പാണ്ടിക്കാട്: സ്വന്തമായി വീടില്ലാത്ത കൂട്ടുകാരന് സ്നേഹവീടൊരുക്കി ചെമ്പ്രശേരി എയുപി സ്കൂളിലെ അദ്ധ്യാപക-വിദ്യാര്‍ത്ഥി കൂട്ടായ്മ. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ലയേഷിന് ആനക്കോട് ഹരിജന്‍ കോളനിയിലാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്.
ലയേഷിന്റെ അച്ഛന് ഗിരീശനും അമ്മ അമ്മിണിയും കൂലിപ്പണി ചെയ്താണ് മക്കളെ പഠിപ്പിക്കുന്നത്. സഹോദരിമാരില്‍ ഒരാള്‍ക്ക് മാനസിക വളര്‍ച്ചയുമില്ല. ലയേഷിന്റെ ദുരിതമറിഞ്ഞ അദ്ധ്യാപകരും മാനേജ്മെന്റും വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് 3.5 ലക്ഷം രൂപ സമാഹരിച്ചാണ് വീട് നിര്‍മ്മാണം ആരംഭിച്ചത്.
ലസാഘു എന്ന സിനിമ തിയറ്ററുകളിലെത്തിച്ച മിടുക്കന്മാരാണ് ചെമ്പ്രശേരി എയുപി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. രോഗിയായ അമ്മയെ ശുശ്രൂഷിക്കാനായി വിശ്രമമില്ലാതെ അധ്വാനിക്കുന്ന ലസാഗു എന്ന് വിളിപ്പേരുള്ള വിനോദായിരുന്നു സിനിമയിലെ കേന്ദ്രകഥാപാത്രം. അവന് സ്കൂളിന്റെ ചുവരില്‍ എഴുതിയിടുന്ന ചോദ്യങ്ങള്‍ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വ്യത്യസ്ഥമായ ജീവിത മുഹൂര്‍ത്തങ്ങളിലേക്ക് നയിക്കുന്നു. ക്ലാസില്‍ വല്ലപ്പോഴുമെത്തുന്ന വിനോദാണ് ഇത് ചെയ്യുന്നത് എന്നറിയുമ്പോള്‍ എല്ലാവരും അമ്പരക്കുന്നു. വിനോദിന്റെ ജീവിതദുരിതം തിരിച്ചറിയുന്ന വിദ്യാലയക്കൂട്ടായ്മ അവന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരംകാണാന്‍ പുറപ്പെടുന്നു. കൂട്ടായ്മ അവന് വീടുവച്ച് നല്കി അമ്മയുടെ ചികിത്സ ഏറ്റെടുക്കുന്നു. ലസാഗുവിന് സ്നേഹവീട് സമര്‍പ്പിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ലയേഷിന് വീട് ലഭിക്കുന്നതോടെ സാമൂഹ്യപ്രതിബദ്ധത ജീവിതത്തിലേക്കും പകര്‍ത്തിയിരിക്കുകയാണ് ഈ കുരുന്നുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: