ആതവനാട്: പൊതുശ്മശാനത്തില്‍ മൃതദ്ദേഹം സംസ്ക്കരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് അധികൃതരുടെ വിലക്ക്. ആതവനാട് പഞ്ചായത്തിലാണ് സംഭവം. കുറുമ്പത്തൂര്‍ വലിയ കുന്നാരത്ത് നിരപ്പിലുള്ള ശ്മശാനത്തില്‍ പരിസരവാസിയായ മുളക്കത്തൊടി കാരിക്കുട്ടിയുടെ മൃതദ്ദേഹം സംസ്ക്കരിക്കാനെത്തിയപ്പോഴാണ് അധികൃതര്‍ തടസ്സം സൃഷ്ടിച്ചത്. തുടര്‍ന്ന് ബിജെപി, വിഎച്ച്പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് ഇവിടെ തന്നെ ബലമായി സംസ്കാര ചടങ്ങുകള്‍ നടത്തി ദഹിപ്പിച്ചു.
40 വര്‍ഷം മുമ്പാണ് വലിയ കുന്നാരത്ത് നിരപ്പില്‍ 50 സെന്റ് ശ്മശാനഭൂമി സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി ഇത് ഉപയോഗശൂന്യമായി കിടക്കുകയാണ്. ആദ്യകാലങ്ങളില്‍ മൃതദ്ദേഹം സംസ്ക്കരിക്കാന്‍ അനുവാദം ചോദിച്ചെത്തുന്നവരെ ഓരോ ന്യായങ്ങള്‍ പറഞ്ഞ് അധികൃതര്‍ മടക്കിയയക്കുകയാണ് പതിവ്. ഇന്നലെയും അതുതന്നെയാണ് സംഭവിച്ചത്. അനുമതി നിഷേധിച്ചതോടെ രോക്ഷാകുലരായ നാട്ടുകാര്‍ ഇവിടെ തന്നെ സംസ്കാരം നടത്തുമെന്ന വാശിയില്‍ അത് നിര്‍വഹിക്കുകയായിരുന്നു. എത്രയും വേഗം ഈ പ്രശ്നത്തിനൊരു പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: