മാനന്തവാടി.നാല് കിണറുകളും ഒരു കുഴൽകിണറും ഉണ്ടായിട്ടും കുടിവെള്ളം ലഭിക്കാതെ നെടുമ്പാല കുന്ന് കോളനിവാസികൾ വെള്ളത്തിനായി നെട്ടോട്ടമൊടുന്നു.പനമരം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ നെടുമ്പാലകുന്ന് കോളനിയിലെ നാല് കിണറുകളില്‍ മൂന്നും ഉപയോഗശൂന്യം. അവശേഷിക്കുന്ന കിണറില്‍ വെള്ളം വറ്റാറായി. അമ്പതോളം കുടുംബങ്ങളിലായി 300 ഓളം പേരാണ് ഇവിടെ താമസിക്കുന്നത്. ഒരു കിണറിൽ മാത്രമാണ് പേരിനെങ്കിലും ദാഹജലം ഉള്ളത്, ഈ കിണറിൽ വെള്ളം ഊറിവരുന്നതും കാത്ത് കിണറരികിലാണ് ഏത് സമയവും ഇവിടെയുള്ള കുടുംബങ്ങൾ.ദൂരെയുള്ള വീടുകളിൽ വെള്ളത്തിനായി രാവിലെയും വൈകുന്നേരവും പോകുന്നതിനാൽ സ്ത്രീകൾക്ക് ജോലിക്ക് പോലും പോകാൻ കഴിയാത്ത സാഹചര്യമാണ്. അലക്കാനും മറ്റും ഓട്ടോറിക്ഷ വിളിച്ച് കനത്ത ചാർജ്ജും നൽകി കൊയിലേരി പുഴയിലേക്കാണ് പോകുന്നത്. മാസങ്ങൾക്ക് മുമ്പ് ഭൂഗർഭ ജലവിതരണ വകുപ്പ് സ്ഥാപിച്ച കുഴൽ കിണറും തീർത്തും ഉപയോഗശൂന്യമായ നിലയിലാണ്. കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും പഞ്ചായത്തധികൃതര്‍ കിണറുകള്‍ നന്നാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് കോളനിവാസികൾ ആരോപിച്ചു.. ഉള്ള കിണറുകളിൽ വെള്ളം ലഭിക്കാനായി കിണർ കുഴിക്കാനായി ഇറങ്ങിയ കോളനിയിലെ സുബ്രഹ്മണ്യൻ വീണ് കാലിനും കൈക്കും സാരമായി പരിക്കേറ്റിട്ടും യാതൊരു വിധ ചികിത്സ സഹായവും ലഭിച്ചില്ലെന്നും ഇവർ പറഞ്ഞു
കോളനിയിലെ ആദിവാസി കുടുംബങ്ങളും, സമീപവാസികളും ഇപ്പോള്‍ ആശ്രയിക്കുന്നത് വെള്ളം വറ്റാറായ ഒരു കിണറിനെയാണ്. വേനൽ കനത്തതോടെ ഈ കിണറിലെ വെള്ളവും വറ്റി തുടങ്ങിയിരിക്കുകയാണ്എന്നാല് ഇവിടെ ഉപയോഗരഹിതമായുള്ളത് മൂന്ന് കിണറുകളും, ഒരു കുഴല്‍ക്കിണറുമാണ് കടുത്തവേനല്‍ മുന്നില്‍ക്കണ്ട് പലതവണ കുടിവെള്ള സ്രോതസ്സുകള്‍ നന്നാക്കുന്നതിനായി വാര്‍ഡ് മെമ്പറടക്കമുള്ള പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആവശ്യത്തിലധികം കിണറുകളുണ്ടായിട്ടും വർഷങ്ങളായി തുടരുന്ന തങ്ങളുടെ ദുരിതത്തിന് എന്ന് പരിഹാരമാകുമെന്നാണ് കോളനിവാസികളുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: