തിരൂര്‍: കുടിക്കാനും നിത്യോപയോഗത്തിനും തിരൂര്‍ നഗരത്തില്‍ വെള്ളമില്ലാതായതോടെ ടൗണില്‍ താമസിക്കുന്ന കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് ചേക്കേറുന്നു.
മുനിസിപ്പല്‍ വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള തിരൂര്‍ നഗരം, തൃക്കണ്ടിയൂര്‍, ചെറിയമുണ്ടം, പൊന്മുണ്ടം, തലക്കാട്, നിറമരുതൂര്‍, താനാളൂര്‍ പ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങിയിട്ട് ആഴ്ചകളായി.
ഭാരതപ്പുഴയില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് തിരുന്നാവായയില്‍ നിന്ന് പമ്പിംങ് നിലച്ചതാണ് ജലക്ഷാമം രൂക്ഷമാക്കിയത്. ഭാരതപ്പുഴയില്‍ നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. തിരൂരിലുള്ള വാട്ടര്‍ അതോറിറ്റി ടാങ്കില്‍ മുപ്പത്തിയൊന്നു ദശലക്ഷം വെള്ളം സൂക്ഷിക്കാന്‍ ചെയ്യാന്‍ കപ്പാസിറ്റിയുണ്ട്. ഭാരതപ്പുഴയില്‍ നിന്ന് വരുന്ന വെള്ളം ശുദ്ധീകരിച്ച് തുടര്‍ച്ചയായി ഇരുപത് മണിക്കൂര്‍ വിതരണം ചെയ്താലെ തിരൂര്‍ നഗരത്തിന് ആവശ്യമായ വെള്ളം കിട്ടുകയുള്ളു. ഇതിന്റെ സജീവ പ്രവര്‍ത്തനം ഏകദേശം നിലച്ചു, ഇപ്പോള്‍ വെറും അഞ്ച് മണിക്കൂര്‍ മാത്രമേ പമ്പ് ചെയ്യാനാകുന്നുള്ളു. അതും രണ്ട് മണിക്കൂര്‍ ഇടവിട്ടാണ് ചെയ്യുന്നത്.
അങ്കണവാടികളിലും സ്കൂളുകളിലും വെള്ളമില്ലാത്തത് വിദ്യാര്‍ത്ഥികളെയും വലക്കുന്നു.
എന്നാല്‍ ഈ ജലക്ഷാമം സ്വകാര്യ കുടിവെള്ള വിതരണക്കാര്‍ ശരിക്കും മുതലെടുക്കുകയാണ്. ആയിരം ലിറ്റര്‍ വെള്ളത്തിന് രണ്ടായിരവും അതിലിരട്ടിയുമാണ് ഇവര്‍ ഈടാക്കുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യുന്ന അവസ്ഥ ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ തിരൂര്‍ മേഖലയില്‍ വലിയൊരു ദുരന്തം തന്നെ അഭിമുഖീകരിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: