കല്‍പ്പറ്റ: ഗുണനിലവാരമില്ലാത്ത കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത് പണം തട്ടിയതായി പരാതി. കമ്പളക്കാട് ഭുവനാരിക്കുന്നിലെ നിരവധി ആളുകളാണ് വഞ്ചിക്കപ്പെട്ടത്. പൂക്കോട് വെറ്ററിനറി കോളജിന്റെ മേല്‍നോട്ടത്തില്‍ ഉല്പാദിപ്പിച്ച കോഴിക്കുഞ്ഞുങ്ങളാണെന്നു പറഞ്ഞാണ് ഒരു യുവാവും യുവതിയും ഈ പ്രദേശത്ത് കയറിയിറങ്ങിയത്. യുവാവ് തന്റെ പേര് ഫൈസല്‍ ബാബു എന്നാണ് പറഞ്ഞിരുന്നത്. മുന്തിയ ഇനമാണെന്നു പറഞ്ഞ് അഞ്ച് കോഴിക്കുഞ്ഞുങ്ങള്‍ക്ക് 750 രൂപയാണ് സംഘം ഇടാക്കിയത്. അഡ്വാന്‍സ് കൈപ്പറ്റി പോയ സംഘം നാലു ദിവസം മുമ്പ് കോഴിക്കുഞ്ഞുങ്ങളെ നല്കി. ആദ്യ ദിവസം ഭൂരിഭാഗം ആളുകളുടെയും കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. തുടര്‍ന്ന് ഫൈസല്‍ ബാബു നല്കിയ മൊബൈല്‍ ഫോണിലേക്ക് ആളുകള്‍ വിളിച്ചപ്പോള്‍ നമ്പര്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതുവരെയായിട്ടും ഈ മൊബൈല്‍ ഫോണ്‍ ഓണ്‍ ആക്കിയിട്ടില്ല. ഇതോടെ നാട്ടുകാര്‍ക്ക് സംശയം ഇരട്ടിച്ചു. പുത്തന്‍പുരയില്‍ ജോയി, ജോര്‍ജ് നടുമുറ്റം, ഐക്കാടന്‍ മൊയ്തു, താളെക്കണ്ടി അഹമ്മദ്ക്കാ തുടങ്ങിയവരുടെ മുഴുവന്‍ കോഴിക്കുഞ്ഞുങ്ങളും ചത്തു. പോലീസില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: