തിരൂര്‍: സാഹിത്യചര്‍ച്ചകളും സംവാദങ്ങളും കൊണ്ട് സജീവമായ മൂന്ന് ദിവസത്തെ സാഹിതി അന്തര്‍സര്‍വകലാശാല സാഹിത്യോത്സവത്തിന് തിരശ്ശീല വീണു. കഥാകാരിയും സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷയുമായ ഖദീജ മുംതാസ് സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു.
സമാപന ദിവസത്തെ ജീവിതം കേട്ടെഴുതുമ്പോള്‍, അരങ്ങിലെ ജീവിതം, വാക്കും വരയും എന്നീ സെഷനുകള്‍ പ്രതിനിധികള്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്നതായിരുന്നു. കേട്ടെഴുത്ത് സര്‍ഗ്ഗാത്മക രചന തന്നെയാണെന്നും സമൂഹത്തിന്റെ ഇരട്ടത്താപ്പുകള്‍ക്ക് ഇരയാവുന്നവരുടെ ശബ്ദമാണ് കേട്ടെഴുത്തിലൂടെ പുറത്തുവരുന്നതെന്നും ജീവിതം കേട്ടെഴുതുമ്പോള്‍ എന്ന സെഷനില്‍ പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. ആ നിലയില്‍ കേട്ടെഴുത്ത് രാഷ്ട്രീയപ്രവര്‍ത്തനവും സാമൂഹ്യ ദൗത്യവുമാണെന്ന് ശ്രീജിത്ത് പെരുന്തച്ചന്, താഹ മാടായി, പി.ടി. മുഹമ്മദ് സാദിഖ് എന്നിവര്‍ വ്യക്തമാക്കി. ഡോ. പി. ലാല്‍മോഹന്‍ മോഡറേറ്ററായിരുന്നു.
മലയാളത്തില്‍ സാഹിത്യകാരന്മാരെ പോലെ ചിത്രകാരന്മാര്ക്ക് അംഗീകാരം ലഭിച്ചിട്ടില്ലെന്ന് വാക്കും വരയും സെഷനില്‍ ആമുഖപ്രഭാഷണം നടത്തിക്കൊണ്ട് ചിത്രകാരന് സുധീഷ് കോട്ടേമ്പ്രം പറഞ്ഞു. ബിജു കാഞ്ഞങ്ങാട്, എം.പി. പ്രതീഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: