മലപ്പുറം: ബിഡിജെഎസ് എന്‍ഡിഎയുടെ അഭിവാജ്യഘടകമാണെണെന്നും ഉപതെരഞ്ഞെടുപ്പില്‍ മുന്നണി ശക്തമായ മുന്നേറ്റം നടത്തുമെന്നും ദേശീയ അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. മലപ്പുറത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ജയിക്കുമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോട് യോജിപ്പില്ല. എന്‍ഡിഎ മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയാണ്. ബിഡിജെഎസിന്റെ കാര്യം തീരുമാനിക്കുന്ന താനല്ലെന്ന് വെള്ളാപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ട്. ബിഡിജെഎസിന്റെ നിലപാട് പറയുന്നത് അതിന്റെ നേതൃത്വമാണ്. ബിഡിജെ.എസ് ഉന്നയിച്ച പ്രശ്നങ്ങള്‍ അമിത്ഷാ ഇടപെട്ട് പരിഹരിച്ചുവരുന്നുണ്ട്. മുന്നണിയെ ഏറ്റവും ശക്തമാക്കേണ്ടത് ആവശ്യമാണ്. നേരത്തെ മുന്നണിയായി നിന്നിട്ടില്ലാത്ത പാര്‍ട്ടികളായതിനാല്‍ അതിന്റെ ചില പോരായ്മകളുണ്ട്. മുന്നണിയെ ശക്തിപ്പെടുത്താന്‍ ബിജെപി ദേശീയ നേതൃത്വം ഇടപെടുന്നുണ്ട്. വരുംദിവസങ്ങളില്‍ എന്‍ഡിഎയില്‍ നിന്ന് അര്‍ഹിച്ച പ്രാധാന്യം ലഭിക്കും. മുന്നണിമാറ്റത്തെ കുറിച്ചുളളതെല്ലാം അഭ്യൂഹങ്ങളാണ്. ബിജെപി സംസ്ഥാന നേതൃത്വവുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ബിഡിജെഎസും എസ്.എന്‍.ഡി.പിയും ഒരുമിച്ചാണ് മുന്നോട്ടുപോവുന്നത്. സമുദായത്തിലെ 90 ശതമാനം പേരും പാര്‍ട്ടിക്കൊപ്പമുണ്ട്. എല്ലാ സമുദായക്കാരുടെ പിന്തുണയും ബിഡിജെഎസിനുണ്ടെന്നും തുഷാര്‍ പറഞ്ഞു.
മദ്യഷാപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നത് പ്രായോഗികമല്ല. ടൂറിസമാണ് കേരളത്തിന്റെ പ്രധാനവരുമാന മാര്‍ഗമെന്നതിനാല്‍ വരാന്‍ പോവുന്ന മാസം പെന്‍ഷനോ, ശബളമോ കൊടുക്കാനാവില്ല. കേരളത്തിന്റെ നട്ടെല്ല് ഒടിക്കുന്ന കോടതി വിധിയാണത്. ലോകത്ത് ഒരിടത്തും മദ്യനിരോധനം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. മിക്ക ജില്ലകളും വിവിധ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് ലക്ഷ്യമിടേണ്ടത്. ബീഫ് കഴിക്കുന്നതിനോട് എതിരല്ല. കേരളത്തില്‍ എല്ലാ സമുദായത്തിലും ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. ഗോവധം നിരോധിക്കുകയോ, നിരോധിക്കാതിരിക്കുകയോ പാര്‍ട്ടിയുടെ നയമല്ല. ഓരോ പ്രദേശങ്ങളിലും
ഓരോ വിശ്വാസങ്ങളുണ്ട്. ബിജെപി ഭരിക്കുന്നതിന് മുമ്പ് തന്നെ പലസംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചിട്ടുണ്ട്. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വോട്ട് വിഹിതത്തില്‍ വലിയ മുന്നേറ്റമുണ്ടാവും. ബിജെപിയ്ക്ക് വോട്ടുകൂടുമെന്ന് വെളളാപ്പള്ളി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവാറില്ലെന്നും തുഷാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: