തിരൂര്‍: മാതൃഭാഷ വലിയ സ്വത്താണെന്നും അത് തിരിച്ചറിയാത്തവര്‍ ഭാഷയെ സ്നേഹിച്ചില്ലെങ്കിലും വെറുക്കാതിരിക്കുകയെങ്കിലും ചെയ്യാനുള്ള സൗമനസ്യം കാണിക്കണമെന്ന് എഴുത്തുകാരന് സേതു. നാലാമത് ‘സാഹിതി’ അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തെ നശിപ്പിക്കുന്നത് കേരളത്തില്‍ ജീവിക്കുന്ന മലയാളികളാണ്. പുറത്തുള്ളവര്‍ കുറെയേറെ ഭാഷയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സാധാരണ മലയാളം സ്കൂളില്‍ പഠിച്ചാണ് ഞാന്‍ വളര്‍ന്നത്. എന്നിട്ടും പുറത്തുപോകുമ്പോള്‍ സമാന്യം ഇംഗ്ലീഷില്‍ സംസാരിക്കാന്‍ എനിക്ക് കഴിയുന്നുണ്ട്. ഇംഗ്ലീഷ് മീഡിയത്തില്‍ പോയി പഠിക്കാത്ത മാധവിക്കുട്ടി ഇംഗ്ലീഷില്‍ കവിതയെഴുതി. ഇന്ന് കുട്ടികളുടെ താത്പര്യം തടയുന്നത് മാതാപിതാക്കളാണ്. അനാവശ്യ താത്പര്യങ്ങള്‍ മക്കളില്‍ കുത്തിച്ചെലുത്തി മാതൃഭാഷയെയും സംസ്ക്കാരത്തെയും മറക്കാന്‍ പഠിപ്പിക്കുന്നത് രക്ഷിതാക്കളാണ്. തലമുറകളായി പകര്‍ന്നുപോയ സംസ്കാരത്തിന്റെ ബാക്കിപത്രമാണ് ഭാഷകള്‍. ലോകത്തെ 7000 ഭാഷകളില്‍ 196 ഭാഷകള്‍ അന്യംനിന്നു പോകുന്നതായാണ് കണക്ക്. യുനെസ്കോ പറയുന്നത് ഓരോ 14 ദിവസത്തിലും ഓരോ ഭാഷ മരിക്കുന്നുവെന്നാണ്. എല്ലാ രാജ്യത്തും ഭാഷാ ഭീഷണികള്‍ നിലവിലുണ്ട്. അറിഞ്ഞോ അറിയാതെയോ ഭാഷകള്‍ നശിപ്പിക്കപ്പെടുന്നു. വലിയ ഭാഷകള്‍ മാത്രം മതിയെന്നാണ് നിക്ഷിപ്ത- വ്യാപാര താത്പര്യക്കാര്‍ കരുതുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈസ് ചാന്‍സലര്‍ ഡോ.കെ. ജയകുമാര്‍ അദ്ധ്യക്ഷനായി. പി.കെ.രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. ഐക്യകേരളത്തിന്റെ 60 വര്‍ഷങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് 60 സാഹിത്യകാരന്മാരുടെ അപൂര്‍വ്വ ചിത്രങ്ങളുമായി പുനലൂര്‍ രാജന് ഒരുക്കുന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും സേതു നിര്‍വഹിച്ചു. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നും കോളേജുകളില്‍ നിന്നും സാഹിത്യവിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സാഹിത്യപ്രവര്‍ത്തകരുമായി എഴുന്നൂറോളം പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. നാല്പതോളം സാഹിത്യകാരന്മാര് പങ്കെടുക്കുന്ന മേളയുടെ ഭാഗമായി സര്ഗസംവാദങ്ങള്ക്കൊപ്പം സാഹിത്യരചനാ മത്സരങ്ങള്‍, സാഹിത്യ ക്വിസ്, ഡോക്യുമെന്ററി പ്രദര്‍ശനം, ഗസല്‍ സന്ധ്യ, പുസ്തകോത്സവം എന്നിവ നടക്കും.
ഇന്ന് രാവിലെ 9.30ന് രംഗശാലയില്‍ ‘സാഹിത്യ നിരൂപണത്തിന് എന്ത് സംഭവിക്കുന്നു’ വിഷയത്തില്‍ ചര്‍ച്ച നടക്കും. സി.ആര് പ്രസാദ്, കെ.എം.അനില്‍ പങ്കെടുക്കും. ‘നോവലും ജീവിതവും’ വിഷയത്തെ അധികരിച്ച് നടക്കുന്ന ചര്‍ച്ചയ്ക്ക് പെരുമ്പടവം ശ്രീധരന് നേതൃത്വം നല്‍കും. നാരായന്, ജി.ആര് ഇന്ദുഗോപന്, സുരേഷ് പി തോമസ് എന്നിവര്‍ പങ്കെടുക്കും. 1.30ന് ‘നോവലിലെ പെണ്‍വഴികള്‍’ ചര്‍ച്ചയില്‍ ലിസി, രതീദേവി, സംഗീതാ ശ്രീനിവാസന് തുടങ്ങിയവര്‍ സന്നിഹിതരാവും. വൈകീട്ട് നാലിന് സാഹിത്യ പ്രശ്നോത്തരി നടക്കും. ചിത്രശാലയിലെ വേദിയില്‍ ‘കാവ്യസംഭാഷണം’ പരിപാടിയില്‍ കല്‍പ്പറ്റ നാരായണന്, ടി.പി. രാജീവന് എന്നിവരുണ്ടാകും.
‘എഴുത്തിലെ ജലഭൂപടങ്ങള്‍’ എന്ന ചര്‍ച്ചയില്‍ പി.എഫ്. മാത്യൂസ്, കെ.എ. സെബാസ്റ്റ്യന്‍, ജോണി മിറാന്‍ഡ എന്നിവര്‍ പങ്കെടുക്കും. അഞ്ചിന് ‘ആറ്റൂര്‍ രവിവര്‍മ്മയെക്കുറിച്ചുള്ള ആറ്റൂര്‍: നേര്‍കാണല്‍’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. കളിപ്പന്തല്‍ വേദിയില്‍ നടക്കുന്ന കാവ്യസന്ധ്യയില്‍ ഏഴാച്ചേരി രാമചന്ദ്രന്, ഗിരീഷ് പുലിയൂര്, അനില്‍ പനച്ചൂരാന്, പി. രാമന്, ദിവാകരന് വിഷ്ണുമംഗലം, ഡോ. രോഷ്നി സ്വപ്ന, എസ്. കലേഷ് തുടങ്ങിയവര്‍ കവിത ആലപിയ്ക്കും. കലാശാലയിലെ തിയേറ്റര്‍ ക്ലബ്ബ് ഒരുക്കുന്ന ‘വെയിലിന് അന്ന് നല്ല ചൂടായിരുന്നു’ എന്ന നാടകം അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: