നമ്മുടെ നാട്ടില്‍ പലതരം ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. ചിലയാളുകള്‍ മരുന്നിനോടും ആശുപത്രിയോടും വല്ലാത്ത ആസക്തി പുലര്‍ത്തുന്നു. ചെറിയൊരു തലവേദന വന്നാല്‍ പോലും ഓടി ആശുപത്രിയില്‍ പോകുന്നവരെ നമുക്ക് ചുറ്റും കാണാം. ചിലരാകട്ടെ എന്ത് വന്നാലും ആശുപത്രിയുടെ പടി കടക്കില്ല. ചിലര്‍ക്ക് ചില പ്രത്യേകതരം ചികിത്സകളോടാണ് ആഭിമുഖ്യം. ചിലര്‍ ആയൂര്‍വേദത്തെ അന്ധമായി പിന്തുടരുന്നു. ഇവര്‍ക്ക് അലോപ്പതി ഡോക്ടര്‍മാരെ കാണുന്നത് പോലും ചതുര്‍ത്ഥിയായിരിക്കും. മറ്റ് ചിലര്‍ക്ക് ഹോമിയോ, ഇനിയും ചിലര്‍ക്ക് ഗ്യാസ് കയറിയുണ്ടാകുന്ന ചെറിയൊരു വയറു വേദന പോലും മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയില്‍ കയറാതെ മാറില്ലെന്നാണ് വിശ്വാസം.
ഏതായാലും ചികിത്സ ഒരു ദൗര്‍ബല്യമായാണ് വിലയിരുത്തുന്നത്. നിങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനാകാതെ വരുമ്പോള്‍ നിങ്ങള്‍ ചെയ്യുന്ന എന്തോ ഒന്നായി പൊതുവെ വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഇത് അധികം വൈകാതെ ഒരു അനിവാര്യതയാകുമെന്നാണ് വിലയിരുത്തല്‍. പല വിധത്തിലുളള ചികിത്സകളുണ്ട്. മാനസികം, ശാരീരികം, വൈകാരികം എന്നിങ്ങനെ പല തരത്തില്‍.
ഇതില്‍ മാനസിക രോഗത്തെ നമുക്ക് പരിശോധിക്കാം. ഇന്ന് നാം ജീവിക്കുന്നത് അതിസമ്മര്‍ദ്ദങ്ങളുടെ നടുവിലാണ്. നമ്മുടെ കൂട്ടത്തില്‍ മാനസിക രോഗികള്‍ അല്ലാത്തവര്‍ ഇല്ലെന്ന് തന്നെ പറയാം. ജോലിയില്‍ നിന്നുളള സമ്മര്‍ദ്ദങ്ങള്‍, കുട്ടികളുടെ പഠനം, ഭാവി, വീട്ടില്‍ പങ്കാളികളുമായുളള പ്രശ്നം, രോഗങ്ങള്‍, അച്ഛനമ്മമാരെ ശ്രദ്ധിക്കാനാകാത്തതില്‍ ഉണ്ടാകുന്ന വിഷമതകള്‍ ഇങ്ങനെ നിരവധി. ഇതിനെല്ലാം കൃത്യമായ ചികിത്സകളും ആവശ്യമുണ്ട്. ഇല്ലെങ്കില്‍ ഇവയെല്ലാം കൂടി നമ്മെ മുഴുഭ്രാന്തിലേക്ക് കൊണ്ടുപോകുന്ന ഒരു സ്ഥിതി സംജാതമാകും.
നിങ്ങളുടെ ഒരു സുഹൃത്ത് വിവാഹമോചനം നേടാന്‍ പോകുന്നുവെന്ന് പറയുമ്പോള്‍ അവിടെ ആവശ്യം വൈകാരികമായ ഒരു ചികിത്സയാണ്. കുടുംബത്തിലുണ്ടാകുന്ന ഒരു മരണം ഏല്‍പ്പിക്കുന്ന ആഘാതത്തിനും ഇതേ ചികിത്സ ആവശ്യമാണ്. ഉപദേശങ്ങളും ആശ്വസിപ്പിക്കലുകളും ഫലം കാണാതെ വരുമ്പോള്‍ ഒരു മാനസിക രോഗ വിദഗ്്ദ്ധന്റെ കൗണ്‍സിലിംഗും ഫലപ്രദമായേക്കാം.
കുട്ടികളുടെ പ്രശ്നങ്ങളോ ജോലി നഷ്ടപ്പെടലോ നിങ്ങളെ മാനസികമായി തളര്‍ത്തിയേക്കാം. വലിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാകുന്നവരെ സാധാരണയായി കൗണ്‍സിലിംഗിന് വിധേയരാക്കാറുണ്ട്. മോശമായ ആശയവിനിമയം ചിലപ്പോള്‍ ഒരു ബന്ധത്തെ തകര്‍ക്കാന്‍ പോലും സാധ്യതയുണ്ട്. എന്നാല്‍ മെച്ചപ്പെട്ട ആശയവിനിമയം എല്ലാമാകുകയോ എല്ലാം അവസാനിപ്പിക്കുകയോ ചെയ്യുന്നില്ല. ചില വിവാഹ ബന്ധങ്ങള്‍ തകരാന്‍ കാരണം ഒരാള്‍ കൂടുതല്‍ അധികാരം കയ്യാളുന്നത് കൊണ്ടാണ്. ചിലപ്പോള്‍ സാമ്പത്തിക തീരുമാനങ്ങള്‍ ആലോചിച്ച് നടപ്പാക്കാന്‍ ഇവര്‍ തയാറായേക്കില്ല. അതുമല്ലെങ്കില്‍ മദ്യപാനമോ, മറ്റ് ബന്ധങ്ങളോ വിവാഹം തകരുന്നതിലേക്ക് നയിക്കാം. പരസ്പരം കാര്യങ്ങള്‍ തുറന്ന് പറയാന്‍ ദമ്പതിമാര്‍ തയാറാകാത്തത് മൂലവും വിവാഹ ബന്ധങ്ങള്‍ പാതി വഴിയില്‍ വീണുടയാം. ചിലര്‍ അമിതമായി എല്ലാവരുമായി ഇടപഴകുന്നവരാകാം. ഇത് ചിലപ്പോള്‍ പങ്കാളിയ്ക്ക് അത്ര കണ്ട് ദഹിക്കണമെന്നില്ല. ചിലപ്പോള്‍ പങ്കാളികളിലൊരാള്‍ മറ്റുളളവരുമായി ഇടപഴകാത്തതും ബന്ധങ്ങളില്‍ വിളളല്‍ വീഴാന്‍ കാരണമായേക്കാം. ഇതും മാനസിക രോഗത്തിന്റെ പരിധിയില്‍ പെടുത്താവുന്ന വിഷയമാണ്.
ഇതിന് പുറമെ ജോലി സ്ഥലത്തെ സമ്മര്‍ദ്ദങ്ങളും നിങ്ങളെ മാനസിക രോഗത്തിലേക്ക് നയിച്ചേക്കാം. പലപ്പോഴും സ്ത്രീകള്‍ക്ക് അധിക സമയം ജോലി ചെയ്യാനാകാതെ വരുന്നത് അവരുടെ കരിയറിനെ ബാധിക്കാറുണ്ട്. കാരണം മത്സരം നിറഞ്ഞ ഇന്നത്തെ കാലത്ത് ടാര്‍ഗറ്റ് തികയ്ക്കലും മറ്റും അനിവാര്യതയാണ്. എന്നാല്‍ കുടുംബവും കുട്ടികളും ഒക്കെയാകുമ്പോള്‍ പലപ്പോഴും ഇതിന് കഴിയാറില്ല.
വീട്ടിലെ ആവശ്യങ്ങള്‍ക്കും മറ്റുമായി അവധിയെടുക്കുകയും ഷിഫ്റ്റുകള്‍ അഡ്ജസ്റ്റു ചെയ്യുകയും വൈകി വരുകയും നേരത്തെ പോകാന്‍ അനുമതി തേടുകയും ഒക്കെ ചെയ്യുന്നത് മൂലം സഹപ്രവര്‍ത്തകരുടെ ഇടയില്‍ മോശം പ്രതിച്ഛായ ഉണ്ടാകുകയും ചെയ്യാറുണ്ട്. ഇതും മാനസികമായി ഇവരെ ഏറെ ബാധിക്കും. അത്തരമൊരു കഥയാണ് ഐടി വിദഗ്ദ്ധയായ അനിത പങ്ക് വയ്ക്കുന്നത്. പലപ്പോഴും സുഖമില്ലാത്ത അച്ഛനമ്മമാര്‍ക്കൊപ്പം ആശുപത്രിയില്‍ പോകാനും മറ്റും അവധിയെടുക്കേണ്ടിയും നേരത്തെ പോകേണ്ടിയും വൈകി വരേണ്ടിയും ഒക്കെ വരാറുണ്ട്. ഇതിന് പുറമെ അഞ്ചിലും ഏഴിലും പഠിക്കുന്ന കുട്ടികളുടെ സ്കൂള്‍ കാര്യങ്ങളും അനിതയെ ഏറെ വലയ്ക്കുന്നുണ്ട്. വിവാഹമോചനം നേടിയ അനിതയ്ക്ക് സഹോദരങ്ങളുമില്ല സഹായത്തിന് എല്ലാത്തിനും എവിടെയും ഓടിയെത്തേണ്ടത് അവള് മാത്രം.
കരിയര്‍ കളയാനും സാധ്യമല്ല. അച്ഛന്റെയും അമ്മയുടെയും തുച്ഛമായ പെന്ഷന് കാശു കൊണ്ട് കുട്ടികളുടെയും തന്റെയും ആവശ്യങ്ങള്‍ നിറവേറ്റാനാകുന്നുമില്ല. ഇത്തരം പ്രശ്നങ്ങള്‍ കാരണം പലവട്ടം സ്ഥാനക്കയറ്റവും നിഷേധിക്കപ്പെട്ടു. ഇത് അനിതയെ കടുത്ത വിഷാദ രോഗിയാക്കി. ഏതായാലും തക്ക സമയത്ത് വിദഗ്ദധനായ ഒരു ഡോക്ടറുടെ സഹായം തേടാനായതിനാല്‍ മനസ് കൈവിടാതെ കാക്കാനായി. അത് കൊണ്ട് അനിത ഇപ്പോള്‍ ഏറെ സന്തോഷവതിയായി അച്ഛന്റെയും അമ്മയുടെയും അരുമമകളായി കുട്ടികളുടെ പ്രിയപ്പെട്ട അമ്മയായി തുടരുന്നു.
ഇത്തരം പ്രശ്നങ്ങളിലെക്ക് കടക്കുമ്പോള്‍ നമുക്ക് മനോരോഗ വിദഗ്ദ്ധന്റെ സഹായം തേടാം. മനോരോഗ ചികിത്സകളും പല വിധത്തിലുണ്ട്. കുട്ടിക്കാലം മുതലുളള നിങ്ങളുടെ അനുഭവങ്ങളും മറ്റും ചികഞ്ഞ് പ്രശ്നങ്ങള്‍ പരിഹരിക്കാം. മാനുഷികമായ മറ്റൊരു ചികിത്സയും ലഭ്യമാണ്. സൗഹൃദപൂര്‍ണമായ ഇടപെടലിലൂടെയും പിന്തുണയുളള അന്തരീക്ഷത്തിലൂടെയും നിങ്ങള്‍ക്ക് സ്വയം സ്വീകാര്യതയുണ്ടാകുന്നു. നിങ്ങളുടെ തെരഞ്ഞെടുപ്പുകള്‍ നടത്താനുളള ഉത്തരവാദിത്തവും വളരാനും മാറാനുമുളള നിങ്ങള്‍ സ്വയം തയാറാകുകയും ചെയ്യുന്നു. നിങ്ങളുടെ ഉത്കണ്ഠകളില്‍ നിന്ന് പുറത്ത് കടക്കുകയാണ് മറ്റൊരു മാര്‍ഗം.
ഭക്ഷണ വൈകല്യങ്ങളും ഒരു തരം മാനസിക രോഗമാണ്. ഇതില്‍ നിന്നും പേടികളില്‍ നിന്നും നിങ്ങള്‍ പുറത്ത് കടന്ന് പുത്തന്‍ ശീലങ്ങളും പുതിയ സ്വഭാവവും ഉണ്ടാക്കുക. ഇതിനായി ആവശ്യമെങ്കില്‍ ഒരു മനോരോഗ വിദഗ്ദ്ധന്റെ സഹായം തേടാവുന്നതാണ്. നിങ്ങളുടെ പ്രശ്നങ്ങള്‍ കൃത്യമായി അപഗ്രഥിക്കാന്‍ അവര്‍ക്കാകും. പണ്ട് കാലത്ത് നല്ലൊരു സുഹൃത്ത് നല്ലൊരു മാനസിക രോഗ വിദഗ്ദ്ധനായി പ്രവര്‍ത്തിച്ചിരുന്നു. ഇന്ന് മാറിയ കാലത്ത് സൗഹൃദങ്ങളുടെ ആഴം കുറയുകയും എല്ലാവരും അവരവരിലേക്ക് തന്നെ ചുരുങ്ങുകയും ചെയ്ത് പോയതിനാല്‍ ഇത്തരം പിന്തുണകള്‍ നമുക്ക് ലഭിക്കാതെ പോകുന്നു. നല്ലൊരു സുഹൃത്തുണ്ടെങ്കില്‍ കാര്യങ്ങള്‍ അവരുമായി പങ്ക് വയ്ക്കാന്‍ മടിക്കേണ്ടതില്ല. ഇല്ലെങ്കില്‍ തീര്‍ച്ചയായും അത്തരം സ്ഥാനം ഒരു സുഹൃത്തിന് നല്‍കുക.
നിങ്ങളുടെ ചിന്തകളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുളള മറ്റൊരു ചികിത്സാരീതിയും ഉണ്ട്. ഉത്കണ്ഠയില്‍ നിന്ന് പുറത്ത് കടക്കുക തന്നെയാണ് ഇതിലൂടെ ചെയ്യുന്നത്. നിങ്ങളുടെ ചിന്താമാര്‍ഗങ്ങള്‍ മാറ്റി കൊണ്ടാകണം ഇത്. ചിന്തകള്‍ മാറ്റിയെടുക്കാനായി നല്ല പുസ്തകങ്ങളെ കൂട്ടു പിടിക്കുന്നത് അടക്കമുളള മാര്‍ഗങ്ങള്‍ തേടാം. നല്ല പുസ്തകങ്ങള്‍ വായിക്കുകയോ നല്ല സിനിമകള്‍ കാണുകയോ നല്ല പാട്ടുകള്‍ കേള്‍ക്കുകയോ ചെയ്യുന്നത് മനസിന് ഏറെ സന്തോഷമുണ്ടാക്കുന്നതിനൊപ്പം നമ്മുടെ ചിന്തകള്‍ക്ക് വിലങ്ങിടാനും അല്ലെങ്കില്‍ നല്ല മാര്‍ഗത്തിലേക്ക് നമ്മുടെ ചിന്തകളെ എത്തിക്കാനുമാകും.
മനസിനെയും ശരീരത്തെയും കൂട്ടിയോജിപ്പിച്ചുളള ചികിത്സയാണ് മറ്റൊന്ന്. ആധുനിക ജീവിതത്തിലും ഇതിന് സ്ഥാനമുണ്ട്. കായികമായി നമുക്ക് ഏറെ ഉന്‍മേഷമുണ്ടെങ്കില്‍ നാം മാനസികമായും ആരോഗ്യമുളളവരാകുന്നു. ഇതിനായി യോഗ, ധ്യാനം പോലുളളവ ശീലിക്കാവുന്നതാണ്. രാവിലെ നടക്കാനിറങ്ങുന്നതും മനസിന് ഏറെ ഗുണകരമാണെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പുലരിയിലെ തണുപ്പും കിളികളുടെ കളകളാരവവും നമുക്ക് മാനസികമായി പുതിയൊരു ഉന്മേഷം പ്രദാനം ചെയ്യുന്നവയാണ്. മാത്രമല്ല ഈ നടപ്പ് അല്‍പ്പം പുല്ലും പൂവും ചെടിയും മരവും ഒക്കെയുളള സ്ഥലത്ത് കൂടിയായാല്‍ നമുക്ക് പ്രകൃതിയോട് അല്‍പ്പം ചങ്ങാത്തം കൂടാനും സാധിക്കും. രാവിലെ കിളിയോടും മരത്തോടും പൂവിനോടും ഒക്കെ കിന്നാരം പറഞ്ഞ് മനസിലും ശരീരത്തിലും പുതിയൊരു ഊര്‍ജ്ജം നിറച്ച് ഒരു ദിവസം തുടങ്ങി നോക്കൂ. ജോലിയിലും വീട്ടിലും നമ്മുടെ സൗഹൃദങ്ങളിലും എല്ലാം പുതിയൊരു മാറ്റം നമുക്ക് അനുഭവിച്ചറിയാനാകൂം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: