പാലക്കാട്: വിസ വാഗ്ദാനം ചെയ്ത് പണം തട്ടാന്‍ ഒഡിഷക്കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുക്കളായ പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തം കഠിന തടവും 20വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ.
വിദേശത്തേക്കു പോകാന്‍ വിസനല്‍കാമെന്നു വാഗ്ദാനം നല്കി വിസപ്പണം തട്ടിയെടുക്കാന്‍ കേരളത്തിലേയ്ക്കു വിളിച്ചു വരുത്തി കൊല്ലുകയായിരുന്നുവെന്നാണ് കേസ്.
ഒഡിഷ റായ്ഗഡ് കാശിപുര്‍ മൈക്കാഞ്ചാ പൈകുപാക്കല് കൊമിഷന് ബാഗ്(28), ലക്സ്മന്‍ സുന(28) എന്നിവര്‍ക്കാണ് അഡീഷണല്‍ സെഷന്‍സ് കോടതി മൂന്ന് ജഡ്ജി ശിക്ഷ വിധിച്ചത്.
ഒഡിഷ റായ്ഗഡ് പൈക്കുപാക്കല് സ്വദേശി കുസ്ദുര്ഗയുടെ മകന് വിക്രം നായക്(25) കൊല്ലപ്പെട്ട കേസിലാണ് വിധി. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക കഠിനതടവനുഭവിക്കണം.
2012ജൂണ്‍ 16നാണ് കേസിനാസ്പദമായ സംഭവം. പട്ടാമ്പിപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇരുപ്രതികളും വര്‍ഷങ്ങളായി കേരളത്തില്‍ കരിങ്കല്‍ ക്വാറി തൊഴിലാളികളായിരുന്നു. വിസ നല്‍കാമെന്നു വാഗ്ദാനം നല്കി വിക്രമിനെ പ്രതികള്‍ കേരളത്തിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. 40000രൂപയുമായി ഷൊര്‍ണൂരില്‍ എത്തിയ വിക്രമിനെ ഇരുവരും പിന്നീട് പട്ടാമ്പിയിലേക്കു കൊണ്ടുവരികയും പുഴയോരത്തെത്തിച്ച് കത്തികൊണ്ട് കുത്തിയും ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ചും കൊന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്.ജനനേന്ദ്രിയവും മുറിച്ചിരുന്നു. പിന്നീട് മൃതദേഹം പുഴയില്‍ തള്ളുകയായിരുന്നു. വിക്രമിന്റെ കൈയിലുണ്ടായിരുന്ന പണവും ഇരുവരും തട്ടിയെടുത്തു.
അന്നത്തെ പട്ടാമ്പി സിഐ കെ.എം ദേവസ്യ, എസ്ഐ ടി.എസ് ബിനു എന്നിവരാണ് കേസ് അന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: