താനൂര്‍: തീരദേശത്തെ രാഷ്ട്രീയ സംഘര്‍ഷത്തിലും പോലീസ് അതിക്രമത്തിലും 1.40 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റവന്യൂവകുപ്പ് കണ്ടെത്തി. ഇന്നലെ മന്ത്രി കെ.ടി.ജലീലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിശദാംശങ്ങള്‍ റവന്യൂ വകുപ്പ് അധികൃതര്‍ സമര്‍പ്പിച്ചു. താനൂര്‍ വ്യാപാര ഭവനിലായിരുന്നു യോഗം. നാശനഷ്ടം സംബന്ധിച്ച റവന്യൂവകുപ്പിന്റെ കണക്ക് ഇപ്രകാരമാണ്. 95 വീടുകള്‍, 31 ഓട്ടോറിക്ഷകള്‍, 11 കാറുകള്‍, ആറു മിനിലോറികള്‍, 24 ബൈക്കുകള്‍, രണ്ട് ട്രക്കുകള്‍, രണ്ട് മിനിബസുകള് എന്നിവ ഭാഗികമായി നശിപ്പിക്കപ്പെട്ടു. ഒരു ഫൈബര്‍ വള്ളവും, 30 മത്സ്യബന്ധനവലകളും രണ്ട് മത്സ്യ ബന്ധന ഔട്ട് ബോര്‍ഡ് എന്‍ജിനുകളും നശിച്ചിട്ടുണ്ട്.
ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണക്കെടുപ്പ് നടത്തിയത്. യോഗം കണക്കുകള്‍ അംഗീകരിച്ചതോടെ നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. നഷ്ടങ്ങളുടെ വിശദാംശങ്ങള്‍ റവന്യൂവകുപ്പിനൊപ്പം പോലീസും ശേഖരിച്ചിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികളും നാശനഷ്ടം സംബന്ധിച്ച കണക്കെടുത്തിട്ടുണ്ട്. ഇവയും യോഗത്തില്‍ ചര്‍ച്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: