പുതുക്കാട്: തലവണിക്കരയില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്തായ ജാര്‍ഖണ്ഡ് സ്വദേശിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. സിംഡേഗ സ്വദേശി സബക് കമ്ര (19)യാണ് അറസ്റ്റിലായത്. ഇതേ നാട്ടുകാരനായ ദിനനാഥ് മാന്‍ജി (31)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. തലവണിക്കരയില്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്തിനു സമീപം മദ്യപിച്ച് തര്‍ക്കിക്കുന്നതിനിടെ ദിനനാഥ് മാന്‍ജിയെ ഇയാള്‍ ഓടയിലേക്ക് തള്ളിയിടുകയായിരുന്നു. താഴെ വീണ് കഴുത്തിനു ഗുരുതരമായി പരിക്കേറ്റ ദിനനാഥ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. പണം കടം ചോദിച്ചിട്ട് നല്‍കാതിരുന്നതാണ് തള്ളിയിടാന്‍ പ്രകോപനമുണ്ടായതെന്ന് സബക് പോലീസിനോടു പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: