തിരുവല്ല: കൃഷിയിറക്കി രണ്ട് മാസം പിന്നിടുമ്പോഴും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു.സുസ്ഥിര നെല്‍വികസന പദ്ധതി, ആര്.കെ.വി.വൈ. എന്നിവപ്രകാരം ലഭിക്കേണ്ട സബ്സിഡികള്‍ ഒന്നും തന്നെ ഇതുവരെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നടപടിയെ പഴിച്ച് രക്ഷപെടാനാണ് കൃഷിവകുപ്പ് ശ്രമിക്കുന്നത്.എന്നാല്‍ പത്തനംതിട്ട ജില്ലക്ക് പുറത്തുള്ള കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.സമയബന്ധിതമായി പ്രാദേശിക കൃഷിഭവനുകളില്‍ നിന്ന് സബ്സീഡി സംബന്ധിച്ച് വിവരശേഖരണം നടത്താഞ്ഞതാണ് ആനുകൂല്യങ്ങള്‍ വൈകാന്‍ കാരണമാകുന്നത്.
പട്ടാളുപുഴുവും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച വരള്‍ച്ചയും ജില്ലയിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായ അവസ്ഥയിലാണ് സര്‍ക്കാര്‍ സംവിധാനങ്ങളും നെല്‍കൃഷിയെ കൈവിടുന്നത്.അപ്പര്‍കുട്ടനാട് ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ കൃഷിയിറക്കിയ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ് കടന്ന് പോകുന്നത്. കൂലി, വളം, കീടനാശിനി തുടങ്ങിയവയ്ക്കുളള സബ്സിഡി എന്നിവയൊക്കെയാണ് ലഭിക്കാനുള്ളത്. നെല്‍ച്ചെടിക്ക് അറുപത് ദിവസം പ്രായമായി. മിക്കയിടത്തും രണ്ടാം വളവുമിട്ടു. ഇത്രമായിട്ടും ആനുകൂല്യങ്ങളുടെ പ്രഖ്യാപനം മുറപോലെ നടന്നതല്ലാതെ സഹായം എങ്ങുമെത്തിയില്ല. സര്‍ക്കാര്‍ നെല്‍കൃഷിക്ക് സഹായങ്ങള്‍ നല്‍കുന്നത്. ഇതില്‍ ഉഴവുകൂലി ഹെക്ടറിന് ആറായിരംരൂപ വീതമാണ് കൊടുക്കേണ്ടത്.
മിക്കവരും ട്രാക്ടര്‍ ഉപയോഗിച്ച് ഏക്കറുക്കണക്കിന് പാടശേഖരങ്ങള്‍ ഉഴവുനടത്തിയത് കടം വാങ്ങിയാണ്. മണിക്കൂറിന് എണ്ണൂറുരുപ വരെ കൂലി നല്‍കിയിരുന്നു.കഴിഞ്ഞ വര്‍ഷത്തെ ഉല്പാദന ബോണസ്സും നല്‍കിയിട്ടില്ല. ഹെക്ടറിന് ആയിരം രൂപയാണ് നല്‍കുന്നത്. പാടത്തെ പണിക്കായി തൊഴിലാളികളെ ഒന്നോ രണ്ടോ ദിവസമേ നിര്‍ത്താന്‍ കഴിയൂ.പതിനഞ്ചും ഇരുപതും പേരുവരെ ഇതിനായി നിര്‍ത്തേണ്ടി വരുന്നുണ്ട്. നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം, കവിയൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകരാണ് സര്‍ക്കാര്‍ സഹായം കാത്തുകഴിയുന്നത്. രണ്ടാം കൃഷിക്ക് ലഭ്യമായിരുന്ന ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.ആലപ്പുഴ ജില്ലയിലെ കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നു. കുട്ടനാട് പാക്കേജില്പ്പെടുത്തിയ പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളിലാണ് ആനുകൂല്യം വൈകുന്നത്.ഭൂമി ശാസ്ത്രപരമായി കുട്ടനാട്ടില്‍ കിടക്കുന്ന പഞ്ചായത്തുകളാണിവ. മുന്‍പ് ആലപ്പുഴ ജില്ലയുടെ ഭാഗവുമായിരുന്നു ഈ പഞ്ചായത്തുകള്‍ ജില്ല മാറിയതിന്റെ പേരിലാണ് ആനുകൂല്യം മുടങ്ങുന്നത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: