ലക്കിടി: വയനാട് പ്രസ്സ്ക്ലബ്ബും ഓറിയന്റല്‍ ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാധ്യമവിഭാഗവും സംയുക്തമായി സംഘടിപ്പിച്ച വയനാട് ചലച്ചിത്രോത്സവം സമാപിച്ചു. സമാപനസമ്മേളനം പ്രശസ്ത സിനിമാതാരം മാമുക്കോയ ഉദ്ഘാടനം ചെയ്തു. മലയാളസിനിമയില്‍ സൂപ്പര്‍സ്റ്റാറുകളെ ആശ്രയിക്കുന്ന കാലം കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. മലയാള സിനിമ ഇന്ന് നേരിടുന്ന പ്രധാനപ്രശ്നം നല്ല കഥകളുടെ ക്ഷാമമാണ്. സിനിമയില്‍ ഇന്ന് കഥക്ക് പ്രാധാന്യം ലഭിക്കുന്നില്ല. എന്നാല്‍ നല്ല കഥകളുള്ള സിനിമക്ക് മാത്രമെ നിലനില്‍പ്പുള്ളു. അതുകൊണ്ട് തന്നെ നല്ല കഥാകൃത്തുക്കള്‍ കടന്നുവരണം. മലയാളത്തില്‍ നല്ല കഥകള്‍ കണ്ടെത്തി സിനിമകളെടുക്കാന്‍ കോടികളുടെയോ സൂപ്പര്‍സ്റ്റാറുകളുടെയോ ആവശ്യമില്ല. നല്ല സിനിമകളുണ്ടാവണമെങ്കില് എഴുത്തുകാരന് നാട്ടുസംസ്ക്കാരങ്ങളുടെ ഗന്ധമുണ്ടാവണം. സാങ്കല്‍പ്പിക ലോകത്ത് നിന്ന് സിനിമയിലെടുത്താന് പണം നഷ്ടമാവും. നല്ല സന്ദേശങ്ങള്‍ നല്കുന്ന സിനിമകളുണ്ടാവണമെന്നും അവതരണ ഭംഗിയാണ് സിനിമയുടെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചലചിത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ യാനി മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം നേടി. മൈന്റ് ഗൈം ആണ് മികച്ച രണ്ടാമത്തെ ചിത്രം. ഓറിയന്റല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ എന്‍ കെ മുഹമ്മദ് അധ്യക്ഷനായിരുന്നു. എം കെ റോബിന്‍സ് മുഖ്യപ്രഭാഷണം നടത്തി. എന്‍ പി സജീഷ് ഷോര്‍ട്ട് ഫിലിം വിജയികളെ പ്രഖ്യാപിച്ചു. ചെലവൂര്‍ വേണു, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ഗിരീഷ് എ എസ്, വൈസ് പ്രിന്‍സിപ്പല്‍ വിനു ജോര്‍ജ്ജ്, സിയാവുദ്ദീന്, സി ഷൈജല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: