക്കറിയ തന്നെയാണ്. പുതു തലമുറക്കാരുടെ നിരീക്ഷണത്തിന മേലേയും പ്രതിഭയുടെ തീവെട്ടം ഉണ്ടാക്കുന്നുണ്ട് സക്കറിയക്കഥകള്. വാക്കുകള്‍കൊണ്ട് എന്തുമാവാം എന്നതില്‍ കവിഞ്ഞ് കവിതാസൗഖ്യം കിട്ടണമെങ്കില്‍ സുഗതകുമാരിയും വിജയലക്ഷ്മിയും ടി.പി.രാജീവനും പി.എന്‍.ഗോപീകൃഷ്ണനുമൊക്കെ എഴുതണം.
വിവര്‍ത്തന സാഹിത്യം മലയാളത്തില്‍ കുറെക്കാലമായി വേരുപിടിച്ചിട്ടുള്ളത് വായനക്കാരന്റെ ലോകം വായിക്കാനുള്ള ആവേശം അറിഞ്ഞാണ്. പൗലോ കൊയ്ലോയുടെ ചാരസുന്ദരി തൊട്ടടുത്ത ദിവസം തന്നെ മലയാളത്തില്‍ ഇറങ്ങിയത് ഈ ആവേശത്തിരകൊണ്ടാണ്. ഒരു സാഹിത്യരൂപമായി തന്നെ വിവര്‍ത്തനം മലയാളത്തില്‍ സാന്നിധ്യമായിട്ടുണ്ട്. ലോക സാഹിത്യം ചെറിയ മലയാളത്തെ വലുതാക്കുന്നു. മൂലകൃതിയുടെ ആത്മാവു ചോരാതെ തന്നെ തര്‍ജമ ചെയ്യുന്ന പ്രതിഭകള്‍ ഇവിടെ ധാരാളം. ഭാവനയുടെ പ്രതിഭാ വിലാസംകൊണ്ട് നാളെയുടെ പച്ചപ്പിനുള്ള കളമൊരുക്കല്‍ നമ്മുടെ എഴുത്തുകാരില്‍ നടക്കുന്നുണ്ട്. ആര്‍ക്കും അവനവന്റെ ചിലവില്പ്പോലുമല്ലാതെ പറയാവുന്ന കുറവുകള്‍ക്കു മേലെ മികവിന്റെതു തന്നെയായിരുന്നു 2061ലെ മലയാള സാഹിത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: