താനൂര്‍: സിപിഎം-ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് നരനായാട്ട് നടത്തിയ താനൂര്‍ തീരദേശത്തെ ജനങ്ങള്‍ക്ക് സ്വാന്തനമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സന്ദര്‍ശനം നടത്തി.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അദ്ദേഹം സംഘര്‍ഷം നടന്ന ചാപ്പപ്പടി മേഖലയിലെത്തിയത്. സംഘര്‍ഷത്തില്‍ എല്ലാം നഷ്ടപ്പെട്ട നിസഹായരായ ജനങ്ങളുടെ സങ്കടങ്ങള്‍ നേരില്‍കണ്ടു. പലരും പൊട്ടിക്കരഞ്ഞാണ് തങ്ങളുടെ വിഷമതകള്‍ കുമ്മനത്തിന് മുന്നില്‍ അവതരിപ്പിച്ചത്. പോലീസ് അടിച്ചുതകര്‍ത്ത ഓരോ വീടുകളിലും അദ്ദേഹം പോയി. കണ്ണീരോടെ സ്ത്രീകളും കുട്ടികളും പറഞ്ഞ വിഷമങ്ങള്‍ അദ്ദേഹം കേട്ടു. ബിജെപി എപ്പോഴും കൂടെയുണ്ടാകുമെന്ന ഉറപ്പും തകര്‍ന്ന മനസുകള്‍ക്ക് ധൈര്യവും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സിപിഎമ്മിന്റെ അറിവോടെയാണ് പോലീസ് അഴിഞ്ഞാടിയതെന്നും പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ സാധാരണ ജീവിതം ദുസഹമാക്കികൊണ്ട് നടന്ന പോലീസ് നരനായാട്ട് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്, സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍, ദേശീയ സമിതിയംഗം പി.ടി.ആലിഹാജി, ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മെമ്പര്‍ അഡ്വ.ടി.ഒ.നൗഷാദ്, സംസ്ഥാന വൈസ് പ്രസിഡന്റ് നിര്‍മ്മല കുട്ടികൃഷ്ണന്, സംസ്ഥാന സമിതിയംഗളായ ബാദുഷാ തങ്ങള്‍, ഗീതാ മാധവന്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഷീബ ഉണ്ണികൃഷ്ണന് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: