കൊളത്തൂര്‍: വളപുരം മേഖലയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ധിക്കുന്നതായി പരാതി. അന്യസംസ്ഥാന തൊഴിലാളികളാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായും ഇടപെടുന്നത്. ലഹരിപദാര്‍ത്ഥങ്ങളുടെ വിതരണവും ഉപയോഗവും പണംവെച്ചുള്ള ചീട്ടുകളി, പലിശ ഇടപാട് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇവരെ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. കഴിഞ്ഞദിവസം രാത്രിയില്‍ വളപുരം അങ്ങാടിക്ക് സമീപത്തു നിന്നും പണം വെച്ച് ചീട്ടുകളിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളെ നാട്ടുകാര്‍ കയ്യോടെ പിടികൂടിയിരുന്നു. ജോലി തേടിയെന്ന പേരില്‍ സംസ്ഥാനത്തെ നാട്ടിന്‍പുറങ്ങളിലും മറ്റും തങ്ങുന്ന ഇവരില്‍ പലരും ക്രിമിനല്‍ പാശ്ചാത്തലമുള്ളവരാണ്. സ്വന്തം നാട്ടിലെ നിയമപാലകരുടെ കണ്ണ് വെട്ടിച്ചെത്തുന്നവരും കുറവല്ല . കുറഞ്ഞവേതനത്തില്‍ ജോലിചെയ്യുന്ന ഇവരുടെ വിവരങ്ങളൊന്നും തന്നെ ആരും തിരക്കാറില്ല. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലടക്കം ലഹരിപദ്ധാര്ത്ഥങ്ങളുടെ ഉപയോഗം ഗണ്യമായി വര്‍ധിച്ചതില്‍ അന്യസംസ്ഥാനക്കാരുടെ പങ്ക് ചെറുതല്ല. നാട്ടിന്‍പുറങ്ങളില്‍ പോലീസ് പട്രോളിംഗ് ഇല്ലാത്തത് ഇവര്‍ക്ക് പ്രചോദനമാകുന്നു. കൂടുതലും വളപുരം, ചെമ്മലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ താമസമാക്കിയിരിക്കുന്നത്. ഇവരിലെ ക്രിമിനല്‍ സ്വഭാവമുള്ളവരെ കണ്ടെത്താന്‍ നിയമപാലകരടക്കമുള്ള അധികൃതര്‍ മുന്നോട്ട് വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: